Monday, May 26, 2014

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് വീണ്ടും ലീഗ് മുഖപത്രം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മതനിരപേക്ഷശക്തികളുടെ പരാജയത്തിന് കാരണം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടുകളാണെന്ന ആരോപണവുമായി ലീഗ് മുഖപത്രം ചന്ദ്രിക വീണ്ടും രംഗത്ത്. എഡിറ്റോറിയല്‍ പേജില്‍ ഞായറാഴ്ച പ്രസിദ്ധീകരിച്ച രണ്ട് ലേഖനങ്ങളിലാണ് കോണ്‍ഗ്രസിനെതിരെ ശക്തമായ പ്രതികരണങ്ങളുള്ളത്. മെയ് 21ന്റെ മുഖപ്രസംഗത്തില്‍ രാഹുലിന്റെ വണ്‍മാന്‍ഷോയും ഊരുചുറ്റലുമാണ് പരാജയത്തിന് കാരണമെന്ന് ചന്ദ്രിക പറഞ്ഞിരുന്നു.

ഇതിനെതിരെ കെപിസിസി പ്രസിഡന്റടക്കം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും ലീഗ് വീണ്ടും വിമര്‍ശവുമായി രംഗത്തിറങ്ങി. ചന്ദ്രികയുടെ ഞായറാഴ്ചത്തെ എഡിറ്റോറിയല്‍ പേജില്‍ "അഭിമാനിക്കാം ശിരസ്സുയര്‍ത്താം" എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തില്‍, കോണ്‍ഗ്രസിന്റെ യാഥാര്‍ഥ്യബോധമില്ലായ്മയാണ് പരാജയത്തിന് കാരണമെന്ന് വിവരിക്കുന്നു. ""ഭൂതകാല മഹിമയില്‍ ഊറ്റംകൊണ്ട് ഏകകക്ഷിഭരണം സ്വപ്നം കാണുന്നതിനുപകരം കോണ്‍ഗ്രസ് നേതൃത്വം യാഥാര്‍ഥ്യബോധം ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ ചരിത്രം മാറ്റിയെഴുതേണ്ടിവരുമായിരുന്നു"" എന്നാണ് പരാമര്‍ശം.

വോട്ടര്‍മാരില്‍ 60 ശതമാനവും മോഡിഭരണം ആഗ്രഹിക്കാത്തവരാണെന്നും ഇതിന്റെ ഗൗരവം ഉള്‍ക്കൊണ്ട് കൈയബദ്ധം തിരുത്തി അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളെ ഉപയോഗപ്പെടുത്താന്‍ മതേതരനേതൃത്വം തയ്യാറാകണമെന്നും ലേഖനത്തില്‍ ഉപദേശിക്കുന്നു. മതേതരനേതൃത്വമെന്ന് അര്‍ഥമാക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തെയാണ്. "രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിയെഴുതേണ്ട കാലം" എന്ന തലക്കെട്ടിലുള്ള മറ്റൊരു ലേഖനത്തില്‍ രാജ്യത്തെ മതനിരപേക്ഷ ശക്തികളെ ഒന്നിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രദ്ധിച്ചില്ലെന്ന് കുറ്റപ്പെടുത്തുന്നു. ""മുഖ്യ മതേതരകക്ഷിയായ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മതേതരചേരിയെ ബലപ്പെടുത്താന്‍ ഒരു നീക്കവുമുണ്ടായില്ല.

പ്രാദേശികകക്ഷികളെ അനുനയിപ്പിച്ച് കൂടെനിര്‍ത്താനോ മുന്നണി വിപുലീകരിക്കാനോ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ആത്മാര്‍ഥമായ ശ്രമങ്ങളുണ്ടായില്ല""- പത്രം പറയുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള വര്‍ഗീയകൂട്ടുകെട്ടിനെ ഫലപ്രദമായി നേരിടാന്‍ കോണ്‍ഗ്രസ് മതനിരപേക്ഷകൂട്ടായ്മ ശക്തിപ്പെടുത്തുന്നതിന് ശ്രമം നടത്തിയില്ലെന്ന ഗുരുതരമായ ആരോപണമാണ് മുസ്ലിംലീഗ് പത്രം ഉന്നയിക്കുന്നത്.

deshabhimani

No comments:

Post a Comment