Tuesday, January 28, 2014

കേരളം തട്ടിപ്പുകാരുടെ താവളം

കേരളം തട്ടിപ്പുകാരുടെ താവളമായി മാറിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍. സാമ്പത്തികത്തട്ടിപ്പുകളില്‍ കേരളം രാജ്യത്ത് രണ്ടാംസ്ഥാനത്ത് എത്തിയതായി ചെന്നിത്തല നിയമസഭയെ രേഖാമൂലം അറിയിച്ചു. ദേശീയ ക്രൈംറെക്കോഡ്സ് ബ്യൂറോയുടെ കണക്ക് ഉദ്ധരിച്ചാണ് വെളിപ്പെടുത്തല്‍. ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത കാലത്തെ കണക്കാണ് ചെന്നിത്തല നിയമസഭയില്‍ വച്ചത്. 880.24 കോടി രൂപയാണ് ഈ തട്ടിപ്പുകളിലൂടെ നഷ്ടമായത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 6506 സാമ്പത്തികത്തട്ടിപ്പ് കേസ് രജിസ്റ്റര്‍ചെയ്തു.

കൂടുതല്‍ കേസ് എറണാകുളം ജില്ലയിലാണ്-1720. രണ്ടാംസ്ഥാനത്ത് തൃശൂരാണ്-1298. കുറവ് ഇടുക്കിയില്‍-മൂന്ന് കേസ്. തലസ്ഥാനജില്ലയില്‍- 423, കൊല്ലം- 489, പത്തനംതിട്ട- 400, ആലപ്പുഴ- 345, കോട്ടയം- 233, പാലക്കാട്- 195, മലപ്പുറം- 343, കോഴിക്കോട്- 366, വയനാട്- 389, കണ്ണൂര്‍- 255, കാസര്‍കോട്- 108 സോളാര്‍ വൈദ്യുതിയുമായി ബന്ധപ്പെട്ട് 22 തട്ടിപ്പുകേസുണ്ട്. ബ്ലേഡ് മാഫിയ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 73 പരാതി ലഭിച്ചു.

ബ്ലേഡ് മാഫിയകള്‍ക്കെതിരെ കഴിഞ്ഞവര്‍ഷം 843 കേസുണ്ട്. രണ്ടരവര്‍ഷത്തിനിടെ 928 കൊലപാതകമുണ്ടായി. 35,243 സ്ത്രീപീഡനവും 2950 ബലാത്സംഗവും രജിസ്റ്റര്‍ചെയ്തു. 1376 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു. പട്ടികജാതി- വര്‍ഗക്കാര്‍ക്കുനേരെ 2394 അതിക്രമമുണ്ടായി. തലസ്ഥാനജില്ലയാണ് ഇതില്‍ മുന്നില്‍- 233 കേസ്. കൊല്ലം- 229, എറണാകുളം- 215 എന്നിവയാണ് തൊട്ടടുത്ത്. 6863 മോഷണക്കേസും 496 കവര്‍ച്ചക്കേസും രജിസ്റ്റര്‍ചെയ്തു. 834 ക്ഷേത്ര- ദേവാലയ കവര്‍ച്ചകള്‍ പരാതിയായെത്തി. മോഷ്ടാക്കളുടെ ആക്രമണത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു. 39 പേര്‍ക്ക് പരിക്കേറ്റു. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ പട്ടികയില്‍ 4158 കേസുണ്ട്. 13,31,635 കുറ്റകൃത്യം രജിസ്റ്റര്‍ചെയ്തു. കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, ഇ പി ജയരാജന്‍, കെ രാധാകൃഷ്ണന്‍, കെ സുരേഷ്കുറുപ്പ്, എ പ്രദീപ്കുമാര്‍, സാജുപോള്‍, കെ കുഞ്ഞമ്മദ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ആഭ്യന്തരമന്ത്രി ഈ കാര്യങ്ങള്‍ അറിയിച്ചത്. പൊലീസ് സേനയിലെ 850 പേര്‍ ക്രിമിനല്‍ കേസില്‍ പ്രതികളാണെന്ന് ബാബു എം പാലിശേരിക്ക് മറുപടി ലഭിച്ചു.

ദേശാഭിമാനി

No comments:

Post a Comment