Sunday, May 18, 2014

യുഡിഎഫ് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് കുതിപ്പ്

പാലക്കാട്: ജില്ലയിലെ പന്ത്രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വന്‍ മുന്നേറ്റം. 2004ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പംനിന്ന ചിറ്റൂര്‍, പാലക്കാട്, മണ്ണാര്‍ക്കാട്, പട്ടാമ്പി, തൃത്താല മണ്ഡലങ്ങളില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ മികച്ച നേട്ടംകൊയ്തു. ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലെ ഏഴിലും ജില്ലയിലെ നാല് നിയമസഭാ മണ്ഡലങ്ങളിലും പാലക്കാട് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും പൊന്നാനിയുടെ ഭാഗമായ തൃത്താല മണ്ഡലത്തിലും എല്‍ഡിഎഫിന് വന്‍ കുതിപ്പാണുണ്ടായത്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സാധുവായ 8,28,576 വോട്ടില്‍ ബിജുവിന് ലഭിച്ചത് 3,87,352 വോട്ട്്.(46.72 ശതമാനം). യുഡിഎഫിലെ എന്‍ കെ സുധീറിന് ലഭിച്ചതാകട്ടെ 3,66,392 വോട്ടും.(44.22 ശതമാനം). ഇരുസ്ഥാനാര്‍ഥിയും തമ്മില്‍ 2.5 ശതമാനം വോട്ടിന്റെ വ്യത്യാസം. എന്നാല്‍, 2014ല്‍ എല്‍ഡിഎഫ്þ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള വോട്ട്വ്യത്യാസം 4.03 ശതമാനമാണ്. ആകെ പോള്‍ ചെയ്ത 9,27,228 വോട്ടില്‍ ബിജുവിന് ലഭിച്ചത് 4,11,808 വോട്ടാണ്.(44.41 ശതമാനം). കെ എ ഷീബക്ക് കിട്ടിയത് 3,74,496 വോട്ടും. (40.38 ശതമാനം). 2009ല്‍ പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ 7,89,648 വോട്ടില്‍ 3,38,070 വോട്ട് എം ബി രാജേഷ് നേടി.(42.8 ശതമാനം). 3,36,250 വോട്ടാണ് സതീശന്‍ പാച്ചേനിക്ക് കിട്ടിയത്.(42.74 ശതമാനം). 2014ല്‍ 9,11,283പേര്‍ വോട്ട് ചെയ്തപ്പോള്‍ എം ബി രാജേഷിന് കിട്ടിയത് 4,12,897 വോട്ടാണ്.( 45.31 ശതമാനം). വീരേന്ദ്രകുമാറിന് 307597 വോട്ടാണ് കിട്ടിയത്.(33.75 ശതമാനം). 11.56 ശതമാനത്തിന്റെ വ്യത്യാസം. യുഡിഎഫിലെ സി പി മുഹമ്മദ് 12,475 വോട്ടിന് ജയിച്ച പട്ടാമ്പി നിയമസഭാ മണ്ഡലത്തില്‍ എം ബി രാജേഷ് നേടിയത് 6,590 വോട്ടിന്റെ ലീഡാണ്. 2009ലെ തെരഞ്ഞെടുപ്പില്‍ ഇത് വെറും 66 വോട്ടായിരുന്നു.

യുഡിഎഫ് ഭരിക്കുന്ന കൊപ്പം, പട്ടാമ്പി, ഓങ്ങല്ലൂര്‍, വല്ലപ്പുഴ പഞ്ചായത്തുകളില്‍ രാജേഷിന് മികച്ച ഭൂരിപക്ഷം നേടാനായി. കൊപ്പത്ത് 357 വോട്ടിന്റെയും പട്ടാമ്പിയില്‍ 304 വോട്ടിന്റെയും ഓങ്ങല്ലൂരില്‍ 1,423 വോട്ടിന്റെയും വല്ലപ്പുഴയില്‍ 17 വോട്ടിന്റെയും ലീഡ് നേടി. യുഡിഎഫ് ഭരിക്കുന്ന തിരുവേഗപ്പുറ പഞ്ചായത്തില്‍ 2009ല്‍ 1,487 ഉണ്ടായിരുന്നത് 770ആയി. യുഡിഎഫിന്റെ ശക്തികേന്ദ്രമായി കരുതുന്ന മണ്ണാര്‍ക്കാട് ലീഗിന്റെ കോട്ടകുലുക്കാന്‍ ഇടതുപക്ഷത്തിനു കഴിഞ്ഞു. 288 വോട്ടുമായി തല്‍ക്കാലം പിടിച്ചുനില്‍ക്കാന്‍മാത്രമാണ് ഇവിടെ യുഡിഎഫിനു കഴിഞ്ഞത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗിലെ എന്‍ ഷംസുദ്ദീന്‍ 8,270 വോട്ടിനാണ് ജയിച്ചത്. ലീഗിന് മേല്‍ക്കൈയുള്ള തെങ്കര പഞ്ചായത്തില്‍ എം ബി രാജേഷ് 1,152 വോട്ടിന് മുന്നിലെത്തി. മറ്റ് യുഡിഎഫ് പഞ്ചായത്തുകളില്‍ യുഡിഎഫ് വോട്ടുകള്‍ ഗണ്യമായി ചോര്‍ന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 12,577 വോട്ടായിരുന്നു ഇവിടെ യുഡിഎഫിന്റെ ഭൂരിപക്ഷം. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഷാഫി പറമ്പില്‍ 7,403 വോട്ടിന് തെരഞ്ഞെടുക്കപ്പെട്ട പാലക്കാട് നിയോജക മണ്ഡലത്തില്‍ രാജേഷ് നേടിയത് 8,169 വോട്ടിന്റെ ലീഡ്. തെരഞ്ഞെടുപ്പ്കഴിഞ്ഞ ദിവസംമുതല്‍ പാലക്കാട് വന്‍ ഭൂരിപക്ഷംകിട്ടുമെന്ന് യുഡിഎഫ് അവകാശവാദം ഉന്നയിച്ച മണ്ഡലത്തില്‍ എല്ലാം കീഴ്മേല്‍ മറിഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന പാലക്കാട് നഗരസഭാപരിധിയിലും കണ്ണാടി പഞ്ചായത്തിലും എല്‍ഡിഎഫ് യുഡിഎഫിനെ പിന്നിലാക്കി. പാലക്കാട് നഗരസഭാപരിധിയില്‍ 2,690 വോട്ടിന്റെ ലീഡും കണ്ണാടിയില്‍ 3,222 വോട്ടിന്റെ ലീഡും നേടി. കോണ്‍ഗ്രസ് ഭരിക്കുന്ന പിരായിരി പഞ്ചായത്തില്‍ വീരേന്ദ്രകുമാറിന് ലഭിച്ചത് 893 വോട്ടിന്റെ ലീഡ്്. 2009ല്‍ യുഡിഎഫിന് 794 വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയ കോങ്ങാട് ഇത്തവണ രാജേഷിന്റെ ഭൂരിപക്ഷം 14,361 വോട്ട്. ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ എസ് സലീഖയുടെ ഭൂരിപക്ഷം 13,493 ആയിരുന്നെങ്കില്‍ രാജേഷിന് കിട്ടിയത് 25,379 വോട്ടിന്റെ ലീഡ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത് 12,547 വോട്ടായിരുന്നു. മലമ്പുഴയാണ് രാജേഷിന്റെ നേട്ടത്തില്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത്. 2009ല്‍ 6,035 ആയിരുന്നത് 31,350 വോട്ടായി ഉയര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വി എസ് അച്യുതാനന്ദന്‍ ജയിച്ചത് 23,440 വോട്ടിന്.

ഒറ്റപ്പാലത്ത് 5,866ല്‍നിന്ന് എല്‍ഡിഎഫിന്റെ ഭൂരിപക്ഷം മൂന്നിരട്ടിയായി 19,579ല്‍ എത്തി. 2004 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിലെ എം ഹംസ ജയിച്ചത് 13,203 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു. ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫ് കോട്ടകള്‍ തകര്‍ത്തെറിഞ്ഞാണ് പി കെ ബിജു വെന്നിക്കൊടി പാറിച്ചത്. യുഡിഎഫിന്റെ കോട്ടയെന്നു വിശേഷിപ്പിച്ചിരുന്ന ചിറ്റൂരില്‍ 2009ല്‍ 25,472 വോട്ടിന്റെ ലീഡാണ് യുഡിഎഫ് നേടിയതെങ്കില്‍ ഇത്തവണ ഈ ഭൂരിപക്ഷമൊക്കെ മറികടന്ന് ബിജുവിന് 6,497 വോട്ടിന്റെ ലീഡ് നേടി. 2004ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ കെ അച്യുതന്റെ ഭൂരിപക്ഷം 12,330 വോട്ടായിരുന്നു. ചിറ്റൂര്‍ നിയോജക മണ്ഡലത്തില്‍ വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ്റ് ജനത ഭരിക്കുന്ന നല്ലേപ്പിള്ളി പഞ്ചായത്തില്‍ 3,237 വോട്ടിന്റെ ഭൂരിപക്ഷമുണ്ട് ബിജുവിന്. യുഡിഎഫ് ഭരിക്കുന്ന പട്ടഞ്ചേരി പഞ്ചായത്തില്‍ 570 വോട്ടിന്റെ ഭൂരിപക്ഷംമാത്രമാണ് കെ എ ഷീബക്കു കിട്ടിയത്. യുഡിഎഫിന്റെ വടകരപ്പതിയില്‍ കിട്ടിയത് 384വോട്ടിന്റെ ലീഡും. കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് ജനതയില്‍നിന്ന് ഒരുവിഭാഗം എല്‍ഡിഎഫിലേക്കു വന്നതും സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ നടന്ന ചിട്ടയായ പ്രവര്‍ത്തനവുമാണ് നേട്ടത്തിലേക്കു നയിച്ചത്. ചിറ്റൂരില്‍ കെ അച്യുതന്‍ നേരിട്ടാണ് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ്പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചതെന്നതും ശ്രദ്ധേയമാണ്. മേല്‍ഘടകത്തില്‍നിന്ന് ലഭിച്ച തെരഞ്ഞെടുപ്പ്ഫണ്ട് എംഎല്‍എ തെരഞ്ഞെടുപ്പ്പ്രവര്‍ത്തനത്തിന് ഉപയോഗിച്ചില്ലെന്ന ആക്ഷേപത്തിന് ഇവിടെ കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ തിരികൊളുത്തിക്കഴിഞ്ഞു . പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍പെടുന്ന ജില്ലയിലെ തൃത്താലയില്‍ 6,475 വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി അബ്ദുറഹിമാന്‍ നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എട്ട് പഞ്ചായത്തുകളില്‍ നാഗലശേരിയും തിരുമിറ്റക്കോടും ചാലിശേരിയും മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലീഡ് ചെയ്ത പഞ്ചായത്തുകള്‍. എന്നാല്‍, ഈ തെരഞ്ഞെടുപ്പില്‍ കപ്പൂര്‍ പഞ്ചായത്ത് ഒഴികെ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും എല്‍ഡിഎഫ് ഭൂരിപക്ഷം നേടി. 1991ന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പിലും തൃത്താല മണ്ഡലം ഇടതുപക്ഷത്തിനൊപ്പമാണ് നിലയുറപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍മാത്രമാണ് തൃത്താല അസംബ്ലി മണ്ഡലത്തില്‍ യുഡിഎഫ് വിജയിച്ചത്.

കണ്ണൂര്‍ കൈത്തെറ്റ് തിരുത്തി

എ കെ ജി യും ഇ കെ നായനാരുമടക്കമുള്ള മഹാരഥന്മാരായ ജനനേതാക്കളുടെയും എണ്ണമറ്റ രക്തസാക്ഷികളുടെയും ഓര്‍മകള്‍ സ്പന്ദിക്കുന്ന കണ്ണൂരിന്റെ ചുവന്ന മണ്ണ് ഇക്കുറി കണക്കുകൂട്ടല്‍ തെറ്റിച്ചില്ല. നാടിന്റെ മഹിതപാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ശ്രീമതിടീച്ചര്‍ക്ക് ഉജ്വല വിജയം സമ്മാനിച്ച ജനങ്ങള്‍ 2009ലെ കൈത്തെറ്റ് മധുരമായി തിരുത്തി. ആധികാരിക വിജയമാണ് എല്‍ഡിഎഫ് കണ്ണൂര്‍ മണ്ഡലത്തില്‍ നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 50.11 ശതമാനം വോട്ടു ലഭിച്ച സുധാകരന്റെ വോട്ടുവിഹിതം ഇത്തവണ 44.39 ശതമാനമായി കുറഞ്ഞു. 2009നെ അപേക്ഷിച്ച് 84,658 വോട്ട് വര്‍ധിച്ചിട്ടും യുഡിഎഫിന് 11,822 വോട്ട് കുറഞ്ഞു. അതേസമയം, എല്‍ഡിഎഫിനാകട്ടെ 37,895 വോട്ട് വര്‍ധിച്ചു. പോള്‍ ചെയ്ത വോട്ടിന്റെ 45.08 ശതമാനമാണ് ശ്രീമതിടീച്ചര്‍ക്കു ലഭിച്ചത്. യുഡിഎഫിന് ഭൂരിപക്ഷമുള്ളവയുള്‍പ്പെടെ എല്ലാ നിയമസഭാമണ്ഡലങ്ങളിലും എല്‍ഡിഎഫ് കുതിപ്പു നടത്തി. എന്നാല്‍ തങ്ങളുടെ സ്വാധീനമേഖലയിലടക്കം വോട്ടുകുറഞ്ഞതിന്റെ ജാള്യതയിലാണ് യുഡിഎഫ്.

കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിന്റെ പൊതുരാഷ്ട്രീയ സ്വഭാവം യുഡിഎഫിന് അനുകൂലമാണ്. 1952ല്‍ എ കെ ജിയെ ആദ്യമായി ലോക്സഭയിലെത്തിച്ച മണ്ഡലം തുടര്‍ന്നുള്ള കാല്‍നൂറ്റാണ്ടുകാലം ഉണ്ടായിരുന്നില്ല. പകരം തലശേരി മണ്ഡലമായിരുന്നു. 1977ലെ മണ്ഡലപുനര്‍വിഭജനത്തോടെയാണ് വീണ്ടും കണ്ണൂര്‍ നിലവില്‍വരുന്നത്. വലതുപക്ഷ രാഷ്ട്രീയത്തിന് നിര്‍ണായകസ്വാധീനമുള്ള നോര്‍ത്ത് വയനാട് നിയമസഭാമണ്ഡലംകൂടി ഉള്‍പ്പെട്ട കണ്ണൂര്‍, യുഡിഎഫിന്റെ സുരക്ഷിത താവളമായി മാറുകയായിരുന്നു. 1977 മുതല്‍ "98 വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ ഒരിക്കലൊഴികെ തുടര്‍ച്ചയായി യുഡിഎഫ് സ്ഥാനാര്‍ഥികളാണ് തെരഞ്ഞെടുക്കപ്പെട്ടത്. 1977ല്‍ സിപിഐ കൂടി ഉള്‍പ്പെട്ട കോണ്‍ഗ്രസ് മുന്നണി സ്ഥാനാര്‍ഥിയായി സി കെ ചന്ദ്രപ്പന്‍ തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത തവണ എല്‍ഡിഎഫിന്റെ ഭാഗമായി ജനവിധി തേടിയ ആന്റണി കോണ്‍ഗ്രസിലെ കെ കുഞ്ഞമ്പുവിനെയാണ് മണ്ഡലം വരിച്ചത്. പിന്നീട് തുടര്‍ച്ചയായി അഞ്ചു തവണ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഊഴം. എ പി അബ്ദുള്ളക്കുട്ടിയെ വിജയിപ്പിച്ച് 1999ലാണ് എല്‍ഡിഎഫ് മുല്ലപ്പള്ളിയുടെയും യുഡിഎഫിന്റെയും കുത്തക തകര്‍ക്കുന്നത്. 10247 വോട്ടിനാണ് അന്ന് മുല്ലപ്പള്ളി പരാജയപ്പെട്ടത്. 2004ല്‍ എല്‍ഡിഎഫ് കൂടുതല്‍ ശക്തമായ കുതിപ്പു നടത്തി. 83849 വോട്ടായിരുന്ന രണ്ടാം ഊഴത്തില്‍ അബ്ദുള്ളക്കുട്ടിയുടെ ഭൂരിപക്ഷം. മണ്ഡലം പുനഃസംഘടനയെ തുടര്‍ന്ന് 2009ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സുധാകരന്‍ വിജയിച്ചു. എന്നാല്‍, അഞ്ചുവര്‍ഷം എംപിയായിരുന്നിട്ടും മണ്ഡലത്തിനുവേണ്ടി ഒന്നും ചെയ്യാതിരുന്ന സുധാകരനോട് പ്രബുദ്ധരായ വോട്ടര്‍മാര്‍ ഇക്കുറി കണക്കുതീര്‍ത്തു.

deshabhimani

No comments:

Post a Comment