Friday, January 31, 2014

ആഗ്രഹിക്കുന്ന വിധിക്കുവേണ്ടിയുള്ള അന്വേഷണം നിയമവിരുദ്ധം: പിണറായി

ചെര്‍പ്പുളശേരി: കോടതികളില്‍നിന്ന് ആഗ്രഹിക്കുന്ന വിധി വന്നില്ലെങ്കില്‍ ആഗ്രഹപ്രകാരമുള്ള അന്വേഷണം നടത്തുന്നത് നിയമവ്യവസ്ഥയുടെ ലംഘനമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഈ രീതി അരാജകത്വത്തിലേക്ക് നയിക്കും. ചെര്‍പ്പുളശ്ശേരിക്കടുത്ത് നെല്ലായ, പട്ടാമ്പിക്കടുത്ത് പടി ഞ്ഞാറേ കൊടുമുണ്ട എന്നിവിടങ്ങളില്‍ സിപിഐ എം ലോക്കല്‍ കമ്മിറ്റി ഓഫീസുകള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഐ എമ്മിനെ തകര്‍ക്കാന്‍ യുഡിഎഫ് ജനാധിപത്യവിരുദ്ധനടപടി സ്വീകരിക്കുകയാണ്. ലാവ്ലിന്‍ കേസില്‍ യുഡിഎഫ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം പൂര്‍ത്തിയായപ്പോള്‍ ആഗ്രഹിച്ച ഫലമല്ല. ഉടന്‍ സിബിഐ അന്വേഷിക്കണമെന്നായി. ഇതാണോ സാധാരണരീതി. ചന്ദ്രശേഖരന്‍ കേസില്‍ സിപിഐ എമ്മിനെ ശരിയാക്കണമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കേന്ദ്ര സഹമന്ത്രിയുമൊക്കെ തീരുമാനിച്ചു. 76 പ്രതികളെ സൃഷ്ടിച്ചു. ശിക്ഷിച്ചത് 12 പേരെ. യുഡിഎഫിന്റെ ഉത്തരവാദപ്പെട്ടവര്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നിരിക്കുന്നു. അന്വേഷിച്ച് കുറ്റപത്രം നല്‍കിയ കേസ് മറ്റൊരു ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ നിയമവ്യവസ്ഥ അനുവദിക്കുന്നില്ല. പുതിയ തെളിവുണ്ടെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കോടതിയില്‍ പറയാം. മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞാല്‍ നിയമമാവില്ല.

ഇടതുപക്ഷത്തിനെതിരെ പ്രത്യേകിച്ച് സിപിഐ എമ്മിനെതിരെ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ കെട്ടിച്ചമച്ച് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്്. കെട്ടിച്ചമച്ച പ്രചാരണം പൊളിയുമ്പോള്‍ ആ വാര്‍ത്ത പൂര്‍ണമായും തിരസ്കരിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് പടിഞ്ഞാറന്‍ ബംഗാളിലെ നന്ദിഗ്രാം ഇടതു സര്‍ക്കാരിന്റെ മനുഷ്യത്വവിരുദ്ധമുഖമായി ചിത്രീകരിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്. അവിടെ അക്രമം നടത്തിയത് തൃണമൂല്‍ കോണ്‍ഗ്രസും നക്സലുകളും ചേര്‍ന്നാണെന്ന് സിബിഐ അന്വേഷണത്തില്‍ വെളിവായി. എന്നാല്‍, ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചാനലുകളും ദേശീയ വാര്‍ത്താമാധ്യമങ്ങളും തയ്യാറായില്ല. ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഗുണ്ടകള്‍ വോട്ടര്‍മാരെ ആട്ടിയോടിച്ച് വോട്ട് ചെയ്തത് ആരും വാര്‍ത്തയാക്കിയില്ല. കോണ്‍ഗ്രസിനെ ജനങ്ങള്‍ കൈവിട്ടു. നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടി ബിജെപി കേന്ദ്രത്തില്‍ അധികാരം നേടുമെന്ന് പ്രചരിപ്പിക്കുന്നുണ്ട്. 72 സീറ്റ് മാത്രമാണ് ഈ നാല് സംസ്ഥാനങ്ങളിലുള്ളത്. പ്രാദേശിക പാര്‍ടികളാണ് മിക്ക സംസ്ഥാനങ്ങളിലും പ്രബലം. തെരഞ്ഞെടുപ്പിനുശേഷം പ്രാദേശിക കക്ഷികളുടെ കൂട്ടുകെട്ടാണ് ഇന്ത്യ ഭരിക്കാന്‍ പോകുന്നത്. അതില്‍ എല്‍ഡിഎഫിന് മുഖ്യപങ്കുണ്ടാവും- പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment