Friday, February 28, 2014

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുഖ്യമന്ത്രിയുടെ കല്ലിടല്‍ മാമാങ്കം

കോഴിക്കോട്: വെള്ളിയാഴ്ച മുഖ്യമന്ത്രി നിര്‍വഹിച്ചത് ഡസനോളം ശിലാസ്ഥാപനം, ഒരു ഉദ്ഘാടനവും. മന്ത്രി ശിവകുമാറിന് നാല് ഉദ്ഘാടനം. തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിയതോടെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും കല്ലിടലും ഉദ്ഘാടനവുമായി ഓടിനടന്നത്. പൂര്‍ത്തിയാകാത്ത പദ്ധതികളുടെ ഉദ്ഘാടനം, നേരത്തെ ഉദ്ഘാടനം ചെയ്തതിന് രണ്ടാംവട്ട ഉദ്ഘാടിക്കലും കല്ലിടലും.

മെഡിക്കല്‍ കോളേജിലായിരുന്നു മുഖ്യമന്ത്രിയുടെ രണ്ട് പരിപാടികള്‍-ഇംഹാന്‍സ് കെട്ടിടോദ്ഘാടവും ലീനിയര്‍ ആക്സിലറേറ്റര്‍ ഉദ്ഘാടനവും. ഈ സര്‍ക്കാര്‍ വന്നശേഷം മെഡിക്കല്‍ കോളേജിന് യാതൊരു പരിഗണനയും നല്‍കാതെ അവഗണിക്കുകയായിരുന്നു. എല്‍ഡിഎഫ് ഭരണത്തില്‍ 150 കോടിയാണ് മെഡിക്കല്‍ കോളേജ് വികസനത്തിനായി ചെലവഴിച്ചത്. അതേസമയം ഇക്കുറി ബജറ്റില്‍ യാതൊരു വിഹിതവുമില്ല. അടുത്താഴ്ചയോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമെന്ന ചര്‍ച്ച സജീവമായിരിക്കെയായിരുന്നു ഇംഹാന്‍സടക്കം രണ്ട് പരിപാടികള്‍ വേഗം സംഘടിപ്പിച്ചത്. പാവങ്ങാട്, എലത്തൂര്‍, വടക്കുമ്പാട് റെയില്‍വേ അടിപ്പാലങ്ങള്‍ക്ക് കല്ലിടലുമുണ്ടായി. സ്ഥലമേറ്റെടുക്കലടക്കം പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാകാത്ത പദ്ധതികള്‍ക്കാണ് ശിലാസ്ഥാപനം നിര്‍വഹിച്ചത്. പന്നിയങ്കര മേല്‍പാലത്തിനും കല്ലിട്ടിട്ടുണ്ട്.

നഗരറോഡ് വികസനത്തിന്റെ പ്രവൃത്തി ആരംഭമെന്ന പേരില്‍ മാങ്കാവിലായിരുന്നു പ്രധാന ഉദ്ഘാടനം. രണ്ടാംതവണയാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. ഏഴ് റോഡുകളുടെ വികസനമാണ് നഗരപാതയില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ പ്രധാനമായ മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് ഒഴിവാക്കിയാണ് രണ്ടാം ഉദ്ഘാടനം. ഈ റോഡ് ഇപ്പോള്‍ ഉപേക്ഷിച്ച മട്ടിലാണ്്. എന്നാല്‍, സുപ്രധാനമായ റോഡ് ഒഴിവാക്കി വീണ്ടുമൊരു ഉദ്ഘാടനത്തിന് അധികൃതര്‍ കൃത്യമായ വിശദീകരണം നല്‍കുന്നില്ല. മറ്റ് ആറ് റോഡുകളുടെ കാര്യത്തിലും അനിശ്ചിതത്വമുണ്ട്. പരിപാടിയുടെ ഉദ്ഘാടനം നഗരത്തില്‍നിന്നകലെ മാങ്കാവില്‍ സംഘടിപ്പിച്ചതിലും പ്രതിഷേധമുണ്ട്.

മന്ത്രി ശിവകുമാര്‍ വക ഹോമിയോ കോളേജിലും കോട്ടപ്പറമ്പ്, ബീച്ച് ആശുപത്രികളിലും പെരുവയലിലുമായിരുന്നു ഉദ്ഘാടനങ്ങള്‍. ശനിയാഴ്ച മന്ത്രി കെ ബാബു ഉദ്ഘാടനങ്ങളുമായെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കോതിപ്പാലത്തിന് രണ്ടാം ഉദ്ഘാടനം നിര്‍വഹിച്ച മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ നടപടി വിവാദമായിരുന്നു. ചെറുവണ്ണുര്‍ സ്റ്റീല്‍കോംപ്ലക്സില്‍ സെയിലുമായുണ്ടാക്കിയ ധാരണപ്രകാരമുള്ള നവീകരണ പ്രവൃത്തികള്‍ യുഡിഎഫ് അട്ടിമറിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം റോളിങ്മില്ലിന്റെ പേരില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം സംഘടിപ്പിച്ചിരുന്നു. തൊണ്ടയാട് ഐടി പാര്‍ക്കിന്റെ പ്രവര്‍ത്തനം രണ്ടരവര്‍ഷമായി സ്തംഭിച്ചിരിക്കയാണ്. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തിയാക്കിയ പാര്‍ക്കിങ്സെന്റര്‍ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചിരുന്നു.സൈബര്‍പാര്‍ക്ക് ഉദ്ഘാടനമെന്ന പേരില്‍ പത്രങ്ങളില്‍ പരസ്യവും വാര്‍ത്തയും നല്‍കിയായിരുന്നു പരിപാടി. മന്ത്രി മുനീര്‍ വക പത്ത് പരിപാടികളുടെ ഉദ്ഘാടനവും കല്ലിടലും പൂര്‍ത്തിയായി. അടുത്തദിവസം മന്ത്രി രമേശ് ചെന്നിത്തലയടക്കം കൂടുതല്‍ മന്ത്രിപ്പട കല്ലിടല്‍-ഉദ്ഘാടനപരിപാടികളുമായി എത്തുന്നുമുണ്ട്.

വീണ്ടും മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

കോഴിക്കോട്: മരുന്നും കാര്യക്ഷമമായ ചികിത്സാ സമ്പ്രദായങ്ങളുമില്ലാതെ രോഗികള്‍ വലയുമ്പോള്‍ പ്രഖ്യാപിച്ച് തുരുമ്പെടുത്ത പ്രഖ്യാപനങ്ങള്‍ വീണ്ടും നടത്തി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മെഡിക്കല്‍ കോളേജ് മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിന് പദ്ധതി തയ്യാറാക്കി കേന്ദ്രത്തില്‍നിന്ന് അനുവദിപ്പിച്ച 120 കോടി രൂപ സര്‍ക്കാരിന്റെയും എംപിയുടെയും നേട്ടമായി ചിത്രീകരിച്ച് നുണപ്രചാരണവും ഒപ്പം നടക്കുന്നു.

മെഡിക്കല്‍ കോളേജില്‍ ആധുനിക ചികിത്സാ സംവിധാനങ്ങളുടെയും ഇംഹാന്‍സ് കെട്ടിടത്തിന്റെയും ഉദ്ഘാടനവേദിയിലാണ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പ്രഖ്യാപനത്തട്ടിപ്പ്. മെഡിക്കല്‍ കോളേജ് മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിന് പി കെ ശ്രീമതി ആരോഗ്യമന്ത്രിയായിരുന്ന കാലത്താണ് പദ്ധതി തയ്യാറാക്കിയത്. സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ കോംപ്ലക്സും അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഒപിയും അനുബന്ധ സംവിധാനങ്ങളും നിര്‍മിക്കാനായിരുന്നു പദ്ധതി. ഇതംഗീകരിച്ച കേന്ദ്രസര്‍ക്കാര്‍ 120 കോടി രൂപയും അനുവദിച്ചു. അന്ന് കേന്ദ്രം അനുവദിച്ച തുക നേടിയെടുക്കുന്നതിനും തുടര്‍പ്രവര്‍ത്തനം നടത്താനും സംസ്ഥാന സര്‍ക്കാരും എംപി എം കെ രാഘവനും പരാജയപ്പെട്ടു. വസ്തുത ഇതായിരിക്കെയാണ് കേന്ദ്രത്തില്‍നിന്ന് 120 കോടി രൂപ സഹായം ലഭിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ വീണ്ടും പ്രഖ്യാപിച്ചത്.

വ്യാഴാഴ്ച ഉദ്ഘാടനം ചെയ്ത ക്യാന്‍സര്‍ ചികിത്സയിലെ നൂതന ഉപകരണമായ ഹൈ എനര്‍ജി ലീനിയര്‍ ആക്സിലറേറ്റര്‍ യഥാര്‍ഥത്തില്‍ രണ്ടു വര്‍ഷം മുമ്പേ സ്ഥാപിക്കേണ്ടതാണ്. കോഴിക്കോട്ടെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ഈ ഉപകരണം സ്ഥാപിച്ചത് രണ്ടുവര്‍ഷം മുമ്പാണ്. അവര്‍ക്ക് പരമാവധി ലാഭം കൊയ്യാന്‍ അവസരമൊരുക്കുന്നതിനാണ് മെഡിക്കല്‍ കോളേജില്‍ ലീനിയര്‍ ആക്സിലറേറ്റര്‍ സ്ഥാപിക്കുന്നത് വൈകിപ്പിച്ചതെന്ന് നേരത്തേ ആരോപണമുണ്ട്. എന്നാല്‍, പദ്ധതി വൈകിയതിന് കാരണം ഉദ്യോഗസ്ഥരാണെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞത് സദസ്സില്‍ ചിരി പടര്‍ത്തി.

ഈ സര്‍ക്കാര്‍ വന്ന ശേഷം മെഡിക്കല്‍ കോളേജിന്റെ ദൈനംദിന പ്രവര്‍ത്തനം അവതാളത്തിലാണ്. വിലകൂടിയതും കുറഞ്ഞതുമായ ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് ഇത്രയധികം ക്ഷാമം മെഡിക്കല്‍ കോളേജിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ആശുപത്രി ഐസിയുവിലെ എസിയും വെന്റിലേറ്ററും തകരാറിലായിട്ട് ഒരു മാസത്തോളമായി. വേണ്ടത്ര ജീവനക്കാരും സര്‍ജറി ഉള്‍പ്പെടെയുള്ള ചികിത്സാ സംവിധാനങ്ങളുമില്ലാത്ത സൂപ്പര്‍ സ്പെഷ്യാലിറ്റിയെപ്പറ്റി ഇരുവരും പറഞ്ഞതുമില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പണി പൂര്‍ത്തീകരിച്ച മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ വന്ധ്യതാനിവാരണ കേന്ദ്രവും നോക്കുകുത്തിയാണ്. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പണം കഴിഞ്ഞ സര്‍ക്കാര്‍ ബാങ്കില്‍ നിക്ഷേപിച്ചിട്ടും സര്‍ക്കാര്‍ ഇതുവരെ ഭരണാനുമതി നല്‍കിയിട്ടില്ല. സ്വകാര്യ സ്ഥാപനങ്ങള്‍ വന്ധ്യതാ ചികിത്സയ്ക്ക് ഏഴുലക്ഷം രൂപ വരെയാണ് ഓരോരുത്തരില്‍നിന്നും കൊള്ളയടിക്കുന്നത്. ഇവരുടെ ഇടപെടലാണ് മെഡിക്കല്‍ കോളേജിലെ വന്ധ്യതാ നിവാരണകേന്ദ്രം തുറക്കുന്നതിന് ഭരണാനുമതി നല്‍കാത്തതിനു പിന്നിലും. ഇംഹാന്‍സ് കേന്ദ്രം മെഡിക്കല്‍ കോളേജില്‍ സ്ഥാപിക്കുന്നതിന് നടപടി ആരംഭിച്ചതും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്.

deshabhimani

No comments:

Post a Comment