Saturday, May 24, 2014

പ്രസരണശൃംഖല വികസനപദ്ധതികള്‍ സ്തംഭനത്തില്‍

സംസ്ഥാനത്തെ വൈദ്യുതി പ്രസരണ സംവിധാനം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ സ്തംഭനത്തില്‍. സംസ്ഥാനത്തിന് ആവശ്യമായ 2280 കോടി യൂണിറ്റ് വൈദ്യുതിയില്‍ 1280 കോടി യൂണിറ്റും പുറത്തുനിന്ന് കൊണ്ടുവരണം. ഇതിന് അനിവാര്യമായ പ്രസരണശൃംഖലാ വികസനത്തില്‍ സര്‍ക്കാര്‍ പുറംതിരിഞ്ഞു നില്‍ക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. വര്‍ഷംതോറും വര്‍ധിക്കുന്ന വൈദ്യുതിആവശ്യത്തിനുള്ള അധിക വൈദ്യുതി എത്തിക്കാന്‍ നിലവിലുള്ള പ്രസരണശൃംഖല മതിയാവില്ല. ഇതിനായി സമഗ്രമായ പ്രസരണ മാസ്റ്റര്‍പ്ലാനിന് 2008ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കംകുറിച്ചിരുന്നു. തിരുനെല്‍വേലി-കൊച്ചി, മൈസൂര്‍-അരീക്കോട് പ്രസരണലൈനുകളുടെ പ്രവൃത്തിയില്‍ വലിയ പുരോഗതി അക്കാലത്ത് കൈവരിച്ചു. തിരുനെല്‍വേലി-കൊച്ചി 400 കെവി പ്രസരണലൈനില്‍ തിരുനെല്‍വേലി മുതല്‍ ഇടമണ്‍വരെയുള്ള പ്രവൃത്തി പൂര്‍ത്തിയാക്കി. ഇടമണ്‍മുതല്‍ കൊച്ചിവരെയുള്ള ലൈന്‍ പൂര്‍ത്തിയാക്കാന്‍ ഭൂഉടമകള്‍ക്ക് നഷ്ടപരിഹാരമടക്കം നിശ്ചയിച്ചു.

എന്നാല്‍, യുഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ എല്ലാം തകിടംമറിച്ചു. പുതുപ്പള്ളി വഴിയുള്ള ലൈന്‍ നിര്‍മാണം മുഖ്യമന്ത്രി ഇടപെട്ട് തടസ്സപ്പെടുത്തി. തിരുനെല്‍വേലി-കൊച്ചി ലൈന്‍ പൂര്‍ത്തിയാക്കിയാല്‍ലേ കൂടംകുളം ആണവനിലയത്തിലെ 1000 മെഗാവാട്ടിന്റെ ഒന്നാം ഘട്ടത്തില്‍നിന്ന് ലഭിക്കേണ്ട 133 മെഗാവാട്ട് വൈദ്യുതി കേരളത്തിലെത്തിക്കാന്‍ കഴിയൂ. മറ്റ് ഭാഗങ്ങളില്‍നിന്നുള്ള വൈദ്യുതി എത്തിക്കുന്നതിലും ദേശീയ ഗ്രിഡുമായി കേരളത്തെ കൂട്ടിയിണക്കുന്നതിലും ഈ ലൈന്‍ അനിവാര്യമാണ്. മൈസൂര്‍-അരീക്കോട് 400 കെവി ലൈന്‍ നിര്‍മാണത്തിന് തിരുവമ്പാടിയിലും വയനാട്ടിലും തടസ്സമുണ്ടായത് കഴിഞ്ഞ സര്‍ക്കാര്‍ പരിഹരിച്ചിരുന്നു. 210 കിലോമീറ്റര്‍ ലൈനില്‍ കേരളത്തിലെ 92 കിലോമീറ്ററും കര്‍ണാടകത്തിലെ 63 കിലോമീറ്ററും പണി പൂര്‍ത്തിയാക്കി. കര്‍ണാടകത്തിലെ കുടകിലുള്ള 54.5 കിലോമീറ്റര്‍ പണിയാണ് പൂര്‍ത്തിയാക്കാനുള്ളത്. അവിടെ പദ്ധതി പ്രവര്‍ത്തനത്തിന് നേരിട്ട തടസ്സം നീക്കാനുള്ള ഒരു ശ്രമവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. കേരളത്തിന്റെ വൈദ്യുതി ആവശ്യത്തിന്റെ വലിയൊരു ഭാഗം മധ്യകേരളത്തിലാണ്. ഇവിടേക്ക് വൈദ്യുതി എത്തിക്കുന്നതില്‍ നിലവിലുള്ള പ്രസരണ സംവിധാനത്തിന് പരിമിതിയുണ്ട്. ഇത് പരിഹരിക്കാന്‍ തിരുനെല്‍വേലി-കൊച്ചി ലൈന്‍ പൂര്‍ത്തിയാക്കണം. മൈസൂര്‍-അരീക്കോട് ലൈന്‍ പൂര്‍ത്തിയാക്കേണ്ടത് മലബാറിലെ പ്രശ്നപരിഹാരത്തിനും അനിവാര്യമാണ്. ഇതിനുപുറമെ ഉഡുപ്പി- മംഗലാപുരം-കാസര്‍കോട്ടെ മയിലാട്ടി ലൈന്‍ സ്ഥാപിക്കേണ്ടതുണ്ട്. കേരളത്തിലെ 400 കെവി പ്രസരണലൈനുകളെ കൂട്ടിയിണക്കുന്ന ശൃംഖലയും ഉണ്ടാകണം. ദക്ഷിണ ഗ്രിഡിനെ ദേശീയ ഗ്രിഡുമായി കൂട്ടിയിണക്കുന്ന പ്രവൃത്തി 2014 ജനുവരി ഒന്നിന് പൂര്‍ത്തിയായി. അതിനാല്‍ ഏതു സംസ്ഥാനത്തുനിന്നുള്ള വൈദ്യുതിയും കേരളത്തിലെത്തിക്കാന്‍ ബുദ്ധിമുട്ടില്ല. ദക്ഷിണ ഗ്രിഡിനെ ദേശീയ ഗ്രിഡുമായി കൂട്ടിയിണക്കിയതിന്റെ പ്രയോജനം കേരളത്തിന് ലഭിക്കണമെങ്കില്‍ തിരുനെല്‍വേലി-കൊച്ചി, മൈസൂര്‍-അരീക്കോട് 400 കെവി ലൈനുകളുടെ പണി പൂര്‍ത്തിയാക്കണം.

വി ജയിന്‍ deshabhimani

No comments:

Post a Comment