Wednesday, January 1, 2014

നെടുമ്പാശ്ശേരി സ്വര്‍ണ്ണം കള്ളക്കടത്ത് സംശയനിഴലില്‍ എംഎല്‍എ

തൃശൂര്‍: നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണം കള്ളക്കടത്തില്‍ തൃശൂര്‍ ജില്ലയിലെ യുവ കോണ്‍ഗ്രസ് എം എല്‍ എയ്ക്ക് നേരിട്ടു പങ്കുള്ളതായി കസ്റ്റംസിന് സൂചന ലഭിച്ചു. നെടുമ്പാശ്ശേരിയില്‍ എത്തിക്കുന്ന സ്വര്‍ണ്ണം 'എം എല്‍ എ' എന്ന ബോര്‍ഡുവച്ച കാറിലാണ് പതിവായി തൃശൂരിലും സമീപപ്രദേശങ്ങളിലും എത്തിക്കുന്നതെന്നതിന് അധികൃതര്‍ക്ക് തെൡവ് ലഭിച്ചിട്ടുണ്ട്.
ഒരു മാസം മുമ്പ് നെടുമ്പാശ്ശേരിയില്‍ പിടിച്ച കള്ളക്കടത്ത് സ്വര്‍ണ്ണം തൃശൂരിലെ ട്രിച്ചൂര്‍ ജ്വല്ലേഴ്‌സിലേക്കുള്ളതായിരുന്നുവെന്ന് കസ്റ്റംസ് നേരെത്ത വെളിപ്പെടുത്തിയിരുന്നു. ഈ ജ്വല്ലറിയുടെ പാര്‍ട്ണറുടെ ഉടമസ്ഥതയിലുള്ള കെ എല്‍ 08 എ വി-1441 എന്ന നമ്പറുള്ള ഇന്നോവ കാറിലാണ് 'എം എല്‍ എ' ബോര്‍ഡ് വച്ച് സ്വര്‍ണം കടത്തിക്കൊണ്ടിരുന്നത്. സംശയത്തിന്റെ നിഴലിലുള്ള എം എല്‍ എ പല സന്ദര്‍ഭങ്ങൡലും കാറിലുണ്ടായിരുന്നതിനാല്‍ പരിശോധനകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇവര്‍ക്ക് കഴിഞ്ഞു.

മോട്ടോര്‍ വാഹന വകുപ്പിന്റെ രേഖകള്‍ പ്രകാരം കാറിന്റെ ഉടമസ്ഥാവകാശം കൊരട്ടി സ്വദേശി പുതുശേരി വീട്ടില്‍ ആന്റോ വര്‍ഗീസ് എന്നയാളുടേതാണ്.  തൃശൂര്‍ നഗരപ്രദേശ മണ്ഡലത്തിലെ യുവകോണ്‍ഗ്രസ് എം എല്‍ എയാണ് ഈ കാര്‍ എം എല്‍ എ ബോര്‍ഡ് വെച്ച് പതിവായി ഉപയോഗിക്കുന്നത്.

സംശയത്തിന്റെ നിഴലിലുള്ള ട്രിച്ചൂര്‍ ജ്വല്ലേഴ്‌സിന്റെ സഹോദര സ്ഥാപനമായ തൃശൂരിലെ 'പ്യുവര്‍ ഗോള്‍ഡ് ജ്വല്ലറി'യുടെ മാനേജിങ് പാര്‍ട്ണര്‍ കൂടിയായ  ഇയാളുടെ സ്ഥാപനത്തിന്റെ വിലാസത്തിലാണ് വാഹനത്തിന്റെ ഓണര്‍ഷിപ്പ്. എം എല്‍ എയുമായി ചങ്ങാത്തമുള്ളതും വിദേശത്ത് നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതിയുമായ വടക്കന്‍ റാഫിയുടെ അടുത്ത ബന്ധുവാണ് ആന്റോ വര്‍ഗീസ്. ഇവരുടെ സാങ്കേതത്തില്‍ പതിവായി കാണുന്ന കാറില്‍ രാത്രിയും പകലുമെന്നില്ലാതെ സ്വര്‍ണം കൊണ്ടുവരാറുണ്ടെന്നാണ് വിവരം. എംഎല്‍എ ബോര്‍ഡുള്ള കാറായതിനാല്‍ പൊലീസ് പരിശോധന ഇല്ലെന്നത് കള്ളക്കടത്തുകാര്‍ക്ക് സഹായകമായി.

വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടത്തും മുമ്പാണ് കഴിഞ്ഞ മാസം ട്രിച്ചൂര്‍ ജ്വല്ലേഴ്‌സിന്റെ സ്വര്‍ണ്ണം പിടികൂടിയത്. നെടുമ്പാശേരി വഴി നിരവധി തവണയായി കിലോ കണക്കിന് സ്വര്‍ണ്ണം തൃശൂരിലെത്തിയതായി കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കുന്നു. തൃശൂരിലെ ചെറുതും വലുതുമായ വ്യാപാര കേന്ദ്രങ്ങളിലേക്ക് ഇതേ ഇന്നോവ വഴി സ്വര്‍ണ്ണ കടത്ത് നടന്നിരിക്കാമെന്ന സംശയവുമുണ്ട്. നെടുമ്പാശേരിയില്‍ വിവിധ ഘട്ടങ്ങളിലായി പിടിച്ചെടുത്ത സ്വര്‍ണ്ണത്തില്‍ അധികവും തൃശൂരിലേക്കായിരുന്നെന്നാണ് കസ്റ്റംസ് റിപ്പോര്‍ട്ട്.

അതേസമയം, എംഎല്‍എ ബോര്‍ഡ് വച്ച കാറിന് സ്വര്‍ണ്ണകടത്തുകാരുമായി ബന്ധമുണ്ടെന്ന കാര്യം പൊലീസ് ഇതുവരെ പരിശോധിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം 2011 ജൂണ്‍ 27നാണ് കാര്‍ ആന്റോയുടെ പേരില്‍ നിപ്പോണ്‍ മോട്ടോര്‍ കോര്‍പ്പറേഷനില്‍ നിന്ന് വാങ്ങിയിട്ടുള്ളത്. നെടുമ്പാശേരിയില്‍ നിന്ന് ഇവരുടെ സ്വര്‍ണ്ണം പിടിച്ചെടുത്തശേഷവും അന്വേഷണമുണ്ടായില്ല. എംഎല്‍എമാര്‍ക്ക് സ്വന്തമായി വാഹനം വാങ്ങുന്നതിന് പ്രത്യേകം ലോണ്‍ സംവിധാനമുള്‍പ്പടെയുള്ളപ്പോള്‍ സ്വര്‍ണ്ണ വ്യാപാരിയുടെ പേരിലുള്ള വാഹനം ഉപയോഗിക്കുന്നതാണ് എംഎല്‍എയെ സംശയത്തിന്റെ നിഴലിലാക്കിയത്.

കള്ളക്കടത്ത് സംഭവം വെളിച്ചത്തുവന്നശേഷവും എം എല്‍ എയുടെ യാത്ര ഇതേ വാഹനത്തില്‍ തന്നെയാണ്.

വല്‍സന്‍ രാമംകുളത്ത് janayugom

No comments:

Post a Comment