Wednesday, January 22, 2014

ആരോപണങ്ങള്‍ പൊളിഞ്ഞു: പിണറായി

ടി പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് സിപിഐ എമ്മിനെതിരെ കെട്ടിപൊക്കിയ നീചമായ ആരോപണങ്ങള്‍ എല്ലാം പൊളിഞ്ഞതായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ആഭ്യന്തരമന്ത്രിയുടെ അടക്കം നേതൃത്വത്തില്‍ സിപിഐ എമ്മിനെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയാണ് പാര്‍ടിക്കാരെ പ്രതികളാക്കിയത്. കൊലപാതകത്തില്‍ പങ്കില്ലെന്ന് സിപിഐ എം തുടക്കം മുതലെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ പാര്‍ട്ടി പൂര്‍ണ്ണമായും കുറ്റവിമുക്തമാക്കപ്പെട്ടിരിക്കുന്നു.

കേസിന്റെ തുടക്കത്തില്‍ അന്നത്തെ ഡിജിപി പറഞ്ഞത് കൊലപാതകത്തിന് പിന്നില്‍ വ്യക്തിപരമായ കാര്യമാണെന്നാണ്. എന്നാല്‍ ആ പ്രസ്താവന തിരുത്തിയ അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഇത് രാഷ്ട്രീയ കൊലപാതകമാണെന്ന് പറഞ്ഞത്. തുടര്‍ന്നാണ് 76 പേരെ കേസില്‍ പ്രതികളാക്കിയത്. ഇതില്‍ കാരായി രാജനടക്കം 20 പേരെ വിചാരണക്കിടെ തെളിവില്ലെന്ന കാരണത്താല്‍ കോടതി വിട്ടയച്ചു. കുറ്റപത്രം കേള്‍പ്പിക്കുന്നതിന് മുന്നേ 2 പേരെ ഒഴിവാക്കിയിരുന്നു. സിപിഐ എമ്മിന്റെ നേതാവായ കെ കെ രാഗേഷ് അടക്കം 15 പേര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിചാരണ സ്റ്റേ ചെയ്തിരിക്കയാണ്. പിന്നീട് കോടതിക്ക് മുന്നിലുള്ള 36 പ്രതികളില്‍ 12 പേരെയാണ് ഇപ്പോള്‍ കുറ്റക്കാരായി കണ്ടെത്തിയത്. മറ്റ് 24 പേരെയും വിട്ടയച്ചു.

കേസിന്റെ പ്രാരംഭം മുതലേ കൂടുതല്‍ വിമര്‍ശനമുയര്‍ന്നിരുന്ന കോഴിക്കോട് ജില്ല സെക്രട്ടറിയറ്റ് അംഗം പി മോഹനന്‍ അടക്കമുള്ളവരെ കോടതി വെറുതെ വിട്ടിരിക്കയാണ്. പാര്‍ടി പ്രവര്‍ത്തകരായ കെ കെ കൃഷ്ണന്‍, പനയങ്കണ്ടി രവീന്ദ്രന്‍ എന്നിവരെയും വെറുതെ വിട്ടു. പി കെ കുഞ്ഞനന്തന്‍ , കെ സി രാമചന്ദ്രന്‍ തുടങ്ങിയവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ പാര്‍ടിക്കാര്‍. പൂര്‍ണമായ വിധി വന്നശേഷം മറ്റ് കാര്യങ്ങള്‍ ആലോചിക്കുമെന്നും പിണറായി പറഞ്ഞു.

No comments:

Post a Comment