Friday, May 23, 2014

കേരളം ഇരുട്ടിലേക്ക്

കടുത്ത വൈദ്യുതി പ്രതിസന്ധിയെത്തുടര്‍ന്ന് സംസ്ഥാനം ഇരുട്ടിലേക്ക് നീങ്ങുന്നു. അടുത്ത വര്‍ഷം കേരളത്തിന്റെ ആവശ്യം കണക്കിലെടുത്ത് വൈദ്യുതി ലഭ്യമാക്കാനുള്ള ആസൂത്രണമോ പ്രവര്‍ത്തനമോ ഇല്ല. 700 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവ് പരിഹരിക്കാനുള്ള മാര്‍ഗം കാണാതെ ഇരുട്ടില്‍ തപ്പുകയാണ് വൈദ്യുതിബോര്‍ഡ്.

കേരളത്തില്‍ വൈദ്യുതി ഉപഭോഗത്തിന്റെ വാര്‍ഷികവര്‍ധന ഏഴ്-എട്ട് ശതമാനമാണ്. 150 കോടി യൂണിറ്റ് വീതം വൈദ്യുതി ഓരോവര്‍ഷവും അധികമായി വേണം. 2013-14ല്‍ 2139 കോടി യൂണിറ്റ് വൈദ്യുതി വേണ്ടിവരുമെന്നാണ് കണക്ക്. 2014-15ല്‍ ഇത് 2280 കോടി യൂണിറ്റെങ്കിലുമാകും. കേരളത്തിന്റെ മൊത്തം ജലവൈദ്യുത പദ്ധതികളില്‍നിന്നും ഡീസല്‍ നിലയങ്ങളില്‍നിന്നും ലഭിക്കുന്നത് 850 കോടി യൂണിറ്റ് മാത്രമാണ്. കായംകുളം നിലയം, ബിഎസ്ഇഎസ് എന്നിവയില്‍ നിന്ന് 100 കോടി യൂണിറ്റ് പ്രതീക്ഷിക്കുന്നു.

കേരളത്തിനു പുറത്തുള്ള കേന്ദ്രനിലയങ്ങളില്‍ നിന്ന് 900 കോടി യൂണിറ്റ് ലഭിക്കാന്‍ അര്‍ഹതയുണ്ട്. എന്നാല്‍, 600 കോടി യൂണിറ്റ് കിട്ടുമെന്ന പ്രതീക്ഷയേ സംസ്ഥാനത്തിനുള്ളൂ. 450 കോടി യൂണിറ്റ് വൈദ്യുതി കേരളത്തിനു പുറത്തുള്ള സ്വകാര്യ കമ്പനികളില്‍ നിന്ന് വാങ്ങണം. ഈ വൈദ്യുതി വാങ്ങാനുള്ള കരാറുകള്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ വലിയ വീഴ്ചയാണ് വരുത്തിയത്. മാത്രമല്ല, സംസ്ഥാന സര്‍ക്കാരും വൈദ്യുതി ബോര്‍ഡും കാട്ടിയ അനാസ്ഥകാരണം ദക്ഷിണ ഗ്രിഡിലൂടെ ഈ വൈദ്യുതി കേരളത്തിലെത്തിക്കാനുള്ള സൗകര്യവും അടഞ്ഞു. ഈ പ്രതിസന്ധി കാരണം 700 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ ജലവര്‍ഷം(ജൂണ്‍ ഒന്നുമുതല്‍ മെയ് 31 വരെ) ലഭിച്ച തോതില്‍ മഴ അടുത്ത ജലവര്‍ഷം ലഭിക്കില്ലെന്നാണ് കാലാവസ്ഥാ പ്രവചനം. അതനുസരിച്ച് ജലവൈദ്യുത പദ്ധതികളില്‍നിന്നുള്ള ഉല്‍പ്പാദനം കുറയും.

കഴിഞ്ഞ വര്‍ഷം ലഭിച്ച മഴയുടെയും ഈ മാസം ലഭിച്ച വേനല്‍മഴയുടെയും സഹായത്താലാണ് 2013-14ല്‍ വൈദ്യുതി പ്രതിസന്ധി അല്‍പ്പമെങ്കിലും കുറച്ചത്. സതേണ്‍ ഗ്രിഡിലൂടെ വൈദ്യുതി എത്തിക്കാന്‍ കേരളം നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതാണ് ഇനിയുള്ള നാളുകളെ ആശങ്കയിലാഴ്ത്തുന്നത്. എസ്1, എസ്2 എന്നിങ്ങനെ വിഭജിച്ച സതേണ്‍ ഗ്രിഡിന്റെ ശേഷി പൂര്‍ണമായും കര്‍ണാടകവും തമിഴ്നാടും ചേര്‍ന്ന് കൈയടക്കി. ഇക്കാര്യത്തില്‍ കേരളത്തിന്റെ അപേക്ഷ അവഗണിച്ചു. ഇതുസംബന്ധിച്ച് അപ്പലേറ്റ് ട്രിബ്യൂണലിന് പരാതി സമര്‍പ്പിച്ചിരിക്കുകയാണ് കേരളം.

കര്‍ണാടകത്തില്‍നിന്ന് 200 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള കരാര്‍പ്രകാരം വൈദ്യുതി ലഭിച്ചില്ല. കര്‍ണാടക വൈദ്യുതി നിയമത്തിലെ 11-ാം വകുപ്പ് പ്രകാരം വൈദ്യുതി കേരളത്തിന് നല്‍കുന്നത് നിരോധിച്ചു. ഇതിനെതിരെ കേരളം ഹൈക്കോടതിയില്‍ വിധി സമ്പാദിച്ചെങ്കിലും പ്രായോഗത്തില്‍ വരുത്താനായിട്ടില്ല. കേരളത്തിന്റെ വൈദ്യുതിക്കുറവ് പരിഹരിക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമാത്രം വൈദ്യുതി വാങ്ങുകയെന്ന നിലപാടാണ് കേരളത്തിന് വിനയായത്. വൈദ്യുതി മിച്ച സംസ്ഥാനങ്ങളായ ഛത്തീസ്ഗഡ്, ഒഡിഷ, അസം എന്നിവിടങ്ങളില്‍നിന്ന് വൈദ്യുതി വാങ്ങാനുള്ള ശ്രമം നടത്തിയിട്ടുമില്ല.

വി ജയിന്‍ deshabhimani

No comments:

Post a Comment