Thursday, January 30, 2014

അന്ന് കുടുംബകലഹം; ഇന്ന് ഗൂഢാലോചന

മലപ്പുറം: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ കോടതിവിധിയുടെ പേരില്‍ സിപിഐ എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പാടുപെടുന്ന യുഡിഎഫും വലതുപക്ഷ മാധ്യമങ്ങളും കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ സ്വീകരിച്ചത് ഇരട്ടത്താപ്പ്. ടി പി കേസില്‍ ശിക്ഷിക്കപ്പെട്ടവരിലെ സിപിഐ എം ഏരിയാ കമ്മിറ്റി അംഗത്തിന്റെ പേരില്‍ സിപിഐ എമ്മിനെ കരിവാരിത്തേക്കാന്‍ ശ്രമിക്കുന്നവര്‍ കുനിയില്‍ കൊലപാതകക്കേസില്‍ ലീഗ് ഏറനാട് മണ്ഡലം സെക്രട്ടറി പാറമ്മല്‍ അഹമ്മദ്കുട്ടിയെ ജയിലിലടച്ചപ്പോള്‍ മൗനംപൂണ്ടു. ലീഗ് നേതൃത്വത്തിന്റെ അറിവോടെ നടപ്പാക്കിയ കൊലപാതകം കുടുംബകലഹമാക്കി ചിത്രീകരിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്.

സംഭവം നടക്കുമ്പോള്‍ ലീഗ് ഏറനാട് മണ്ഡലം സെക്രട്ടറിയായിരുന്ന അഹമ്മദ്കുട്ടിയുടെ പ്രസംഗമാണ് ഗൂഢാലോചനയിലെ പ്രധാന തെളിവ്. ലീഗ് പ്രവര്‍ത്തകന്‍ അത്തീഖ് റഹ്മാന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 20ന് യൂത്ത് ലീഗ് സംഘടിപ്പിച്ച പൊതുയോഗത്തിലാണ് അഹമ്മദ്കുട്ടി വിവാദപ്രസംഗം നടത്തിയത്. അത്തീഖിന്റെ കൊലപാതകികളെ വകവരുത്താന്‍ തീരുമാനിച്ചതായും മുജീബിനെ ആ ദൗത്യം ഏല്‍പ്പിച്ചതായും പ്രസംഗത്തിലുണ്ട്. 50 മിനുട്ട് ദൈര്‍ഘ്യമുള്ള പ്രസംഗം പൊലീസിന് ലഭിച്ചതോടെയാണ് ഇയാള്‍ പ്രതിചേര്‍ക്കപ്പെട്ടത്. കൊലപാതകത്തെക്കുറിച്ച് പി കെ ബഷീര്‍ എംഎല്‍എക്ക് അറിവുണ്ടായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി. എഫ്ഐആര്‍ പ്രകാരം കേസില്‍ ആറാംപ്രതിയാണ് ബഷീര്‍. ഗൂഢാലോചന, കൊലപാതകപ്രേരണ, വധഭീഷണി എന്നിവയാണ് (141, 143, 147, 148) ഇദ്ദേഹത്തിന്റെ പേരില്‍ ചുമത്തിയത്. ഗൂഢാലോചനയില്‍ എംഎല്‍എയുടെ പങ്ക് വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു. കൊലപാതകത്തിന്ന് ഒരാഴ്ച മുമ്പ് ബഷീര്‍ നടത്തിയ പ്രസംഗത്തില്‍ കൊളക്കാടന്‍ കുടുംബത്തെ വകവരുത്തുമെന്ന പരാമര്‍ശമുണ്ടായിരുന്നു. കൊലപാതകം നടന്ന രാത്രിയിലും പിറ്റേദിവസവും അഹമ്മദ്കുട്ടി ബഷീറിനെ നിരന്തരം ഫോണില്‍ വിളിച്ചതായും കണ്ടെത്തി. ബഷീറിനെ രണ്ടുതവണ പൊലീസ് ചോദ്യംചെയ്തെങ്കിലും രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. അന്വേഷണസംഘം തലവനായ ഡിവൈഎസ്പി എം പി മോഹനചന്ദ്രനെ കാസര്‍ക്കോട്ടേക്ക് സ്ഥലംമാറ്റുകയും ചെയ്തു.

ലീഗ് കൃത്യമായ പദ്ധതി തയ്യാറാക്കിയാണ് കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ട കൊളക്കാടന്‍ അബൂബക്കറിന്റെ മകന്‍ അജുവിനെ വധിക്കാനാണ് ആദ്യശ്രമം നടന്നത്. 2012 മെയ് 23നായിരുന്നു ഇത്. അജുവിനെ പിന്തുടരാന്‍ സാധിക്കാത്തതിനാല്‍ ശ്രമം പാളി. കൊല്ലപ്പെട്ട ആസാദിനെ വധിക്കാനുള്ള ആദ്യശ്രമവും പരാജയപ്പെട്ടു. 2012 ജൂണ്‍ 10ന് മൂന്നാമത്തെ ശ്രമത്തിലാണ് കുനിയില്‍ അങ്ങാടിയില്‍ സഹോദരങ്ങളായ ആസാദും അബൂബക്കറും വധിക്കപ്പെട്ടത്. കേസില്‍ ലീഗ് നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ 21 പേരെയാണ് പൊലീസ് പ്രതിചേര്‍ത്തത്. ഇതില്‍ ഒരാളെക്കൂടി പിടികൂടാനുണ്ട്. ഇയാള്‍ വിദേശത്താണ്.

deshabhimani

1 comment:

  1. Indirectly you say that ML killed two cpm.. so we killed TP. hence all are solved. no more case...

    ReplyDelete