Monday, April 28, 2014

ആദിവാസികള്‍ക്കുള്ള ഭക്ഷ്യധാന്യവിതരണം നിലച്ചു

കല്‍പ്പറ്റ: പ്രത്യേക ഗോത്രവിഭാഗം പദ്ധതിയിലൂടെ ആദിവാസികള്‍ക്ക് ലഭിച്ചിരുന്ന ഭക്ഷ്യധാന്യവിതരണം നിലച്ചു. ഏപ്രില്‍ മാസത്തെ ഭക്ഷ്യധാന്യങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ല. എ കെ ബാലന്‍ പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രിയായിരിക്കെ 2011-ല്‍ തുടങ്ങിയ പദ്ധതിയാണിത്. 13-ാം ധനകാര്യ കമീഷന്‍ ശുപാര്‍ശ പ്രകാരം കേരളത്തിലെ പ്രത്യേക ഗോത്രവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിന് ആസൂത്രണം ചെയ്ത പദ്ധതി തൃശൂര്‍, വയനാട്, കോഴിക്കോട്, കാസര്‍കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നടപ്പാക്കുന്നത്.

വയനാട് കാട്ടുനായ്ക്കര്‍, കാസര്‍കോട് കൊറഗര്‍, അട്ടപ്പാടി കുറുമ്പര്‍, നിലമ്പൂര്‍ ചോലനായ്ക്കര്‍, കാട്ടുനായ്ക്കര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിരുന്നു. മാസം 25 കിലോ അരി, രണ്ടുകിലോവീതം കടല, ചെറുപയര്‍, വന്‍പയര്‍, പഞ്ചസാര, രണ്ടുലിറ്റര്‍ വെളിച്ചെണ്ണ, അരക്കിലോ ചായപൊടി എന്നിവയാണ് നല്‍കുന്നത്. മാസാരംഭം ഈ ഭക്ഷ്യധാന്യം ലഭിക്കുകയും ചെയ്യും. ഈ മാസത്തെ ഭക്ഷ്യധാന്യത്തിന്റെ ഫണ്ട് ഹെഡോഫീസില്‍നിന്നും ഇതുവരെ നല്‍കിയിട്ടില്ലെന്ന് സെക്ടറല്‍ ഓഫീസര്‍മാര്‍ പറഞ്ഞു. വയനാട്ടില്‍ മാത്രം 4500-ഓളം കുടുംബങ്ങള്‍ കാട്ടുനായ്ക്ക വിഭാഗത്തിലുണ്ട്.

പദ്ധതിയുടെ കോഴിക്കോടുള്ള ഹെഡോഫീസിലേക്ക് സര്‍ക്കാര്‍ ഫണ്ട് കൈമാറുകയും അവിടുന്ന് ജില്ലകളില്‍ പദ്ധതിനടത്തിപ്പിന് സ്ഥാപിച്ച സെക്ടറല്‍ ഓഫീസിലേക്ക് വിതരണം നടത്തുകയുമാണ് പതിവ്. എന്നാല്‍ ഇതുവരെ ഭക്ഷ്യധാന്യം വിതരണം ചെയ്തിട്ടില്ല. വര്‍ഷം 37 കോടി രൂപയാണ് ഗോത്രവിഭാഗം പദ്ധതിക്ക് സര്‍ക്കാര്‍ നല്‍കിയിരുന്നത്. ഭവനിര്‍മാണം, ആരോഗ്യ സുരക്ഷ, ഭക്ഷ്യധാന്യ വിതരണം, കുടിവെള്ളം, വൈദ്യുതി, ഗതാഗത സൗകര്യം, മണ്ണുസംരക്ഷണം എന്നിവയടങ്ങുന്ന പദ്ധതിയാണിത്. 2015 മാര്‍ച്ച് 31ന് പദ്ധതിയുടെ കാലവധി തീരും. എന്നാല്‍ നാലു വര്‍ഷമായിട്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. പ്രവൃത്തികളെല്ലാം പാതിവഴിയിലാണ്.

എം ഷാജി  deshabhimani

No comments:

Post a Comment