Sunday, March 9, 2014

ജനങ്ങളെ കമ്പോളത്തിലേക്ക് തള്ളിവിടുന്ന ഉപകരണമായി ആധാര്‍ മാറി: ഡോ. ആര്‍ രാമകുമാര്‍

ജനങ്ങളെ കമ്പോളത്തിലേക്ക് തള്ളിവിടുന്ന ഉപകരണമായി ആധാര്‍ സംവിധാനം മാറിയെന്ന് മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ആര്‍ രാമകുമാര്‍ പറഞ്ഞു. സബ്സിഡികള്‍ ആധാറിലൂടെ വിതരണം ചെയ്യുന്നത് വിലക്കയറ്റത്തിനിടയാക്കും. നിയമത്തിന്റെ സാധുതയോ ജനാധിപത്യ സംവിധാനത്തിന്റെ അംഗീകാരമോ ഇല്ലാതെ എക്സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് നടപ്പാക്കിയത്. "ആധാര്‍- നിഗൂഢതയും യാഥാര്‍ഥ്യവും" എന്ന വിഷയത്തില്‍ കലിക്കറ്റ് ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നേരിട്ട് നല്‍കിയിരുന്ന ആനുകൂല്യം നേരിട്ടല്ലാതെ നല്‍കുന്ന സംവിധാനമാണ് ആധാര്‍. 15 രൂപയ്ക്ക് റേഷന്‍ കടയില്‍നിന്ന് കിട്ടുന്ന മണ്ണെണ്ണ 40 രൂപയ്ക്ക് വാങ്ങാനാണ് സര്‍ക്കാര്‍ പറയുന്നത്. 25 രൂപ സബ്സിഡിയായി ബാങ്കില്‍ എത്തുമെന്നാണ് അവകാശവാദം. ഫലത്തില്‍ 40 രൂപയുമായി പൊതുകമ്പോളത്തില്‍ പോയി മണ്ണെണ്ണ വാങ്ങേണ്ട ഗതികേടിലാകും സാധാരണക്കാര്‍. കമ്പോളത്തിലേക്ക് ജനങ്ങള്‍ കൂട്ടമായി പ്രവഹിക്കുമ്പോള്‍ വില കുതിച്ചുയരും. റേഷന്‍ സംവിധാനത്തിലെ അഴിമതി തടയാന്‍ ആധാര്‍ കാര്‍ഡല്ല പരിഹാരം. ദേശീയ സുരക്ഷയുടെ പേരില്‍ 2003ല്‍ എന്‍ഡിഎ സര്‍ക്കാരാണ് ആധാര്‍ സമ്പ്രദായം നടപ്പാക്കിയത്. കാര്‍ഗില്‍ യുദ്ധത്തിനുശേഷം അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം തടയാനാണിത്. പിന്നീട് 2009ല്‍ യുപിഎ സര്‍ക്കാര്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തേണ്ട വിശദാംശങ്ങളില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തി. ബയോ മെട്രിക് അടയാളങ്ങള്‍ രേഖപ്പെടുത്തണമെന്നതാണ് ഉള്‍പ്പെടുത്തിയത്. ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്. ബയോമെട്രിക് അടയാളങ്ങളില്‍ തെറ്റുപറ്റുമെന്ന് സര്‍വേയില്‍ തെളിഞ്ഞതാണ്. ദേശീയസുരക്ഷയ്ക്കാണ് ആധാര്‍ നടപ്പാക്കിയതെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറയുന്നില്ല. ദേശീയ സുരക്ഷയ്ക്കാണെന്നു സമ്മതിച്ചാല്‍ സമാനമായ മറ്റ് സംവിധാനങ്ങള്‍ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ നടപ്പാക്കിയത് ചോദ്യംചെയ്യപ്പെടുമെന്നും രാമകുമാര്‍ പറഞ്ഞു.

പോരായ്മകള്‍ പരിഹരിച്ച് ആധാര്‍ നടപ്പാക്കിയാല്‍ ആനുകൂല്യം യഥാര്‍ഥ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് കേരള പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ റവ്യൂ കമ്മിറ്റി അംഗം ഡോ. മേരി ജോര്‍ജ് പറഞ്ഞു. സെമിനാറില്‍ സംസ്കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജെ പ്രസാദ് മോഡറേറ്ററായി. എ കെ ശരത്ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. അതിഥികളെ ഗോവിന്ദ്മേനോന്‍ പരിചയപ്പെടുത്തി.

deshabhimani

No comments:

Post a Comment