Tuesday, January 28, 2014

ആശങ്ക പാര്‍ട്ടിശത്രുക്കള്‍ക്ക്: പിണറായി

പാനൂര്‍: കണ്ണൂരില്‍ ബിജെപി വിട്ട് ആയിരങ്ങള്‍ സിപിഐ എമ്മിനോട് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് സംസ്ഥാനത്താകെ സിപിഐ എമ്മിന് അനുകൂലമായ പ്രതികരണമുണ്ടാക്കുമെന്ന് മനസ്സിലാക്കിയവരാണ് ഈ കൂടിച്ചേരലില്‍ ആശങ്കപ്പെടുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. അതാണ് ഇവിടെ നടക്കാന്‍ പാടില്ലാത്തതെന്തോ നടക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെ ആശങ്കപ്പെടുന്നവരില്‍ അങ്ങേയറ്റത്ത് തീവ്ര വലതുപക്ഷക്കാര്‍ മുതല്‍ ഇങ്ങേയറ്റത്ത് കപട ഇടതുപക്ഷക്കാര്‍ വരെയുണ്ട്. സിപിഐ എം തകര്‍ന്നുകാണാന്‍ ആഗ്രഹിക്കുന്നവരാണിവരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച മുന്‍ ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സ്വീകരണം നല്‍കാന്‍ പാനൂരില്‍ ചേര്‍ന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി മുന്‍ ദേശീയ സമിതി അംഗവും ജില്ലാ പ്രസിഡന്റുമായിരുന്ന ഒ കെ വാസു, മുന്‍ ജില്ലാ സെക്രട്ടറി എ അശോകന്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ടായിരത്തിലേറെ പ്രവര്‍ത്തകരാണ് സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. പാനൂര്‍ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന സമ്മേളനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

ഒ കെ വാസുവും എ അശോകനുമൊന്നും ബിജെപി പുറത്താക്കിയതുകൊണ്ട് സിപിഐ എമ്മിനൊപ്പം വന്നവരല്ല: അവര്‍ ബിജെപി ബന്ധം ഉപേക്ഷിച്ച് വന്നവരാണെന്ന് പിണറായി ഓര്‍മ്മിപ്പിച്ചു. ആ വ്യത്യാസം മറച്ചുവെച്ചാണ് വ്യാജപ്രചരണം. അത്തരം ഒരു നിലപാടിലേക്കെത്താന്‍ വലിയ തോതിലുള്ള ചിന്തയുണ്ട്. ഒരുദിവസം പെട്ടെന്ന് അവര്‍ ബന്ധം ഉപേക്ഷിക്കുകയല്ല ചെയ്തത്. ഇവര്‍ മാത്രമല്ല ഒട്ടേറെപ്പേര്‍ ഇങ്ങനെ സിപിഐ എമ്മിനൊപ്പം വരികയാണ്. ഇത് വലതുശക്തികള്‍ക്ക് വെപ്രാളം ഉണ്ടാക്കുന്നുണ്ട്- അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ സിപിഐ എം കേന്ദ്രക്കമ്മിറ്റി അംഗം ഇ പി ജയരാജന്‍ അധ്യക്ഷനായി. കേന്ദ്രക്കമ്മിറ്റി അംഗം കെ കെ ശൈലജ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വി ജയരാജന്‍. പി സതീദേവി തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി ജയരാജന്‍ സ്വാഗതം പറഞ്ഞു. സമ്മേളനത്തില്‍ പങ്കെടുത്ത ബിജെപിയുടെ ജില്ലാമണ്ഡലംപഞ്ചായത്ത്വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തിച്ച നേതാക്കളെയും പ്രവര്‍ത്തകരെയും രക്തഹാരമണിയിച്ച് സ്വീകരിച്ചു.

deshabhimani

No comments:

Post a Comment