Tuesday, May 20, 2014

"ഗുജറാത്ത് മോഡല്‍" പ്രചാരണം തടയാന്‍ കോണ്‍ഗ്രസിനായില്ല

യുപിഎ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച വിലക്കയറ്റവും അഴിമതിയും സൃഷ്ടിച്ച അതൃപ്തി വിജയകരമായി ചൂഷണം ചെയ്തതാണ് മോഡിയുടെ വിജയത്തിന് കാരണമെന്ന് സിപിഐ എം അഭിപ്രായപ്പെട്ടു. അസാധാരണമാംവിധം പണക്കൊഴുപ്പാര്‍ന്ന പ്രചാരണവും മാധ്യമപിന്തുണയുമാണ് മോഡിയെ അധികാരത്തിലെത്താന്‍ സഹായിച്ചതെന്ന് പൊളിറ്റ്ബ്യൂറോ യോഗത്തിനു ശേഷം പുറത്തിറങ്ങുന്ന "പീപ്പിള്‍സ് ഡെമോക്രസിയുടെ" മുഖപ്രസംഗം വിലയിരുത്തി. വികസനം, സല്‍ഭരണം എന്നീ മുദ്രാവാക്യങ്ങള്‍ക്കൊപ്പം ഹിന്ദുത്വ അജന്‍ഡയും സമര്‍ഥമായി ഉപയോഗിച്ചാണ് ബിജെപി വിജയിച്ചിട്ടുള്ളത്. വര്‍ഗീയധ്രുവീകരണം ലക്ഷ്യമാക്കിയാണ് മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയത്. തേനും പാലും ഒഴുക്കുന്ന നാടായി ഗുജറാത്ത് സംസ്ഥാനത്തെ മോഡി ഉയര്‍ത്തിക്കാട്ടിയപ്പോള്‍ അത് തകര്‍ക്കാര്‍ സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷ പാര്‍ടിയായ കോണ്‍ഗ്രസിന് കഴിഞ്ഞില്ല.

കോണ്‍ഗ്രസിന്റെ പരാജയത്തിന് പ്രധാന കാരണം ജനങ്ങളുടെ ജീവിതഭാരം വര്‍ധിപ്പിക്കുന്ന സാമ്പത്തികനയങ്ങളും അഴിമതിയും തന്നെയാണ്. അതോടൊപ്പം സ്വന്തം കേഡര്‍മാരെ സജീവമാക്കുന്നതിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. രാഷ്ട്രീയമായി ആളെക്കൂട്ടാന്‍ ഭീകരതയും ഭീഷണിപ്പെടുത്തലും വ്യാപകമായി ഉപയോഗിച്ചു. പ്രത്യേകിച്ചും പശ്ചിമബംഗാളില്‍. ഇത് തിരുത്താന്‍ തെരഞ്ഞെടുപ്പു കമീഷനില്‍നിന്ന് നടപടിയൊന്നും ഉണ്ടായില്ല. പണക്കൊഴുപ്പാര്‍ന്ന പ്രചാരണത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തണം. കോര്‍പറേറ്റ് ഫണ്ടിങ്, സ്ഥാനാര്‍ഥികള്‍ക്കു മാത്രം ചെലവിന് പരിധി തുടങ്ങിയ വിഷയങ്ങള്‍ പരിശോധിക്കപ്പെടണം. കോര്‍പറേറ്റുകള്‍ നേരിട്ട് രാഷ്ട്രീയ പാര്‍ടികള്‍ക്ക് ഫണ്ട് നല്‍കുന്നത് തടയണം. ജനാധിപത്യത്തിന്റെ വിജയത്തിനായി കോര്‍പറേറ്റ് ഫണ്ട് സ്വീകരിക്കാമെങ്കിലും അത് തെരഞ്ഞെടുപ്പു കമീഷന്‍ സ്വീകരിച്ച് ഒരു നിധിക്ക് രൂപംനല്‍കി രാഷ്ട്രീയ പാര്‍ടികള്‍ക്ക് നല്‍കുകയാണ് വേണ്ടത്. പണക്കൊഴുപ്പാര്‍ന്ന പ്രചാരണത്തിന് പണം ലഭിച്ചവര്‍ക്ക് പ്രതിഫലം നല്‍കാന്‍ തുടങ്ങുമ്പോള്‍ ജനങ്ങള്‍ക്കുമേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാന്‍ മോഡിസര്‍ക്കാര്‍ ആരംഭിക്കും. അതോടെ ബിജെപിയുടെ വിജയരഥം തകരും. ജനങ്ങളുടെ പ്രശ്നങ്ങളുയര്‍ത്തി സിപിഐ എം സമരങ്ങള്‍ തുടരുമെന്നും മുഖപ്രസംഗത്തില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment