Tuesday, May 27, 2014

2 എംഎല്‍എമാരടക്കം 114 പ്രതികള്‍

കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞെന്ന കേസില്‍ രണ്ട് എംഎല്‍എമാരുള്‍പ്പെടെ 114 എല്‍ഡിഎഫ് നേതാക്കളെയും പ്രവര്‍ത്തകരെയും പ്രതിചേര്‍ത്ത് പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കണ്ണൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്കോടതി-1ല്‍ തിങ്കളാഴ്ച പകല്‍ രണ്ടിനാണ് അന്വേഷകസംഘത്തലവന്‍ തളിപ്പറമ്പ് ഡിവൈഎസ്പി കെ എസ് സുദര്‍ശനന്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങള്‍കൂടിയായ പയ്യന്നൂര്‍ എംഎല്‍എ സി കൃഷ്ണന്‍ ഒന്നാംപ്രതിയും എടക്കാട് എംഎല്‍എ കെ കെ നാരായണന്‍ രണ്ടാം പ്രതിയുമാണ്. ജനതാദള്‍ ദേശീയസമിതി അംഗം അഡ്വ. നിസാര്‍ അഹമ്മദ്, സംസ്ഥാന സമിതിയംഗം വി രാജേഷ്പ്രേം, എന്‍സിപി ജില്ലാ വൈസ് പ്രസിഡന്റ് ഹമീദ് ഇരിണാവ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബിനോയ് കുര്യന്‍, പ്രസിഡന്റ് ബിജു കണ്ടക്കൈ, ജില്ലാ പഞ്ചായത്തംഗം എം വി രാജീവന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ കെ വിനീഷ് എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.

അന്യായമായി സംഘംചേര്‍ന്ന് മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എംഎല്‍എമാര്‍ക്കെതിരെ വധശ്രമക്കേസില്ല. അന്യായമായി സംഘം ചേര്‍ന്നു, പൊലീസ് ആവശ്യപ്പെട്ടിട്ടും പിരിഞ്ഞുപോയില്ല, ഗതാഗതം തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങളാണ് എംഎല്‍എമാര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അഞ്ചു പേര്‍ക്കെതിരെയാണ് ഇന്ത്യന്‍ ശിക്ഷാനിയമം 307-ാം വകുപ്പുപ്രകാരമുള്ള വധശ്രമക്കുറ്റം. ഏഴുപേര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിക്കല്‍ നിരോധന നിയമപ്രകാരവും മറ്റുള്ളവര്‍ക്കെതിരെ അന്യായമായി സംഘംചേരല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ഗതാഗതം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുമാണ് കേസ്.

2013 ഒക്ടോബര്‍ 27ന് വൈകിട്ട് മുഖ്യമന്ത്രിയുടെ കാറിനുനേരെ സാമൂഹ്യവിരുദ്ധര്‍ കല്ലെറിഞ്ഞ സംഭവത്തിന്റെപേരിലാണ് എല്‍ഡിഎഫ് നേതാക്കളെയും പ്രവര്‍ത്തകരെയും കള്ളക്കേസില്‍ കുടുക്കിയത്. കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ സംസ്ഥാന പൊലീസ് കായികമേളയുടെ സമാപനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയെ സോളാര്‍ തട്ടിപ്പിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് സമാധാനപരമായി പ്രതിഷേധമുയര്‍ത്തിയിരുന്നു. പ്രവര്‍ത്തകര്‍ക്കിടയിലേക്ക് നുഴഞ്ഞുകയറിയ സാമൂഹ്യവിരുദ്ധരും ഒരുപറ്റം കോണ്‍ഗ്രസ് ക്രിമിനലുകളും മുഖ്യമന്ത്രിയുടെ വാഹനം ആക്രമിക്കുകയായിരുന്നു. വാഹനത്തിന്റെ ഗ്ലാസ് തകര്‍ന്ന് ഉമ്മന്‍ചാണ്ടിക്ക് നിസ്സാര പരിക്കേറ്റു. മൊത്തം 1013 പേരെ പ്രതി ചേര്‍ത്താണ് പൊലീസ് പ്രഥമവിവര റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതില്‍ 114 പേരെ മാത്രമേ തിരിച്ചറിയാനായുള്ളൂവെന്ന് ഡിവൈഎസ്പി സുദര്‍ശനന്‍ പറഞ്ഞു. നേതാക്കളടക്കം നൂറുപേരെ അറസ്റ്റുചെയ്തു. എംഎല്‍എല്‍മാരെ ഓഫീസില്‍ വളിച്ചുവരുത്തി മൊഴിയെടുത്തു.

deshabhimani

No comments:

Post a Comment