Monday, May 19, 2014

"ക്രിമിനല്‍" എംപിമാര്‍ 34 %, കോടീശ്വരര്‍ 82%

ന്യൂഡല്‍ഹി: കോടിപതികളുടെയും ക്രിമിനലുകളുടെയും എണ്ണത്തില്‍ പതിനാറാം ലോക്സഭ പുതിയ റെക്കോഡിട്ടു. ലോക്സഭാംഗങ്ങളില്‍ 82 ശതമാനവും ഒരു കോടിയിലധികം സമ്പാദ്യം ഉള്ളവര്‍. 34 ശതമാനവും ക്രിമിനല്‍കുറ്റങ്ങള്‍ നേരിടുന്നു. സമ്പന്നവിഭാഗത്തില്‍ നിന്നല്ലാതുള്ള എംപിമാരുള്ളത് സിപിഐ എമ്മിന് മാത്രമാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. സ്ഥാനാര്‍ഥികള്‍ സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ പരിശോധിച്ച് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്(എഡിആര്‍) എന്ന സംഘടനയാണ് ഈ വിവരം പുറത്തുവിട്ടത്.

2009ല്‍ തെരഞ്ഞെടുക്കപ്പെട്ട സഭയില്‍ കോടിപതികളുടെ എണ്ണം 58 ശതമാനവും 2004ല്‍ 30 ശതമാനവും ആയിരുന്നു. ആന്ധ്രപ്രദേശില്‍നിന്നുള്ള ടിഡിപി, ടിആര്‍എസ്, വൈഎസ്ആര്‍സിപി എന്നീ പാര്‍ടികള്‍ക്കാണ് ഏറ്റവും ധനാഢ്യരായ എംപിമാരുള്ളത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ എംപി ടിഡിപിയുടെ ജയദേവ ഗല്ലയാണ്. ആസ്തി 683 കോടി രൂപ. തൊട്ടുതാഴെയുള്ള മറ്റ് മൂന്ന് കോടിപതി എംപിമാരും ആന്ധ്രപ്രദേശില്‍നിന്ന്. കോണ്‍ഗ്രസ് എംപിമാരുടെ ശരാശരി ആസ്തി 16 കോടി. ബിജെപി എംപിമാരുടേത് 11 കോടിയും. എംപിമാരില്‍ 34 ശതമാനവും ക്രിമിനല്‍കുറ്റങ്ങള്‍ നേരിടുന്നവരാണെന്ന് എഡിആര്‍ പുറത്തുവിട്ട കണക്ക് സൂചിപ്പിക്കുന്നു. 2009ല്‍ തെരഞ്ഞെടുക്കപ്പെട്ട ലോക്സഭാംഗങ്ങളില്‍ 30 ശതമാനവും 2004ലെ തെരഞ്ഞെടുക്കപ്പെട്ടവരില്‍ 24 ശതമാനവും ക്രിമിനല്‍ കുറ്റം നേരിടുന്നു. 2004 മുതലാണ് സ്ഥാനാര്‍ഥികള്‍ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് സത്യവാങ്മൂലം നല്‍കണമെന്ന നിയമം ബാധകമാക്കിയത്. ആര്‍ജെഡിയുടെ ആകെയുള്ള നാല് ലോക്സഭാംഗങ്ങളും ക്രിമനല്‍കേസില്‍പെട്ടവര്‍. ശിവസേനയുടെ 18 എംപിമാരില്‍ 15 പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുകളുണ്ട്. എന്‍സിപിയുടെ അഞ്ചില്‍ നാല് എംപിമാരും ബിജെപിയുടെ നവാഗത എംപിമാരില്‍ മൂന്നിലൊന്നും ഗുരുതരമായ കിമിനല്‍കേസുകളില്‍ പെട്ടവരാണ്. കോണ്‍ഗ്രസിന്റെ പതിനെട്ടു ശതമാനം എംപിമാരും ഈ വിഭാഗത്തില്‍പെടുന്നു. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍നിന്നാണ് ക്രിമിനല്‍കേസില്‍പെട്ടവര്‍ കൂടുതലായി ലോക്സഭയില്‍ എത്തിയത്.

deshabhimani

No comments:

Post a Comment