Thursday, January 30, 2014

ജമാ അത്തെ ഇസ്ലാമി ഭരണഘടന ദേശവിരുദ്ധം

കൊച്ചി: ജമാ അത്തെ ഇസ്ലാമിയുടെ ഭരണഘടന ദേശവിരുദ്ധചിന്തകള്‍ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. രാജ്യത്തിന്റെ ഭരണഘടനയെയും നിയമങ്ങളെയും അവഹേളിക്കുന്നതും ജനാധിപത്യസംവിധാനത്തെ ചോദ്യംചെയ്യുന്നതുമാണ് ജമാ അത്തെ ഇസ്ലാമിയുടെ ഭരണഘടനയിലെ വ്യവസ്ഥകളെന്ന് ആഭ്യന്തരവകുപ്പ് അണ്ടര്‍സെക്രട്ടറി മേരി ജോസഫ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ജമാ അത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ സര്‍ക്കാര്‍സംവിധാനത്തിലോ ജുഡീഷ്യറിയിലോ സ്ഥാനമാനങ്ങള്‍ വഹിക്കരുതെന്നും അവ ഉപേക്ഷിക്കണമെന്നും അവരുടെ ഭരണഘടന നിഷ്കര്‍ഷിക്കുന്നു. ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളിലല്ലാതെ അനിസ്ലാമിക കോടതികളെ സമീപിക്കരുതെന്നും ജമാ അത്തെ ഇസ്ലാമിയുടെ 1957ലെ ഭരണഘടന അനുശാസിക്കുന്നു. ഇസ്ലാമികരാഷ്ട്രം പടുത്തുയര്‍ത്തുകയാണ് ജമാഅത്തെ ഇസ്ലാമിയുടെ ആത്യന്തികലക്ഷ്യം.

കൂടാതെ ഇസ്ലാമിക മൗലികവാദ സംഘടനകളായ എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, മൈനോറിറ്റി വാച്ച്, ഐഎസ്ഒ, വഗാദന്തി ഇസ്ലാമി എന്നീ സംഘടനകള്‍ ജമാ അത്തെ ഇസ്ലാമിയുടെ ആശയങ്ങള്‍ പിന്തുടരുന്നവയാണ്. സംഘടനയുടെ പ്രവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സംഘടനയുടെ പ്രവര്‍ത്തനം രാജ്യദ്രോഹപരമാണെന്നോ പ്രസിദ്ധീകരണങ്ങള്‍ ദേശവിരുദ്ധചിന്തകള്‍ പ്രോത്സാഹിപ്പിക്കുന്നതാണെന്നോ നിഗമനത്തില്‍ എത്താന്‍ പര്യാപ്തമായ തെളിവുകള്‍ പൊലീസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ അന്വേഷണത്തില്‍ ലഭിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

ഇടതുപക്ഷ തീവ്രവാദ സംഘടനകളുമായും വര്‍ഗീയസംഘടനകളായ പോപ്പുലര്‍ ഫ്രണ്ട്, ഡിഎച്ച്ആര്‍എം എന്നിവയുമായും യോജിച്ചുപ്രവര്‍ത്തിക്കുന്ന രീതിയാണ് ജമാ അത്തെ ഇസ്ലാമിയുടേത്. സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ഈ സംഘടനകളുമായി യോജിച്ച് പ്രക്ഷോഭത്തില്‍ ഏര്‍പ്പെടുന്നതായും ആഭ്യന്തരവകുപ്പ് ചൂണ്ടിക്കാട്ടി. ദേശീയപാത വീതികൂട്ടല്‍, വ്യാജ ഇ-മെയില്‍ വിവാദം, തീവ്രവാദപ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിനെതിരായ പ്രക്ഷോഭം എന്നിവയുമായി ബന്ധപ്പെട്ട സമരങ്ങള്‍ ഇതിനുതെളിവായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ജമാ അത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കൊച്ചി സ്വദേശി അബ്ദുള്‍സമദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലം.

സംഘടനയുടെ പ്രസിദ്ധീകരണങ്ങള്‍ രാജ്യദ്രോഹം പ്രോത്സാഹിപ്പിക്കുന്നതാണെന്നും അവ നിരോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. ജമാ അത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യദ്രോഹപരമാണെന്ന് കണ്ടെത്തിയാല്‍ നിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ജമാ അത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണവിഭാഗമായ ഇസ്ലാമിക് പബ്ലിഷിങ് ഹൗസിന്റെ പ്രസിദ്ധീകരണങ്ങള്‍ പരിശോധനയ്ക്കു വിധേയമാക്കിയതായും സര്‍ക്കാര്‍ വ്യക്തമാക്കി. 97 പുസ്തകങ്ങള്‍ പരിശോധിച്ചതില്‍ 14 എണ്ണം രാജ്യദ്രോഹപരമായ ആശയങ്ങള്‍ അടങ്ങുന്നതും മതസ്പര്‍ധ വളര്‍ത്തുന്നതുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവ നിരോധിക്കുന്നതിനാവശ്യമായ നിയമനടപടികള്‍ പുരോഗമിക്കുകയാണെന്നും ആഭ്യന്തരവകുപ്പ് കോടതിയെ അറിയിച്ചു.

deshabhimani

No comments:

Post a Comment