Tuesday, April 22, 2014

മോഡിതരംഗം വെറും നാടകം: യെച്ചൂരി

മാര്‍ത്താണ്ഡം: രാജ്യത്ത് നരേന്ദ്രമോഡി തരംഗം എന്നത് ബിജെപിയുടെ വെറും രാഷ്ട്രീയ തട്ടിപ്പ് മാത്രമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യത്തൊരിടത്തും ബിജെപി തരംഗമില്ലെന്നതാണ് യാഥാര്‍ഥ്യം. അങ്ങനെ തരംഗമുണ്ടെങ്കില്‍ മോഡി എന്തിനാണ് രണ്ടിടത്ത് മത്സരിക്കുന്നത്? പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്ക് സ്വന്തം സംസ്ഥാനത്തുപോലും വിജയസാധ്യതയില്ലെന്നതാണ് വ്യക്തമാകുന്നതെന്നും മാര്‍ത്താണ്ഡത്ത് ചേര്‍ന്ന വമ്പിച്ച തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ യെച്ചൂരി പറഞ്ഞു. വര്‍ഗീയതയുടെ പേരില്‍ എല്ലാ കാലത്തും ബിജെപി വോട്ട് തട്ടാന്‍ ശ്രമിക്കാറുണ്ട്. ഇത്തവണയും അതാണ് നടത്തുന്നത്. നരേന്ദ്രമോഡി അശ്വമേധം നടത്തുകയാണെന്ന് പറയുന്നു.

രാമായണത്തില്‍ രാമന്റെ അശ്വമേധത്തെ ലവ-കുശ ഇരട്ട സഹോദരന്മാര്‍ തടഞ്ഞപോലെ ഈ അശ്വമേധത്തെ രാജ്യത്തെ രാഷ്ട്രീയത്തിലെ ഇരട്ട സഹോദരങ്ങളായ കര്‍ഷകരും തൊഴിലാളികളും തടഞ്ഞുനിര്‍ത്തുമെന്ന് ഉറപ്പാണ്. കോണ്‍ഗ്രസിനും ബിജെപിക്കും ബദലായി ഇടതുപക്ഷ കക്ഷികളുടെ നേതൃത്വത്തില്‍ ഈ മുന്നേറ്റം സാധ്യമാകുമെന്നും യെച്ചൂരി പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണം രാജ്യത്തെ പാപ്പരാക്കി. ലോകത്ത് പട്ടിണിയില്‍ ഒരുദിവസം അഞ്ച് കുട്ടികള്‍ മരിക്കുമ്പോള്‍ അതില്‍ മൂന്നും ഇന്ത്യയിലാണെന്ന നാണക്കേടിലാണ് നാം. രാജ്യത്തെ 80 കോടി ജനങ്ങളും ഒരുദിവസം 20 രൂപ മാത്രം വരുമാനം ലഭിക്കുന്നവരാണ്. ഈ 20 രൂപപോലും അടുത്തദിവസം കിട്ടുമോ എന്ന സംശയത്തിലാണിപ്പോള്‍. അതേസമയം, രാജ്യത്തെ സമ്പത്ത് 59 സമ്പന്നര്‍ കൈയടക്കിവച്ചിരിക്കുന്നു. നമ്മുടെ ഉല്‍പ്പാദനത്തിന്റെ പകുതിയും ഈ 59 സമ്പന്നരുടെ കൈയിലാണ്. രാജ്യത്ത് ആവശ്യത്തിന് വിഭവങ്ങളുണ്ട്. ഈ വിഭവങ്ങള്‍ ഉപയോഗിച്ച് രാജ്യത്ത് മെച്ചപ്പെട്ട ആരോഗ്യവും വിദ്യാഭ്യാസവും തൊഴിലും നല്‍കാന്‍ കഴിയും. രാജ്യത്ത് 54 ശതമാനം പേരും 25 വയസ്സിന് താഴെയാണ്. ഇവര്‍ക്ക് തൊഴില്‍ നല്‍കി നമുക്ക് പുതിയൊരു ഇന്ത്യയെ സൃഷ്ടിക്കാന്‍ കഴിയും. ഇതിനാവശ്യമായ വിഭവത്തിന് കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന ഇളവുകള്‍ മാത്രം ഉപയോഗിച്ചാല്‍ മതിയാകും.

കോര്‍പറേറ്റുകള്‍ക്ക് പ്രതിവര്‍ഷം നല്‍കുന്ന ഈ അഞ്ചുലക്ഷം കോടി രൂപ മാത്രം മതി യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍. അഴിമതിയില്‍ കോണ്‍ഗ്രസും ബിജെപിയും പരസ്പരം മത്സരിക്കുകയാണ്. ആരാണ് കൂടുതല്‍ പണം കൊള്ളയടിക്കുന്നുവെന്നതിലാണ് മത്സരം. ഇവര്‍ തമ്മില്‍ ഒരുതരം മാച്ച് ഫിക്സിങ് (മത്സരനിര്‍ണയം) നടക്കുന്നു. ഐപിഎല്‍ ക്രിക്കറ്റ് നടക്കുകയാണിപ്പോള്‍. ക്രിക്കറ്റിലെ മാച്ച് ഫിക്സിങ്ങിനെതിരെ അന്വേഷണവും നടപടിയും ഉണ്ടാകുമ്പോള്‍ രാഷ്ട്രീയത്തിലെ മാച്ച് ഫിക്സിങ്ങിനെതിരെ നടപടി ഉണ്ടാകുന്നില്ല. കോണ്‍ഗ്രസ് നയങ്ങള്‍ രാജ്യത്തെ ജനങ്ങളിലുണ്ടാക്കിയ അസംതൃപ്തിയാണ് വര്‍ഗീയശക്തികള്‍ മുതലെടുക്കാന്‍ ശ്രമിക്കുന്നത്. ബിജെപിയെ നേരിടാന്‍ തങ്ങള്‍ക്ക് വേട്ടുചെയ്യണമെന്ന് കോണ്‍ഗ്രസ് പറയുന്നു. എന്നാല്‍, വര്‍ഗീയശക്തികളെ എന്നും പ്രോത്സാഹിപ്പിക്കുന്ന പാര്‍ടിയാണ് കോണ്‍ഗ്രസ്. ഇടത് മതേതരശക്തികള്‍ക്ക് മാത്രമേ വര്‍ഗീയശക്തികളെ മാറ്റിനിര്‍ത്താനാകൂ. പുതിയ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് അധികാരം കിട്ടില്ല. അപ്പോള്‍ ബിജെപിയെ മാറ്റിനിര്‍ത്താന്‍ ഇടതുമതേതരശക്തികള്‍ക്കേ കഴിയൂവെന്നും യെച്ചൂരി പറഞ്ഞു.

No comments:

Post a Comment