Sunday, May 18, 2014

കണ്ണൂര്‍ കൈത്തെറ്റ് തിരുത്തി

എ കെ ജി യും ഇ കെ നായനാരുമടക്കമുള്ള മഹാരഥന്മാരായ ജനനേതാക്കളുടെയും എണ്ണമറ്റ രക്തസാക്ഷികളുടെയും ഓര്‍മകള്‍ സ്പന്ദിക്കുന്ന കണ്ണൂരിന്റെ ചുവന്ന മണ്ണ് ഇക്കുറി കണക്കുകൂട്ടല്‍ തെറ്റിച്ചില്ല. നാടിന്റെ മഹിതപാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ശ്രീമതിടീച്ചര്‍ക്ക് ഉജ്വല വിജയം സമ്മാനിച്ച ജനങ്ങള്‍ 2009ലെ കൈത്തെറ്റ് മധുരമായി തിരുത്തി. ആധികാരിക വിജയമാണ് എല്‍ഡിഎഫ് കണ്ണൂര്‍ മണ്ഡലത്തില്‍ നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 50.11 ശതമാനം വോട്ടു ലഭിച്ച സുധാകരന്റെ വോട്ടുവിഹിതം ഇത്തവണ 44.39 ശതമാനമായി കുറഞ്ഞു. 2009നെ അപേക്ഷിച്ച് 84,658 വോട്ട് വര്‍ധിച്ചിട്ടും യുഡിഎഫിന് 11,822 വോട്ട് കുറഞ്ഞു. അതേസമയം, എല്‍ഡിഎഫിനാകട്ടെ 37,895 വോട്ട് വര്‍ധിച്ചു. പോള്‍ ചെയ്ത വോട്ടിന്റെ 45.08 ശതമാനമാണ് ശ്രീമതിടീച്ചര്‍ക്കു ലഭിച്ചത്. യുഡിഎഫിന് ഭൂരിപക്ഷമുള്ളവയുള്‍പ്പെടെ എല്ലാ നിയമസഭാമണ്ഡലങ്ങളിലും എല്‍ഡിഎഫ് കുതിപ്പു നടത്തി. എന്നാല്‍ തങ്ങളുടെ സ്വാധീനമേഖലയിലടക്കം വോട്ടുകുറഞ്ഞതിന്റെ ജാള്യതയിലാണ് യുഡിഎഫ്.

കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിന്റെ പൊതുരാഷ്ട്രീയ സ്വഭാവം യുഡിഎഫിന് അനുകൂലമാണ്. 1952ല്‍ എ കെ ജിയെ ആദ്യമായി ലോക്സഭയിലെത്തിച്ച മണ്ഡലം തുടര്‍ന്നുള്ള കാല്‍നൂറ്റാണ്ടുകാലം ഉണ്ടായിരുന്നില്ല. പകരം തലശേരി മണ്ഡലമായിരുന്നു. 1977ലെ മണ്ഡലപുനര്‍വിഭജനത്തോടെയാണ് വീണ്ടും കണ്ണൂര്‍ നിലവില്‍വരുന്നത്. വലതുപക്ഷ രാഷ്ട്രീയത്തിന് നിര്‍ണായകസ്വാധീനമുള്ള നോര്‍ത്ത് വയനാട് നിയമസഭാമണ്ഡലംകൂടി ഉള്‍പ്പെട്ട കണ്ണൂര്‍, യുഡിഎഫിന്റെ സുരക്ഷിത താവളമായി മാറുകയായിരുന്നു. 1977 മുതല്‍ "98 വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ ഒരിക്കലൊഴികെ തുടര്‍ച്ചയായി യുഡിഎഫ് സ്ഥാനാര്‍ഥികളാണ് തെരഞ്ഞെടുക്കപ്പെട്ടത്. 1977ല്‍ സിപിഐ കൂടി ഉള്‍പ്പെട്ട കോണ്‍ഗ്രസ് മുന്നണി സ്ഥാനാര്‍ഥിയായി സി കെ ചന്ദ്രപ്പന്‍ തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത തവണ എല്‍ഡിഎഫിന്റെ ഭാഗമായി ജനവിധി തേടിയ ആന്റണി കോണ്‍ഗ്രസിലെ കെ കുഞ്ഞമ്പുവിനെയാണ് മണ്ഡലം വരിച്ചത്. പിന്നീട് തുടര്‍ച്ചയായി അഞ്ചു തവണ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഊഴം. എ പി അബ്ദുള്ളക്കുട്ടിയെ വിജയിപ്പിച്ച് 1999ലാണ് എല്‍ഡിഎഫ് മുല്ലപ്പള്ളിയുടെയും യുഡിഎഫിന്റെയും കുത്തക തകര്‍ക്കുന്നത്. 10247 വോട്ടിനാണ് അന്ന് മുല്ലപ്പള്ളി പരാജയപ്പെട്ടത്. 2004ല്‍ എല്‍ഡിഎഫ് കൂടുതല്‍ ശക്തമായ കുതിപ്പു നടത്തി. 83849 വോട്ടായിരുന്ന രണ്ടാം ഊഴത്തില്‍ അബ്ദുള്ളക്കുട്ടിയുടെ ഭൂരിപക്ഷം. മണ്ഡലം പുനഃസംഘടനയെ തുടര്‍ന്ന് 2009ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സുധാകരന്‍ വിജയിച്ചു. എന്നാല്‍, അഞ്ചുവര്‍ഷം എംപിയായിരുന്നിട്ടും മണ്ഡലത്തിനുവേണ്ടി ഒന്നും ചെയ്യാതിരുന്ന സുധാകരനോട് പ്രബുദ്ധരായ വോട്ടര്‍മാര്‍ ഇക്കുറി കണക്കുതീര്‍ത്തു.

deshabhimani

No comments:

Post a Comment