Friday, May 30, 2014

എല്ലാ മേഖലയിലും 49 ശതമാനം വിദേശനിക്ഷേപത്തിന് നീക്കം

ചെറുകിടമേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപത്തെ (എഫ്ഡിഐ) എതിര്‍ക്കുമെന്ന് പ്രകടനപത്രികയില്‍ വാഗ്ദാനം നല്‍കിയ ബിജെപി സര്‍ക്കാര്‍, എല്ലാ മേഖലയിലും എഫ്ഡിഐ അനുവദിക്കാനൊരുങ്ങുന്നു. 49 ശതമാനം എഫ്ഡിഐ എല്ലാ മേഖലയിലും അനുവദിക്കാമെന്നാണ് ധനമന്ത്രാലയത്തിന്റെ തീരുമാനം. വിദേശനിക്ഷേപകരെ ആകര്‍ഷിക്കാനും സാമ്പത്തികമാന്ദ്യം മറികടക്കാനും സാധിക്കുമെന്ന ന്യായമുയര്‍ത്തിയാണ് ഇത്.

കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും മുന്‍കൂര്‍ അനുമതി നേടാതെ എഫ്ഡിഐ അനുവദിക്കാമെന്നാണ് ധനമന്ത്രാലയം മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശം. ബിജെപി നേതൃത്വത്തിന്റെകൂടി അനുമതി കിട്ടിയാല്‍ ഇത് നടപ്പാക്കും. ഇന്ത്യന്‍ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള കമ്പനികളാണെങ്കില്‍ ചുരുക്കം ചില മേഖലകളില്‍ ഒഴിച്ച് മറ്റിടത്തെല്ലാം വിദേശനിക്ഷേപം നടത്താന്‍ സാധിക്കും. ഏതെല്ലാം മേഖലയിലാണ് നിക്ഷേപം എന്ന് വ്യക്തമാക്കാന്‍ ധനമന്ത്രാലയം തയ്യാറായിട്ടില്ലെങ്കിലും പ്രതിരോധം, റെയില്‍വേ, ഇ-വ്യാപാരം, വാര്‍ത്താവിനിമയം എന്നീ മേഖലകളിലാകും കൂടുതല്‍ നിക്ഷേപത്തിന് അനുമതി നല്‍കുക. വ്യാപാരമേഖലയില്‍ എഫ്ഡിഐ അനുവദിക്കില്ലെന്ന് ബിജെപി തെരഞ്ഞെടുപ്പു ഘട്ടത്തില്‍ വാഗ്ദാനം നല്‍കിയിരുന്നു. വാണിജ്യമന്ത്രിയായി ചുമതലയേറ്റ നിര്‍മല സീതാരാമനും ഇക്കാര്യം വ്യക്തമാക്കി. ഇത് വിദേശനിക്ഷേപകരിലുണ്ടാക്കിയ ആശങ്ക ഓഹരിവിപണിയില്‍ പ്രതിഫലിക്കാന്‍ തുടങ്ങുകയും ചെയ്തതോടെയാണ് തന്ത്രപരമായ നയം സ്വീകരിക്കാന്‍ ധനമന്ത്രാലയത്തെയും സര്‍ക്കാരിനെയും പ്രേരിപ്പിച്ചത്.

ഏക ബ്രാന്‍ഡ് ചില്ലറമേഖലയില്‍ നിലനില്‍ക്കുന്ന അതേ തരത്തില്‍ ബഹുബ്രാന്‍ഡ് ചില്ലറവ്യാപാരവും തുറന്നുകിട്ടണമെന്നാണ് വിദേശകമ്പനികളുടെ ആവശ്യം. ഈ ആവശ്യം പൂര്‍ണമായി അംഗീകരിച്ചാല്‍ വലിയ പ്രക്ഷോഭത്തെ നേരിടേണ്ടി വരും. ഇക്കാര്യം മുന്നില്‍ കണ്ടാണ് ധനമന്ത്രാലയത്തിന്റെ നീക്കം. എല്ലാ മേഖലകളിലും 49 ശതമാനം നിക്ഷേപത്തിന് അവസരമൊരുക്കിയാല്‍ വിദേശ കുത്തകകളുടെ ഇഷ്ടക്കേട് ഒഴിവാക്കാമെന്നും കണക്കു കൂട്ടുന്നു.

സുജിത് ബേബി deshabhimani

No comments:

Post a Comment