Tuesday, April 22, 2014

ഇപിഎഫ് പെന്‍ഷന്‍ വര്‍ധന: കാത്തിരിപ്പ് നീളും

ന്യൂഡല്‍ഹി: ഇപിഎഫ് പദ്ധതിയിലെ കുറഞ്ഞ പെന്‍ഷന്‍ 1000 രൂപയായി വര്‍ധിപ്പിക്കാനുള്ള തീരുമാനം പ്രാബല്യത്തിലാകല്‍ ഒരുവര്‍ഷംവരെ വൈകിയേക്കും. സര്‍ക്കാര്‍ ഇതുവരെ വിജ്ഞാപനം പുറപ്പെടുവിക്കാത്തതിനാലാണിത്. ഏപ്രില്‍ ഒന്നിന് പദ്ധതി നിലവില്‍വരുമെന്നായിരുന്നു പ്രഖ്യാപനം. ഇപിഎഫ് അംഗമാകാനുള്ള ശമ്പളപരിധി 6500ല്‍ നിന്ന് 15000 ആക്കിയതും അനിശ്ചിതത്വത്തിലായി. ഫെബ്രുവരി 28നാണ് മന്ത്രിസഭ തീരുമാനമെടുത്തതെങ്കിലും രണ്ടു മാസമായിട്ടും തൊഴില്‍മന്ത്രാലയം വിജ്ഞാപനം ഇറങ്ങിയില്ല.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാക്കള്‍ പ്രഖ്യാപനങ്ങള്‍ കൊട്ടിഘോഷിച്ചിരുന്നു. എന്നാല്‍, പുതിയ സാമ്പത്തികവര്‍ഷം ആരംഭിച്ചിട്ടും നടപടികള്‍ ഉണ്ടായില്ല. പുതിയ പെന്‍ഷനും ഇപിഎഫ് ശമ്പളപരിധി ഉയര്‍ത്തലും നടപ്പാക്കാന്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് ഇപിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരോട് രണ്ടാം യുപിഎ സര്‍ക്കാര്‍ തുടരുന്ന വഞ്ചനയ്ക്ക് മറ്റൊരു തെളിവാണിത്. വീണ്ടും അധികാരം ലഭിച്ചാല്‍ ഇടത്തരക്കാരില്‍ താഴെയുള്ളവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമെന്ന് രാഹുല്‍ഗാന്ധി അവകാശപ്പെടുന്നുണ്ട്.

എന്നാല്‍, നിലവില്‍ സര്‍ക്കാരിന് എളുപ്പത്തില്‍ ചെയ്യാനാകുന്ന കാര്യംപോലും അട്ടിമറിക്കുകയാണ് എന്നതാണ് സത്യം. ട്രേഡ് യൂണിയനുകള്‍ അഞ്ചുവര്‍ഷമായി നടത്തിയ പോരാട്ടത്തിന്റെ ഫലമായാണ് തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പിലെങ്കിലും കുറഞ്ഞ പെന്‍ഷന്‍ 1000 രൂപയാക്കിയത്. 2009നു ശേഷമുള്ള എല്ലാ പ്രക്ഷോഭങ്ങളിലും ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഫെബ്രുവരി അഞ്ചിന് ചേര്‍ന്ന ഇപിഎഫ് ട്രസ്റ്റ് യോഗത്തില്‍ ഈ ആവശ്യത്തോട് തൊഴില്‍മന്ത്രി യോജിച്ചു. തുടര്‍ന്ന് മന്ത്രിസഭയും അനുമതി നല്‍കി. കുറഞ്ഞ പെന്‍ഷന്‍ 1000 രൂപയാക്കുന്നതിന്റെ പ്രയോജനം 27 ലക്ഷം പേര്‍ക്കാണ് കിട്ടേണ്ടത്. ശമ്പളപരിധി 15,000 രൂപയായി ഉയര്‍ത്തിയുള്ള തീരുമാനം നടപ്പാക്കാതിരുന്നാല്‍ ഓരോ തൊഴിലാളിക്കും പ്രതിമാസം ആയിരം രൂപ വീതമാണ് നഷ്ടപ്പെടുക.

ഇതിന്റെ നേട്ടം തൊഴിലുടമകള്‍ക്കാണ്. അതേസമയം, കോര്‍പറേറ്റുകള്‍ക്ക് താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് കേന്ദ്രമന്ത്രിമാര്‍ ഭരണത്തിന്റെ അവസാനാളുകളിലും കഠിനാധ്വാനത്തിലായിരുന്നു. പുതിയ ബാങ്കിങ് ലൈസന്‍സ് അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ തെരഞ്ഞെടുപ്പു സമയത്തും തീരുമാനമെടുത്തു.

deshabhimani

No comments:

Post a Comment