Wednesday, February 26, 2014

പൊതുമേഖലയെ സഹായിക്കാത്തത് സ്വകാര്യവല്‍ക്കരണം ലക്ഷ്യമിട്ട്: കോടിയേരി

കൊച്ചി: ഗുരുതര പ്രതിസന്ധിയിലായ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് അവ സ്വകാര്യവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടാണെന്ന് പ്രതിപക്ഷ ഉപനേതാവും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേന്ദ്രമന്ത്രി കെ വി തോമസാണ് ഇതിന്റെ കാര്‍മികത്വം വഹിക്കുന്നത്. നയംമാറ്റാത്ത സര്‍ക്കാരിനെത്തന്നെ മാറ്റാന്‍ തയ്യാറായാലേ ഇവയുടെ പ്രതിസന്ധി പരിഹരിക്കപ്പെടൂവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കും കേന്ദ്രമന്ത്രി കെ വി തോമസിന്റെ ജനവഞ്ചനയ്ക്കുമെതിരെ സിപിഐ എം സംഘടിപ്പിച്ച വ്യവസായ സംരക്ഷണ തൊഴിലാളി-ബഹുജന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

പൊതുമേഖലാ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കി കോര്‍പറേറ്റുകളെ ഏല്‍പ്പിക്കാനുള്ള കിടമത്സരമാണ് നടക്കുന്നത്. ആഗോളനയങ്ങള്‍നടപ്പാക്കുന്നതില്‍ തങ്ങളാണ് മുന്നിലെന്ന് കുത്തകകളെ കാണിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും കിടമത്സരത്തിലാണ്. ബിജെപിയുടെ ഭരണകാലത്ത് കമ്പനികളുടെ വില്‍പ്പനയ്ക്ക് മാത്രം മന്ത്രിപോലുമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ അവര്‍ ബിരുദമാണ് എടുത്തതെങ്കില്‍ കോണ്‍ഗ്രസ് ഇപ്പോള്‍ ബിരുദാനന്തരബിരുദമാണ് എടുത്തിട്ടുള്ളത്. ആസൂത്രിത നീക്കത്തിലൂടെയുള്ള തന്ത്രത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍തന്നെയാണ് പൊതുമേഖലാ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്നത്. സ്ഥലവില്‍പ്പനയിലൂടെയും മറ്റും സ്വകാര്യകുത്തകളുടെ കൈയില്‍ ഇവയെത്തിക്കാനാണ് നീക്കം. സ്വാതന്ത്ര്യവേളയില്‍ കേന്ദ്രസര്‍ക്കാര്‍ മുതല്‍മുടക്കി വികസനപ്രക്രിയ സാധ്യമാക്കിയെങ്കില്‍ ഇന്ന് പൊതുമേഖലയെ ഒന്നാകെ വിഴുങ്ങാനുള്ള ശേഷി വിദേശ കുത്തകളുടെ സഹായത്തോടെ സ്വകാര്യമേഖല നേടി. ഈ ഘട്ടത്തില്‍ ശതകോടീശ്വരന്മാരെ ഇവിടത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ അപ്പാടെ ഏല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളും രൂക്ഷമായ പ്രതിസന്ധിയിലാണ്. കേവലം 15 സംസ്ഥാന കമ്പനികള്‍ മാത്രമാണ് ഇപ്പോള്‍ ലാഭത്തിലുള്ളത്. വൈദ്യുതി പ്രതിസന്ധിയാണ് ഈ അവസ്ഥയൊരുക്കിയതെന്നാണ് മന്ത്രിയുടെ വിശദീകരണം. വൈദ്യുതി പ്രതിസന്ധി സൃഷ്ടിച്ചതും സര്‍ക്കാര്‍ നയംതന്നെയാണ്. ഇവിടെയും സ്വകാര്യവല്‍ക്കരണത്തിനുള്ള ഗൂഢപദ്ധതികളാണുള്ളതെന്നും കോടിയേരി പറഞ്ഞു.

തൊഴിലാളികളെ കേന്ദ്രം അവഗണിക്കുന്നു: എ കെ പത്മനാഭന്‍

കൊച്ചി: കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ രാജ്യത്തെ തൊഴിലാളികള്‍ നല്‍കിയ പത്തിന ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍പോലും കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ലെന്ന് സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കും കേന്ദ്രമന്ത്രി കെ വി തോമസിന്റെ വഞ്ചനയ്ക്കുമെതിരെ സിപിഐ എം ജില്ലാ കമ്മിറ്റി രാജേന്ദ്രമൈതാനത്ത് സംഘടിപ്പിച്ച വ്യവസായസംരക്ഷണ തൊഴിലാളി-ബഹുജന കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ മെയ് 22ന് തൊഴിലാളികള്‍ നല്‍കിയ നിവേദനത്തിലെ ആവശ്യങ്ങള്‍ ജനങ്ങളുടെ പ്രശ്നങ്ങളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിരോധമന്ത്രി എ കെ ആന്റണി ഉള്‍പ്പെടുന്ന സമിതിയെ ഇതുസംബന്ധിച്ച ചര്‍ച്ചയ്ക്ക് നിയോഗിച്ചു. ഒരുമാസത്തിനുള്ളില്‍ ചര്‍ച്ചചെയ്യുമെന്നാണ് ആന്റണി ഉള്‍പ്പെടെ നല്‍കിയ വാഗ്ദാനം. ന്യായമായ ആവശ്യങ്ങള്‍പോലും ചര്‍ച്ചചെയ്യാതെ തൊഴിലാളികളെ മാത്രമല്ല; രാജ്യത്തെ ജനങ്ങളെയൊന്നാകെ കേന്ദ്രസര്‍ക്കാര്‍ വഞ്ചിച്ചതായും എ കെ പി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണത്തിന് പ്രഖ്യാപനങ്ങളല്ല, തകര്‍ച്ചയില്‍നിന്നു കരകയറാന്‍ ആവശ്യമായ പണം നല്‍കുകയാണ് വേണ്ടത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പ് പണം അനുവദിക്കാന്‍ തയ്യാറാകണം. അല്ലാത്തപക്ഷം അടുത്ത പാര്‍ലമെന്റ് നിലവില്‍വരുമ്പോഴേക്കും സ്ഥാപനങ്ങളുടെ തകര്‍ച്ച പൂര്‍ണമാകും. കക്ഷിരാഷ്ട്രീയഭേദമെന്യേ തൊഴിലാളികള്‍ തുടരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും നയപരമായ ഇടപെടലിലൂടെ അവയ്ക്ക് പരിഹാരം കാണാനും ഇടതുപക്ഷത്തിനേ കഴിയൂ. രാജ്യത്തെ വ്യവസായസ്ഥാപനങ്ങളെ തകര്‍ച്ചയിലേക്ക് തള്ളിവിടുന്ന കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ പൊളിച്ചെഴുതപ്പെടണമെന്നും എ കെ പത്മനാഭന്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment