Sunday, January 26, 2014

സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി യോഗം അംഗീകരിച്ച പ്രമേയം

26-01-2014 ൽ ചേര്‍ന്ന സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി യോഗം അംഗീകരിച്ച പ്രമേയം

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കോഴിക്കോട്‌ സ്‌പെഷ്യല്‍ അഡീഷണല്‍ ജഡ്‌ജ്‌ വിധി പ്രഖ്യാപിച്ചതോടെ സി.പി.ഐ (എം) നെ വേട്ടയാടിയവരെല്ലാം കടുത്ത നിരാശയിലായി. സി.പി.ഐ (എം) ന്‌ ചന്ദ്രശേഖരനോട്‌ വിരോധമുണ്ടാകാന്‍ പ്രോസിക്യൂഷന്‍ ആരോപിക്കുന്ന കാരണങ്ങള്‍ 2009 ലെ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ പി. സതീദേവിയുടെ പരാജയവും പി. മോഹനന്‍ മാസ്റ്ററെ വധിക്കാന്‍ ശ്രമിച്ചതിലുള്ള വിരോധവും ആയിരുന്നു എന്നാണ്‌. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട്‌ ഗൂഢാലോചനയ്‌ക്കുള്ള കാരണങ്ങളായി ഇവ കോടതി സ്വീകരിച്ചില്ല. സ. പി. മോഹനന്‍ മാസ്റ്റര്‍ക്കെതിരെ പ്രോസിക്യൂഷനും പാര്‍ടി വിരുദ്ധ ശക്തികളും ഗൂഢാലോചനക്കുറ്റം ചുമത്താന്‍ വലിയതോതില്‍ ശ്രമിച്ചെങ്കിലും, ഗൂഢാലോചന ആരോപണം വിശ്വസിക്കത്തക്കതല്ലെന്ന്‌ കോടതി എടുത്തുപറയുകയുണ്ടായി. ഗൂഢാലോചനയുടെ കേന്ദ്രമായി ആരോപിച്ചിരുന്നത്‌ ഓര്‍ക്കാട്ടേരി ടൗണിലെ പടയംകണ്ടി രവീന്ദ്രന്റെ പൂക്കടയായിരുന്നു. പൂക്കട ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന്‌ കഴിഞ്ഞില്ലെന്നും ആയതിനുവേണ്ടി ഹാജരാക്കിയ സാക്ഷികളും തെളിവുകളും വിശ്വസനീയമല്ലെന്നുമാണ്‌ കോടതിയുടെ നിഗമനം. 2012 ഫെബ്രുവരി 24-ന്‌ കുഞ്ഞനന്തന്റെ വീട്ടിലും ഗൂഢാലോചന നടന്നുവെന്ന്‌ പ്രോസിക്യൂഷന്‍ ആരോപിച്ചെങ്കിലും വിശ്വസനീയമല്ലെന്നു കണ്ട്‌ അതു സംബന്ധിച്ചുള്ള തെളിവുകളും സാഹചര്യങ്ങളും സ്വീകാര്യമല്ലെന്ന്‌ കോടതി കണ്ടെത്തി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട്‌ സി.പി.ഐ (എം) നെ വേട്ടയാടാന്‍ യു.ഡി.എഫ്‌ ഗവണ്‍മെന്റും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനെപ്പോലുള്ളവരും പ്രത്യേക താല്‍പ്പര്യമെടുത്ത്‌ വഴിവിട്ട രീതിയില്‍ അന്വേഷണ ടീമിനെ ഉപയോഗിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി നിരവധിപേരെ കസ്റ്റഡിയിലെടുക്കുകയും പലരെയും ഭീകരമായി മര്‍ദ്ദിക്കുകയും ചെയ്‌തു. പ്രതികളെ 14 ദിവസത്തേക്ക്‌ പോലീസ്‌ കസ്റ്റഡിയില്‍ വാങ്ങി. പോലീസ്‌ കസ്റ്റഡിയില്‍വച്ച്‌ ചിലരെക്കൊണ്ട്‌ പാര്‍ടി നേതാക്കളുടെ പേര്‌ പറയിപ്പിക്കാനുള്ള സമ്മര്‍ദ്ദം ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥന്മാരില്‍നിന്ന്‌ തന്നെയുണ്ടായി. അഭിഭാഷകര്‍ക്കുപോലും പ്രതികളെ സന്ദര്‍ശിക്കാന്‍ കഴിയാതെ വന്നപ്പോള്‍ കോടതി ഇടപെട്ടാണ്‌ അനുമതി ലഭിച്ചത്‌. അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ കോണ്‍ഗ്രസ്‌ നേതൃത്വം അന്വേഷണത്തില്‍ ഇടപെടുകയുണ്ടായി. അന്നത്തെ ആഭ്യന്തരമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും ഉന്നത പോലീസ്‌ ഉദ്യോഗസ്ഥന്മാരും ഗസ്റ്റ്‌ ഹൗസില്‍ ഗൂഢാലോചന നടത്തിയത്‌ ആ ഘട്ടത്തില്‍ വന്‍ വിവാദമായിരുന്നു. 284 പേരുടെ സാക്ഷി പട്ടികയും 76 പേരുടെ പ്രതിപ്പട്ടികയുമായാണ്‌ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചത്‌.

76 പ്രതികളില്‍ രണ്ടുപേരെ വിചാരണയ്‌ക്ക്‌ ആവശ്യമായ പ്രാഥമികമായ തെളിവുപോലും ഇല്ലെന്ന്‌ കണ്ട്‌ കോടതി വെറുതെ വിട്ടു. സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അംഗമായ സ: കെ.കെ. രാഗേഷ്‌ അടക്കമുള്ള 15 പേര്‍ ഡിസ്‌ചാര്‍ജ്ജിനായി ഹൈക്കോടതിയെ സമീപിച്ചു. 15 പേര്‍ക്കും എതിരെയുള്ള വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്‌തു. സ: സി.എച്ച്‌. അശോകന്‍ രോഗബാധിതനായി വിചാരണയ്‌ക്കിടെ മരണപ്പെട്ടു. പ്രോസിക്യൂഷന്‍ സാക്ഷികളുടെ വിചാരണ പൂര്‍ത്തിയായതിനുശേഷം യാതൊരു തെളിവും ലഭിക്കാതെ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗം സ: കാരായി രാജനടക്കം 20 പേരെ വിചാരണ കോടതി വെറുടെ വിട്ടു. രണ്ടുപേരെ പിടികിട്ടാതിരുന്നതിനാല്‍ ബാക്കിയുള്ള 36 പേരാണ്‌ അവസാന വിചാരണ നേരിട്ടത്‌. പാര്‍ടി കോഴിക്കോട്‌ ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗം സ: പി. മോഹനന്‍ മാസ്റ്റര്‍, കൂത്തുപറമ്പ്‌ ഏരിയാ സെക്രട്ടറി സ: ധനഞ്‌ജയന്‍, ഒഞ്ചിയം ഏരിയാകമ്മിറ്റി അംഗം സ: കെ.കെ. കൃഷ്‌ണന്‍ എന്നിവരടക്കം 24 പേരെ തെളിവില്ലെന്നു കണ്ട്‌ കോടതി വിട്ടയച്ചു. സി.പി.ഐ (എം) നെ തകര്‍ക്കാന്‍ ആഗ്രഹിച്ച്‌ നടന്നവര്‍ക്കെല്ലാം ഈ വിധി കടുത്ത നിരാശ ഉണ്ടാക്കിയത്‌ സ്വാഭാവികമാണ്‌. അതാണ്‌ മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ള കോണ്‍ഗ്രസ്‌ നേതാക്കളുടെയും ആര്‍.എം.പിയുടെയും മറ്റ്‌ പാര്‍ടി വിരുദ്ധ ശക്തികളുടെയും പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്‌. ഇതിന്റെ ഭാഗമായാണ്‌ ആര്‍.എം.പിയുടെ നേതാവുകൂടിയായ രമയുടെ നിരാഹാരസത്യാഗ്രഹ പ്രഖ്യാപനവും സി.ബി.ഐ അന്വേഷണ ആവശ്യവും ഉയര്‍ന്നിരിക്കുന്നത്‌.

തങ്ങള്‍ ആഗ്രഹിക്കുന്ന വിധത്തില്‍ പ്രതികളാക്കപ്പെട്ടവര്‍ ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍ ശിക്ഷിപ്പിക്കുന്നതുവരെ അന്വേഷണവും തുടര്‍നടപടികളും ഉണ്ടാകുമെന്നാണ്‌ മുല്ലപ്പള്ളി രാമചന്ദ്രനെപ്പോലുള്ള കോണ്‍ഗ്രസ്‌ നേതാക്കളും മറ്റ്‌ സി.പി.ഐ (എം) വിരുദ്ധരും പ്രഖ്യാപിക്കുന്നത്‌. ഇതു തന്നെയാണ്‌ രമയും ആവശ്യപ്പെടുന്നത്‌. തീര്‍ത്തും നിയമവിരുദ്ധമായ ഒരാവശ്യമാണിത്‌. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട്‌ രണ്ട്‌ അന്വേഷണം നടന്നിരുന്നു. അതില്‍ ഒരു കേസിലാണ്‌ ഇപ്പോള്‍ കോടതി വിധി വന്നിട്ടുള്ളത്‌. കോടതി വിചാരണ പൂര്‍ത്തിയാക്കി വിധി പ്രഖ്യാപിച്ച കേസില്‍ ഇനി മറ്റൊരന്വേഷണം രാജ്യത്ത്‌ നിലവിലുള്ള നിയമവ്യവസ്ഥയനുസരിച്ച്‌ ഒരു കാരണവശാലും സാധ്യമല്ല. ആര്‍.എം.പിയും ഗവണ്‍മെന്റും മാര്‍ക്‌സിസ്റ്റ്‌ വിരുദ്ധ ശക്തികളും കോഴിക്കോട്‌ അഡീഷണല്‍ ഡിസ്‌ട്രിക്‌ട്‌ കോര്‍ട്ടില്‍ നിലവിലുള്ള മറ്റൊരു കേസിനെ സംബന്ധിച്ചാണ്‌ ഇപ്പോള്‍ പരാമര്‍ശിക്കുന്നത്‌. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട്‌ അന്വേഷിച്ച അന്വേഷകസംഘം 2009-ല്‍ ചന്ദ്രശേഖരനെ വധിക്കാന്‍ ഒരു ഗൂഢാലോചന നടന്നെന്നാരോപിച്ച്‌ 2012-ല്‍ ചാര്‍ജ്ജ്‌ ചെയ്‌ത കേസാണിത്‌. ഇത്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍നിന്നും കമ്മിറ്റ്‌ ചെയ്‌ത്‌ സെഷന്‍സ്‌ കോടതിയില്‍ വിചാരണയ്‌ക്കുവേണ്ടി കാത്തുനില്‍ക്കുന്ന കേസാണ്‌. ഈ കേസിനെക്കുറിച്ച്‌ അന്വേഷണം നടക്കുകയും ചാര്‍ജ്ജ്‌ഷീറ്റ്‌ ഫയല്‍ ചെയ്യുകയും ചെയ്‌തിട്ടുള്ളതാണ്‌. അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ്ജ്‌ഷീറ്റ്‌ നല്‍കി മജിസ്‌ട്രേറ്റ്‌ കോടതിയില്‍നിന്ന്‌ കമ്മിറ്റ്‌ ചെയ്‌ത്‌ സെഷന്‍സ്‌ കോടതിയില്‍ വിചാരണയ്‌ക്കുവേണ്ടി പോസ്റ്റ്‌ ചെയ്‌ത കേസില്‍ മറ്റൊരന്വേഷണം നിലവിലുള്ള നിയമവ്യവസ്ഥയനുസരിച്ച്‌ സാധ്യമല്ല. അന്വേഷണം നടത്തിയ ഏജന്‍സിക്ക്‌ പുതുതായി എന്തെങ്കിലും തെളിവ്‌ കിട്ടിയെങ്കില്‍ അത്‌ കോടതിയില്‍ സമര്‍പ്പിക്കാനുള്ള അവകാശം മാത്രമേ നിലവിലുള്ള നിയമം നല്‍കുന്നുള്ളൂ. അന്വേഷിച്ച പോലീസിന്‌ അങ്ങനെയൊരു കേസില്ല. ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ സുപ്പര്‍വൈസ്‌ ചെയ്‌ത്‌ അന്വേഷണം അവസാനിപ്പിച്ച്‌ അവസാന റിപ്പോര്‍ട്ട്‌ ഫയല്‍ ചെയ്‌തപ്പോഴോ, അന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തിലോ, അന്വേഷണത്തില്‍ കിട്ടിയ തെളിവ്‌ പോലീസ്‌ ഹാജരാക്കിയിട്ടില്ലെന്നോ, പോലീസ്‌ കൃത്യമായി അന്വേഷണം നടത്തിയിട്ടില്ലെന്നോ രമയ്‌ക്കൊരു കേസില്ല. മാത്രവുമല്ല, വിധി പറഞ്ഞ കേസ്‌ അന്വേഷിച്ച അതേ ടീം തന്നെയാണ്‌ ഈ കേസും അന്വേഷിച്ചിരുന്നത്‌. സി.പി.ഐ (എം) ന്റെ ഉന്നത നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയില്ലെന്ന ആര്‍.എം.പി നേതാവ്‌ രമയുടെ ആരോപണം തികച്ചും രാഷ്‌ട്രീയപ്രേരിതമാണ്‌. പ്രോസിക്യൂഷന്‍ കേസ്‌ അനുസരിച്ച്‌ 2009-ല്‍ നടന്നു എന്നാരോപിക്കപ്പെട്ട സംഭവത്തെക്കുറിച്ച്‌ 2012-ല്‍ വിശദമായ അന്വേഷണം നടത്തുകയും രമയെ ആ കേസില്‍ ചോദ്യം ചെയ്യുകയും ചെയ്‌തിട്ടുള്ളതാണ്‌. ഇതുമായി ബന്ധപ്പെട്ട്‌ ചാര്‍ജ്ജ്‌ ഷീറ്റ്‌ 24.09.2012-ന്‌ ഫയല്‍ ചെയ്‌തു എന്ന്‌ രമയ്‌ക്കും അറിവുള്ളതാണ്‌. ഒരു അധികാരസ്ഥാനത്തും ഈ അന്വേഷണത്തെ സംബന്ധിച്ച്‌ അഭിപ്രായവ്യത്യാസമുണ്ടെന്നോ പുനരന്വേഷണം ആവശ്യമുണ്ടെന്നോ രമ ആവശ്യപ്പെട്ടിട്ടില്ല. തങ്ങളാഗ്രഹിക്കുന്ന വിധത്തില്‍ ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍ ശിക്ഷിപ്പിക്കാന്‍ ഉതകുംവിധം മറ്റൊരു ഏജന്‍സിയെ വച്ച്‌ അന്വേഷിപ്പിക്കണമെന്ന്‌ നിലവിലുള്ള നിയമവ്യവസ്ഥകള്‍ക്ക്‌ വിരുദ്ധമായി ആവശ്യപ്പെടുകയും അതിന്‌ സമ്മര്‍ദ്ദം ചെലുത്താന്‍ നിരാഹാരം കിടക്കുമെന്ന്‌ ഭീഷണിപ്പെടുത്തുകയുമാണ്‌ രമ ചെയ്യുന്നത്‌. നിയമവിരുദ്ധമായ ഇത്തരമൊരു നീക്കത്തിനു പിന്നില്‍ സി.പി.ഐ (എം) വിരുദ്ധരെയാകെ അണിനിരത്തലാണ്‌ ലക്ഷ്യം. ചാര്‍ജ്ജ്‌ ഷീറ്റ്‌ ഫയല്‍ ചെയ്‌ത കേസില്‍ മറ്റൊരു അന്വേഷണ ഏജന്‍സിയെക്കൊണ്ട്‌ അന്വേഷണം നടത്തിക്കുന്നതിന്‌ ഗവണ്‍മെന്റിന്‌ അധികാരമില്ല. രമയും സി.പി.ഐ (എം) വിരുദ്ധരും ആവശ്യപ്പെടുന്നതുപോലെ ചാര്‍ജ്ജ്‌ ഷീറ്റ്‌ സമര്‍പ്പിച്ച ഈ കേസില്‍ പുനരന്വേഷണം നടത്താന്‍ തീരുമാനിക്കാനോ സി.ബി.ഐയെ ഏല്‍പ്പിക്കാനോ ഗവണ്‍മെന്റിന്‌ അധികാരമില്ല.

രമയുടെ സി.ബി.ഐ അന്വേഷണ ആവശ്യത്തെക്കുറിച്ച്‌ സ: വി.എസ്‌. അച്യുതാനന്ദന്‍ നടത്തിയ പ്രസ്‌താവന പാര്‍ടിയില്‍ ചര്‍ച്ച ചെയ്യാതെയുള്ളതും അനുചിതവുമായ നടപടിയാണ്‌. സ: വി.എസ്‌. അച്യുതാനന്ദന്റെ ഭാഗത്തുനിന്ന്‌ ഇത്തരം തെറ്റായ നടപടികള്‍ ആവര്‍ത്തിക്കരുതെന്ന്‌ പാര്‍ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

കണ്ണൂരില്‍ ബി.ജെ.പിക്കകത്ത്‌ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങളുടെ ഭാഗമായി നേരത്തെ ബി.ജെ.പിയിലുണ്ടായിരുന്ന 2000-ത്തോളം ആളുകള്‍ ഒ.കെ. വാസു മാസ്റ്ററുടെയും എ. അശോകന്റെയും നേതൃത്വത്തില്‍ ബി.ജെ.പിയില്‍നിന്ന്‌ രാജിവച്ച്‌ സി.പി.ഐ.എമ്മുമായി സഹകരിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചു. അത്തരമൊരു സാഹചര്യത്തില്‍ അനാവശ്യവും അനുചിതവുമായ പ്രസ്‌താവനയാണ്‌ സ: വി.എസ്‌. അച്യുതാനന്ദന്റെ ഭാഗത്തുനിന്നുണ്ടായത്‌. എന്താണ്‌ കണ്ണൂരില്‍ നടക്കുന്നതെന്ന്‌ മനസ്സിലാക്കാന്‍ ഒരു ശ്രമവും നടത്താതെ, തന്റെ അഭിപ്രായം പാര്‍ടിക്കകത്ത്‌ ഉന്നയിച്ച്‌ പാര്‍ടി നിലപാട്‌ എന്താണെന്ന്‌ മനസ്സിലാക്കാന്‍ തയ്യാറാകാതെ ഏകപക്ഷീയമായി പരസ്യപ്രസ്‌താവന നടത്തിയ വി.എസ്‌. അച്യുതാനന്ദന്റെ നിലപാട്‌ പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗീകരിക്കുന്നില്ല. പാര്‍ടി നിലപാടില്‍നിന്നും വ്യത്യസ്‌തമായ പരസ്യ നിലപാട്‌ സ്വീകരിക്കരുതെന്ന്‌ സ: വി.എസ്‌. അച്യുതാനന്ദനോട്‌ പാര്‍ടി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെടുന്നു.

No comments:

Post a Comment