Wednesday, May 21, 2014

എല്‍സ്റ്റണില്‍ തൊഴിലാളി ജീവിതം മൃഗതുല്യം

കല്‍പ്പറ്റ: പൊട്ടിപ്പൊളിഞ്ഞ തറ, ചിതലരിച്ച് ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂര, ഏത് നിമിഷവും നിലംപൊത്താവുന്ന ചുമരുകള്‍, കുടിക്കാന്‍ മലിനജലം, കുളിക്കാന്‍ പ്ലാസ്റ്റിക്കുകള്‍കൊണ്ടുള്ള മറപ്പുര, കക്കൂസുകള്‍ കാണാനില്ല, രാത്രിയില്‍ ആശ്രയം മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചം, ആകെ തൊഴുത്തിനേക്കാള്‍ മോശമായ സാഹചര്യം. കര്‍ണാടകയിലേയോ തമിഴ്നാട്ടിലേയോ എതെങ്കിലും ഹള്ളിയുടെ വിവരണമല്ലിത്. എല്‍സ്റ്റണ്‍ മാനേജ്മെന്റിന് കീഴിലുള്ള പെരുന്തട്ട നടപ്പാറ തേയില എസ്റ്റേറ്റ് പാടിയുടെ ചിത്രമാണിത്. ഇവിടേക്ക് വരുന്ന ആരുടെയും നെഞ്ചുരുകും; മൃഗതുല്ല്യ ജീവിതം നയിക്കുന്ന തൊഴിലാളികളെകണ്ട്. വഴിയില്‍ പൂച്ച ചത്തുകിടന്നാല്‍ കേസ് എടുക്കാന്‍ നിയമമുള്ള നാട്ടില്‍ മുഴുവന്‍ നിയമങ്ങളും കാറ്റില്‍ പറത്തി കമ്പനി തൊഴിലാളികളെകൊണ്ട് അടിമവേല ചെയ്യിക്കുമ്പോള്‍ ഇവിടേക്ക് തിരിഞ്ഞുനോക്കാന്‍ അധികൃതരുമില്ല. തൊഴില്‍ വകുപ്പോ തൊഴില്‍ നിയമങ്ങളോ ഇവര്‍ക്ക് രക്ഷയാകുന്നില്ല. കുടിവെളളം പോലും നിഷേധിച്ചാണ് മാനേജ്മെന്റിന്റെ ലാഭക്കൊയ്ത്ത്. ദേശീയപാതയില്‍നിന്നും ഒരു കിലോമീറ്റര്‍മാത്രം ദൂരത്താണ് ഇവര്‍ അപരിഷ്കൃതരെപോലെ ജീവിക്കുന്നത്.

തോട്ടം തൊഴിലാളികള്‍ നേരിടുന്ന ദുരിതത്തിന്റെ എറ്റവും ദയനീയ കാഴ്ചകളാണിവിടുത്തേത്. തൊഴിലാളികള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നും മാനേജ്മെന്റ് ഒരുക്കിയിട്ടില്ല. പതിറ്റാണ്ടുകളായി ലായങ്ങളുടെ അറ്റകുറ്റ പണിയെടുത്തിട്ടില്ല. കാറ്റിലാടുന്ന മേല്‍ക്കൂര ഉറപ്പിക്കാന്‍ കമുകിന്‍തടി പൊളിച്ച് അലക് അടിക്കുകയാണ്. പൊട്ടിപൊളിഞ്ഞ തറയും ചുമരം തുണിയും പ്ലാസ്റ്റിക്കും ഉപയോഗിച്ച് തൊഴിലാളികള്‍തന്നെ മറച്ചിരിക്കുകയാണ്. നിന്നുതിരിയാനിടമില്ലാത്ത വരാന്തയും അടുക്കളയും ചെറിയ മുറിയും. ഇവിടെ കഴിയുന്നത് 10ഉം പതിനഞ്ചുംപേരാണ്. ഇത് നടുപ്പാറ എസ്റ്റേറ്റിലെ മാത്രം സ്ഥിതിയല്ല. എല്‍സ്റ്റണ് കീഴിലുള്ള പെരുന്തട്ട ഒന്നാം ഡിവിഷനിലും പുല്‍പ്പാറ ഡിവിഷനിലും സമാന സാഹചര്യമാണ്. നടുപ്പാറയില്‍ കുടിവെള്ളംപോലുമില്ല. കമ്പനിയുടെ കിണറ്റില്‍നിന്നും ആഴ്ചയില്‍ രണ്ട് തവണ വെള്ളമടിക്കും. ഓരോപ്രാവശ്യവും രണ്ടോ മൂന്നോ കുടം വെള്ളമാണ് ഒരുകുടുംബത്തിന് ലഭിക്കുക. വര്‍ഷങ്ങളായി കിണര്‍ നന്നാക്കാത്തതിനാല്‍ വെള്ളം മലിനമാണ്. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നഗരസഭ കുഴിച്ച കിണറിലും വെള്ളമില്ല. തൊഴിലാളികള്‍ ദൂരെനിന്നും തലച്ചുമടായാണ് വെള്ളം കൊണ്ടുവരുന്നത്. സമീപത്തെല്ലാം വൈദ്യുത ബള്‍ബുകള്‍ തെളിയുമ്പോള്‍ ഇവര്‍ക്കുള്ളത് മണ്ണെണ്ണ വിളക്കുകളാണ്. പാടികളോട് ചേര്‍ന്ന് കെഎസ്ബി പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പാടികള്‍ വയറിങ് നടത്തി കണക്ഷനെടുത്തുകൊടുക്കാന്‍ കമ്പനി തയ്യാറായിട്ടില്ല. തൊഴിലാളികള്‍ എപിഎല്‍ ലിസ്റ്റിലായതിനാല്‍ ഇവര്‍ക്ക് റേഷന്‍ മണ്ണെണ്ണയുമില്ല.

മൂന്ന് ഡിവിഷനുകളിലായി നാന്നൂറോളം തൊഴിലാളികളാണുള്ളത്. ഇവരുടെ ആശ്രിതരടക്കം 1500-ല്‍ പരംപേരുണ്ട്. തോട്ടത്തില്‍നിന്നും പിരിഞ്ഞ അറുപതോളം പേര്‍ക്ക് ഗ്രാറ്റുവിറ്റി നല്‍കിയിട്ടില്ല. ഗ്രാറ്റുവിറ്റി ലഭിക്കാതെ മരണമടഞ്ഞവരുമുണ്ട്. ആനുകൂല്ല്യം ലഭിക്കാത്തതിനാല്‍ തോട്ടത്തില്‍നിന്നും വിരമിച്ചവര്‍ ദിവസക്കൂലിക്ക് ഇവിടെതന്നെ പണിയെടുക്കുകയാണ്. തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളം നല്‍കാതായിട്ട് വര്‍ഷങ്ങളായി. എല്ലാമാസവും 10ന് ശമ്പളം നല്‍കണമെന്നാണ് നിയമം. കഴിഞ്ഞ മാര്‍ച്ചിലെ ശമ്പളം നല്‍കിയത് എപ്രില്‍ 30ന്. എപ്രിലിലെ ശമ്പളം മെയ് 20 ആയിട്ടും നല്‍കിയിട്ടില്ല. ചികിത്സാ ആനുകൂല്യങ്ങളൊന്നും തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കും ലഭിക്കുന്നില്ല. തൊഴിലാളി യൂണിയനുകള്‍ നിരന്തരം പ്രക്ഷോഭം നടത്തിയിട്ടും ഇവരുടെ ദുരിതം പരിഹരിക്കാന്‍ മാനേജ്മെന്റ് തയ്യാറായിട്ടില്ല. തൊഴിലാളി വിരുദ്ധ സമീപനത്തിന് മാനേജ്മെന്റിനെതിരെ സര്‍ക്കാര്‍ നടപടികളുമില്ല. തൊഴില്‍നിയമങ്ങളൊന്നും എല്‍സ്റ്റണിലെ തൊഴിലാളികള്‍ക്ക് രക്ഷയാവുന്നില്ല.

deshabhimani

No comments:

Post a Comment