Thursday, January 23, 2014

സുനന്ദയുടെ മരണം "അബദ്ധമാക്കാന്‍" നീക്കം

കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ ദുരൂഹമരണം അബദ്ധത്തില്‍ മരുന്ന് അമിതമായി കഴിച്ചതിനാലാണെന്ന് വരുത്താന്‍ ഡല്‍ഹി പൊലീസ് നീക്കം തുടങ്ങി. ആത്മഹത്യയോ കൊലപാതകമോ ആണെന്ന ആരോപണം സുനന്ദയുടെ അടുത്ത ബന്ധുക്കളാരും ഉന്നയിക്കാത്ത സാഹചര്യത്തില്‍ നടപടി എളുപ്പമാകുമെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘം. തരൂര്‍ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം വ്യക്തമാക്കിയതോടെ എത്രയും വേഗം നടപടികള്‍ അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. അന്വേഷണം തൃപ്തികരമല്ലെന്ന ആരോപണങ്ങള്‍ക്ക് തടയിടാന്‍ തരൂരിനെ ചോദ്യംചെയ്യാനായി വിളിപ്പിക്കുമെങ്കിലും കേസെടുക്കില്ലെന്ന് സരോജനി നഗര്‍ പൊലീസ് സ്റ്റേഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. കൊലപാതകം, ആത്മഹത്യ, അപകടമരണം എന്നിങ്ങനെ സബ്ഡിവിഷണല്‍ മജിസ്ട്രേട്ട് നിര്‍ദേശിച്ച മൂന്ന് സാധ്യതകളും പരിശോധിക്കുമെന്നാണ് പൊലീസ് ഔദ്യോഗികമായി അറിയിക്കുന്നത്.

സുനന്ദയുടെ മരണത്തില്‍ അസ്വഭാവികതയൊന്നുമില്ലെന്ന നിലപാടായിരുന്നു തുടക്കം മുതല്‍ പൊലീസിന്റെത്. ഇത് എത്രയും വേഗം സ്ഥാപിച്ചെടുക്കാനാകും ശ്രമം. മജിസ്ട്രേട്ട് നിര്‍ദേശിച്ച അപകടമരണമെന്ന സാധ്യതയിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയെന്ന ഉത്തരവാദിത്തമാണ് പൊലീസിനുള്ളത്. ആത്മഹത്യയാണെന്ന് കണ്ടെത്തിയാലും തരൂരിന് നിയമപ്രശ്നങ്ങള്‍ നേരിടേണ്ടിവരും. സുനന്ദയുടെ മരണത്തിന് മുമ്പ് ഇരുവരും സ്വരച്ചേര്‍ച്ചയില്‍ അല്ലായിരുന്നുവെന്നതിന് തെളിവുകളുണ്ട്. മരണത്തിന്റെ തലേന്നും ഇരുവരും വഴക്കടിച്ചുവെന്ന് തരൂരിന്റെ സഹായി നാരായണ്‍ദാസിന്റെ മൊഴിയുമുണ്ട്. സുനന്ദയുടെ ഇരുകൈകളിലുമായി പന്ത്രണ്ടിലേറെ മുറിപ്പാടുകളുമുണ്ടായിരുന്നു. കവിളില്‍ പോറലുമുണ്ട്. ഈ തെളിവുകളെല്ലാം കണക്കിലെടുക്കുമ്പോള്‍ മരണം ആത്മഹത്യയെന്ന് വന്നാല്‍ തരൂരിനെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കേണ്ടി വരും. സുനന്ദ മരിക്കുന്നതിന് മുമ്പും ശേഷവും നാരായണ്‍ദാസ് പലവട്ടം മുറിയില്‍ കയറിയതായി ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് കണ്ടെത്തിയതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. വൈകിട്ട് നാലോടെ മരണം സംഭവിച്ചുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരണം പുറത്താകുന്നത് രാത്രി എട്ടോടെ മാത്രമാണ്. നാരായണ്‍ദാസ് പലവട്ടം മുറിക്കുള്ളില്‍ കയറിയിട്ടും മരണം അറിഞ്ഞില്ലെന്ന വാദത്തില്‍ അസ്വഭാവികതകളുണ്ട്. ഇതിനിടെ തരൂര്‍ വീണ്ടും തിരുവനന്തപുരത്ത് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടനവധി സന്ദേശങ്ങള്‍ വരുന്നതായി മന്ത്രിയുടെ ഓഫീസ് അവകാശപ്പെട്ടു.

എം പ്രശാന്ത് deshabhimani

No comments:

Post a Comment