Friday, April 25, 2014

മലാപ്പറമ്പ് സ്കൂളിനായി വിദ്യാര്‍ഥി കൂട്ടായ്മയുമായി എസ്എഫ്ഐ

പൊതുവിദ്യാഭ്യാസം സംരക്ഷിക്കാനുളള പോരാട്ടത്തില്‍ പുത്തന്‍ മാതൃകതീര്‍ത്ത് വിദ്യാര്‍ഥി കൂട്ടായ്മ. ഭൂമാഫിയക്കായി ജെസിബി ഉപയോഗിച്ച് തകര്‍ത്ത മലാപ്പറമ്പ് എയുപി സ്കൂളിന്റെ പുനര്‍നിര്‍മാണത്തിന് വിദ്യാര്‍ഥികളില്‍ നിന്നും എസ്എഫ്ഐ സ്വരൂപിച്ച തുക സ്കൂള്‍ സംരക്ഷണസമിതിക്ക് കൈമാറി. സ്കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന ചടങ്ങില്‍ 1,20,000 രൂപ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ്, എ പ്രദീപ്കുമാര്‍ എംഎല്‍എയെ ഏല്‍പ്പിച്ചു. പഠനരംഗത്തും പഠനാനുബന്ധ പ്രവര്‍ത്തനങ്ങളിലും മികവുപുലര്‍ത്താനും ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുമായി എംഎല്‍എ ഫണ്ടില്‍നിന്നും തുക വിനിയോഗിക്കും. സ്കൂളില്‍നിന്നും ഏഴാംക്ലാസ് വിജയിക്കുന്ന പെണ്‍കുട്ടികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയ നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലും എംഎല്‍എ ഫണ്ട് ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തിയ കാരപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലും പ്രവേശനം നല്‍കുമെന്ന് എംഎല്‍എ അറിയിച്ചു.

131 വര്‍ഷം നാടിന്റെ വെളിച്ചമായി പ്രവര്‍ത്തിച്ച സ്കൂള്‍ തകര്‍ത്തതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സ്കൂള്‍ പുനര്‍നിര്‍മിക്കാനും പ്രവര്‍ത്തനമാരംഭിക്കാനും കലക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചത്. എന്നാല്‍ സര്‍വകക്ഷി യോഗത്തിലേക്ക് വിദ്യാര്‍ഥി പ്രതിനിധികളെ ക്ഷണിച്ചിരുന്നില്ല. ആരുടെയും പ്രേരണയില്ലാതെ വിദ്യാര്‍ഥി സമൂഹത്തിന്റെ ചാലകശക്തിയായ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നേരിട്ടിറങ്ങിയാണ് സ്കൂള്‍ നിര്‍മാണത്തിന് ജനകീയഫണ്ട് സ്വരൂപിച്ച് മാതൃകയായത്. 19, 20, 21 തിയ്യതികളിലായി ഹുണ്ടിക പിരിവിലൂടെ തുക സമാഹരിക്കുകയായിരുന്നു.

ചടങ്ങില്‍ സ്കൂള്‍ സംരക്ഷണസമിതി ചെയര്‍മാന്‍ ഭാസി മലാപ്പറമ്പ് അധ്യക്ഷനായി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം വി കെ കിരണ്‍രാജ്, ജില്ലാ സെക്രട്ടറി എം കെ നികേഷ് എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക പ്രീതി സ്വാഗതം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പോളിങ് ബൂത്തായി പ്രവര്‍ത്തിച്ച സ്കൂളാണ് അന്നേദിവസം അര്‍ധരാത്രിയില്‍ ജെസിബി ഉപയോഗിച്ച് മാനേജരുടെ നേതൃത്വത്തില്‍ പൊളിച്ചുനീക്കിയത്.

deshabhimani

No comments:

Post a Comment