Thursday, May 29, 2014

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിന് റേഷന്‍ പുനഃസ്ഥാപിക്കണം: ഹൈക്കോടതി

കൊച്ചി: കോഴിക്കോട് മാനസികാരോഗ്യകേന്ദ്രത്തിന് അനുവദിച്ചിരുന്ന റേഷന്‍വിഹിതം വെട്ടിച്ചുരുക്കിയ സര്‍ക്കാര്‍നടപടി ഹൈക്കോടതി സ്റ്റേചെയ്തു. വെട്ടിക്കുറച്ച അരിയും ഗോതമ്പും പുനഃസ്ഥാപിക്കാനും ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാക്യഷ്ണന്‍, ജസ്റ്റിസ് കെ എബ്രഹാം മാത്യു എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടു. റേഷന്‍വിഹിതം വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കാന്‍ അധികൃതര്‍ ബുദ്ധിമുട്ടുന്നതായി ചൂണ്ടിക്കാട്ടി അമിക്കസ്ക്യൂറി അഡ്വ. സത്യപ്രിയ ഈശ്വരന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവ്. കോടതി ഉത്തരവുപ്രകാരം മാനസികാരോഗ്യകേന്ദ്രം സന്ദര്‍ശിച്ച അമിക്കസ്ക്യൂറി ആശുപത്രിസൂപ്രണ്ട് ഡോ. രവികുമാര്‍, ഡയറ്റീഷ്യന്‍ എസ് പി ഷാനിദ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.

മാസംതോറും 7,550 കിലോഗ്രാം വീതമുണ്ടായിരുന്ന അരി മൂവായിരവും 2500 വീതമുണ്ടായിരുന്ന ഗോതമ്പ് 1000 കിലോയുമാക്കി വെട്ടിക്കുറച്ചതായി കോഴിക്കോട് സൗത്ത് സിറ്റി റേഷനിങ് ഓഫീസറുടെ കത്ത് അമിക്കസ്ക്യൂറി കോടതിയില്‍ ഹാജരാക്കി. ഓരോരുത്തര്‍ക്കും അരി, ഗോതമ്പ് എന്നിവ യഥാക്രമം 3.5, 1.5 കിലോഗ്രാംവീതം നല്‍കിയാല്‍മതിയെന്ന് ചൂണ്ടിക്കാട്ടി അന്തേവാസികളുടെ എണ്ണം കണക്കാക്കിയാണ് വിഹിതം വെട്ടിക്കുറച്ചത്. അതേസമയം 476 പേര്‍ക്കുമാത്രം സൗകര്യമുള്ള ആശുപത്രിയില്‍ 617 പേര്‍ കഴിയുന്നതായും ഓരോരുത്തര്‍ക്കും 14 കിലോ അരിയും അഞ്ചുകിലോ ഗോതമ്പും മാസംതോറും ഭക്ഷണത്തിനായി ആവശ്യമുണ്ടെന്നും ഡയറ്റീഷ്യന്‍ അറിയിച്ചു. മുമ്പ് കിട്ടിക്കൊണ്ടിരുന്നതുതന്നെ മതിയാകാത്ത സാഹചര്യത്തിലാണ് ഉള്ളത് മൂന്നിലൊന്നാക്കിയത്. ഇപ്പോള്‍ രണ്ടുനേരംപോലും ഭക്ഷണം നല്‍കാനാവാത്ത അവസ്ഥയാണ്. ഭരണഘടനാപരമായും മനുഷ്യാവകാശപരമായും അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയ കോടതി എത്രയുംവേഗം വിഹിതം പുനഃസ്ഥാപിക്കാന്‍ ഉത്തരവിട്ടു.

deshabhimani

No comments:

Post a Comment