Tuesday, May 27, 2014

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം ഇത്തവണയും അവതാളത്തില്‍

സ്വാശ്രയ പ്രൊഫഷണല്‍ മേഖലയില്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഇരട്ടത്താപ്പും നിക്ഷിപ്ത താല്‍പ്പര്യവുംമൂലം സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം അനിശ്ചിതത്വത്തില്‍. വിവിധ മാനേജ്മെന്റുകളോട് സര്‍ക്കാരിന്റെ വ്യത്യസ്ത സമീപനം പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. കത്തോലിക്ക സഭയുടെ നിയന്ത്രണത്തിലുള്ള നാലു മെഡിക്കല്‍ കോളേജുകളുടെ കാര്യത്തില്‍ ഒരുനയവും ന്യൂനപക്ഷ പദവിയുള്‍പ്പെടെയുള്ള 12 സ്വകാര്യ മെഡിക്കല്‍ കോളേജുകളുള്ള കേരള പ്രൈവറ്റ് മെഡിക്കല്‍ കോളേജ് അസോസിയേഷനോട് മറ്റൊരു നയവുമാണ് സര്‍ക്കാരിന്്.

സ്വാശ്രയ കോളേജുകളിലെ കഴിഞ്ഞ വര്‍ഷത്തെ പ്രവേശനം ആഗസ്തിലാണ് തുടങ്ങിയത്. ഇക്കുറിയും വൈകുമെന്ന് ഉറപ്പായി. കത്തോലിക്ക സഭയുടെ നേതൃത്വത്തിലുള്ള കേരള ക്രിസ്ത്യന്‍ പ്രൊഫഷണല്‍ മാനേജ്മെന്റ് ഫെഡറേഷനുമായി അവരുടെ താല്‍പ്പര്യപ്രകാരം സര്‍ക്കാര്‍ രഹസ്യധാരണയിലെത്തിയതാണ് മറു വിഭാഗത്തെ പ്രകോപിപ്പിച്ചത്. തൃശൂര്‍ ജൂബിലി മിഷന്‍, അമല, കോലഞ്ചേരി മെഡിക്കല്‍ മിഷന്‍, പുഷ്പഗിരി കോളേജുകളാണ് ഫെഡറേഷനു കീഴിലുള്ളത്. അമ്പതുശതമാനം സീറ്റ് സര്‍ക്കാര്‍ മെറിറ്റില്‍ ഈ നാലു കോളേജുകളിലും പ്രവേശിപ്പിക്കുമെങ്കിലും മാനേജ്മെന്റ് സീറ്റിലും മെറിറ്റ് സീറ്റിലും ഒരേ ഫീസാകും. മെറിറ്റ്-മാനേജ്മെന്റ് സീറ്റുകളില്‍ നാലുലക്ഷം രൂപയും എന്‍ആര്‍ഐ സീറ്റില്‍ പത്തുലക്ഷം രൂപയുമാണ് ഈ വര്‍ഷം ഫീസ് നിശ്ചയിച്ചിരിക്കുന്നതെന്ന് ഫെഡറേഷന്‍ വക്താവ് ടി ജെ ഇഗ്നേഷ്യസ് അറിയിച്ചു. എന്നാല്‍, ക്രിസ്ത്യന്‍ മാനേജ്മെന്റുകളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒത്തുകളി നടത്തുകയാണെന്നും ക്രോസ് സബ്സിഡി ഇല്ലാതെ എല്ലാവര്‍ക്കും ഒരേ ഫീസ് നിശ്ചയിച്ചത് സ്വാശ്രയ കരാറിന്റെ അടിത്തറ തകര്‍ക്കുമെന്നും കേരള പ്രൈവറ്റ് മെഡിക്കല്‍ കോളേജ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു. ഒരു വിഭാഗവുമായി രഹസ്യചര്‍ച്ച നടത്തി മെറിറ്റ്-മാനേജ്മെന്റ് സീറ്റുകളില്‍ ഒരേ ഫീസ് വാങ്ങാന്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍ ന്യൂനപക്ഷ പദവിയുള്ള കോളേജുകളുടെ പ്രതിനിധികള്‍ പങ്കെടുത്തില്ല.

ഫെഡറേഷന്റെ കീഴിലെ കോളേജുകളില്‍ കഴിഞ്ഞവര്‍ഷം അമ്പതുശതമാനം സര്‍ക്കാര്‍ മെറിറ്റ് സീറ്റില്‍ ബിപിഎല്‍ വിഭാഗത്തിന് 25,000 രൂപയും എപിഎല്‍ വിഭാഗക്കാര്‍ക്ക് ഒന്നരലക്ഷവും മാനേജ്മെന്റ് സീറ്റില്‍ ഏഴുലക്ഷം രൂപയും വാങ്ങാനായിരുന്നു അനുമതി. ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജുകാര്‍ക്ക് എല്ലാ സീറ്റിലും നാലുലക്ഷം രൂപ നിശ്ചയിച്ച് തങ്ങള്‍ക്ക് ഏഴുലക്ഷം രൂപ ഫീസ് നിശ്ചയിച്ചാല്‍ നിലവാരമുള്ള കുട്ടികളെല്ലാം അപ്പുറത്തുപോകുമെന്നും ഇത് അന്യായമാണെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു. ക്രോസ് സബ്സിഡി സമ്പ്രദായം എല്ലാ കോളേജുകള്‍ക്കും ബാധകമാക്കി കാലാനുസൃതമായ ഫീസ് വര്‍ധന അംഗീകരിച്ചാലേ സര്‍ക്കാരുമായി സഹകരിക്കൂ എന്ന് ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ വിവിധ മാനേജ്മെന്റുകളോടുള്ള സര്‍ക്കാരിന്റെ വ്യത്യസ്ത സമീപനം തിരുത്തണമെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി എം എ ബേബി അഭിപ്രായപ്പെട്ടു.

വി എം രാധാകൃഷ്ണന്‍ deshabhimani

No comments:

Post a Comment