Friday, January 31, 2014

അബ്ദുള്ളക്കുട്ടി എഴുതി നിറച്ചത് പെരും നുണ

കണ്ണൂര്‍: കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ എ പി അബ്ദുള്ളക്കുട്ടി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പരാമര്‍ശിച്ച് എഴുതിയത് പച്ചക്കള്ളം. ലേഖനത്തില്‍ പറയുന്ന ദിവസം (2008 മാര്‍ച്ച് 5) കണ്ണൂരില്‍ മുഖ്യമന്ത്രി പങ്കെടുത്ത് സമാധാനയോഗമേ നടന്നിട്ടില്ല. അബ്ദുള്ളക്കുട്ടി അന്ന് കണ്ണൂരില്‍ ഉണ്ടായിരുന്നുമില്ല. പിണറായി വിജയനും അന്ന് കണ്ണൂരിലില്ല.

2008 മാര്‍ച്ച് ആദ്യവാരം കണ്ണൂരില്‍ സിപിഐ എമ്മുമായി ആര്‍എസ്എസ്-ബിജെപി സംഘര്‍ഷമുണ്ടാക്കിയിരുന്നു. 2007 നവംബര്‍ മുതല്‍ ആര്‍എസ്എസ്- ബിജെപി നേതൃത്വം ജില്ലയില്‍ ഏകപക്ഷീയമായി നടത്തിയ അക്രമപരമ്പര മാര്‍ച്ച് അഞ്ചിന് സ്ഫോടനാത്മകതലത്തിലേക്ക് നീങ്ങുകയായിരുന്നു. അന്നു പകല്‍ മൂന്നോടെ സിപിഐ എം പ്രവര്‍ത്തകനും ഓട്ടോ തൊഴിലാളിയുമായ രഞ്ജിത്തിനെ തലശേരി നഗരമധ്യത്തില്‍ ആര്‍എസ്എസ്- ബിജെപി ക്രിമിനല്‍ സംഘം ഓട്ടോ തടഞ്ഞ് വെട്ടിക്കൊന്നു. നാലു മാസത്തിനിടെ നടന്ന അഞ്ചാമത്തെ ഏകപക്ഷീയമായ അരും കൊല. കാറില്‍ സ്കൂള്‍ വിദ്യാര്‍ഥികളുമായി പോയ എരഞ്ഞോളി കൊടക്കളത്തെ സുധീര്‍കുമാറിനെ വകവരുത്തി 2007 നവംബര്‍ അഞ്ചിനാണ് കൊലപാതക പരമ്പരക്ക് ആര്‍എസ്എസ്സും ബിജെപിയും തുടക്കം കുറിച്ചത്. കാര്‍ തടഞ്ഞ് പിഞ്ചുകുഞ്ഞുങ്ങള്‍ക്കുമുന്നിലിട്ടാണ് സുധീര്‍കുമാറിനെ വെട്ടിക്കൊന്നത്. നവംബര്‍ ഒമ്പതിന് പൊന്ന്യം നാമത്ത്മുക്കിലെ പാറായി പവിത്രന്‍, 2008 ജനുവരി 12ന് അഴീക്കോട് മീന്‍കുന്നിലെ എം ധനേഷ്, ജനുവരി 26ന് തലശേരി നങ്ങാറത്ത് പീടികയിലെ കെ പി ജിജേഷ് എന്നിവരെയും കൊലപ്പെടുത്തി. ഒരു പ്രകോപനവുമില്ലാതെ അഞ്ചാമത്തെ സഖാവും വടിവാളിനിരയായതോടെ നാട് ഇളകി. അന്നുതന്നെ രണ്ട് ആര്‍എസ്എസ്സുകാര്‍ കൊല്ലപ്പെട്ടു. തുടര്‍ന്നുള്ള മൂന്നു ദിവസങ്ങളില്‍ ഇരുഭാഗത്തുമായി നാലു പേര്‍ക്കുകൂടി ജീവഹാനി.

ന്യൂഡല്‍ഹിയില്‍ സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുകയായിരുന്ന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ എത്തി 2008 മാര്‍ച്ച് ഒമ്പതിന് ചര്‍ച്ച നടത്തിയാണ് സമാധാനം പുനഃസ്ഥാപിച്ചത്. പയ്യാമ്പലത്തെ ഗവ. ഗസ്റ്റ് ഹൗസിലായിരുന്നു ചര്‍ച്ച. അബ്ദുള്ളക്കുട്ടി ലേഖനത്തില്‍ പറയുന്നതുപോലെ മാര്‍ച്ച് അഞ്ചിന് കലക്ടറേറ്റില്‍ സര്‍വകക്ഷി സമാധാനയോഗം ചേര്‍ന്നിട്ടില്ല. സമാധാന യോഗത്തില്‍ എടുക്കേണ്ട നിലപടിനെക്കുറിച്ചു ചര്‍ച്ചചെയ്യാന്‍ പിണറായിയുടെ സാന്നിധ്യത്തില്‍ അഴീക്കോടന്‍ മന്ദിരത്തില്‍ യോഗം ചേര്‍ന്നുവെന്നതും കല്ലുവച്ച നുണ. സിപിഐ എമ്മിനെ പ്രതിനിധീകരിച്ച് ഗസ്റ്റ് ഹൗസ്യോഗത്തിലെ സമാധാനയോഗത്തിന് എത്തിയത് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്‍, ജില്ലാ സെക്രട്ടറി പി ശശി, എം വി ജയരാജന്‍, കെ കെ നാരായണന്‍, സി കൃഷ്ണന്‍ എന്നിവരാണ്. കേന്ദ്ര കമ്മിറ്റി യോഗമായതിനാല്‍ പി കരുണാകരന്‍ എംപി ഡല്‍ഹിയിലായിരുന്നു. വടകര എംപിയായിരുന്ന പി സതീദേവിയും എത്തിയിരുന്നില്ല. കണ്ണൂര്‍ എംപിയായിരുന്ന അബ്ദുള്ളക്കുട്ടി സമാധാനയോഗത്തിലേക്ക് തിരിഞ്ഞുനോക്കിയതുപോലുമില്ല.

അവാസ്തവം: കെ സുരേഷ് കുറുപ്പ്

തിരു: എ പി അബ്ദുള്ളക്കുട്ടി എംഎല്‍എ വീക്ഷണം പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ തന്നെക്കുറിച്ച് നടത്തിയ പരാമര്‍ശം തികച്ചും വാസ്തവവിരുദ്ധമാണെന്ന് കെ സുരേഷ്കുറുപ്പ് എംഎല്‍എ അറിയിച്ചു. ലേഖനത്തില്‍ പരാമര്‍ശിക്കുന്ന ചര്‍ച്ച നടന്നിട്ടില്ല. സിപിഐ എമ്മിനും സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമെതിരെയുള്ള അപവാദപ്രചാരണങ്ങളുടെ ഭാഗമാണ് ഇതെന്നും പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment