Thursday, May 29, 2014

പാനൂരില്‍ ആര്‍എസ്എസ് കൊലവിളി തുടരുന്നു

പാനൂര്‍: വിളക്കോട്ടൂരില്‍ വീണ്ടും ആര്‍എസ്എസ് അക്രമം. കരിങ്കല്‍തൊഴിലാളി ആര്യപ്പള്ളിയില്‍ വര്‍ഗീസി (46)നെ ഇരുമ്പ്വടികൊണ്ട് അടിയേറ്റ പരിക്കോടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന വര്‍ഗീസിനെ ചൊവ്വാഴ്ച രാത്രി പത്തോടെ വിളക്കോട്ടൂര്‍ ലഡാക്കില്‍വച്ചാണ് 12അംഗ സംഘം ആക്രമിച്ച് പരിക്കേല്‍പിച്ചത്. കൊലവിളിമുഴക്കിയെത്തിയ സംഘം തടഞ്ഞുനിര്‍ത്തിയശേഷം അടിച്ചുവീഴ്ത്തുകയായിരുന്നു. ബിജെപി വിട്ടവരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന്റെ വിരോധമാണ് അക്രമത്തിന് പിന്നില്‍.

വര്‍ഷങ്ങളായി പ്രദേശത്ത് താമസിച്ച് ജോലിചെയ്യുന്നയാളാണ് വര്‍ഗീസ്. ബിജെപിക്ക് വിധേയമായി നില്‍കാനാവില്ലെങ്കില്‍ നാടും വീടും ഉപേക്ഷിച്ച് പോകാനാണ് കല്‍പന. സെന്‍ട്രല്‍ പൊയിലൂരിനടുത്ത കച്ചേരിമ്മല്‍ ആര്‍എസ്എസ് ഭീഷണിയെതുടര്‍ന്ന് രണ്ട് കുടുംബങ്ങള്‍ വീടും നാടും ഉപേക്ഷിച്ചിരുന്നു. ഏച്ചിലാട്ട്ചാലില്‍ ബുഷ്റ, സമീറ എന്നിവരുടെ കുടുംബമാണ് ആര്‍എസ്എസ്സിന്റെ നിരന്തരഭീഷണിയെ തുടര്‍ന്ന് വീടുപേക്ഷിച്ച് പോയത്. ഇതിന് പിറകെയാണ് ക്രിസ്ത്യന്‍സമുദായത്തില്‍പെട്ട തൊഴിലാളിയും ആക്രമിക്കപ്പെട്ടത്. പൊലീസിന്റെ നിഷ്ക്രിയത്വമാണ് അക്രമികള്‍ക്ക് വളമാകുന്നത്.

കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നതോടെ പ്രദേശത്തെ ആര്‍എസ്എസ്സുകാര്‍ മുസ്ലിം, ക്രിസ്ത്യന്‍ സമുദായത്തിനും സിപിഐ എമ്മിനും നേരെ വ്യാപക അക്രമമാണ് അഴിച്ചുവിടുന്നത്. ചെറുവാഞ്ചേരിയില്‍ സിപിഐ എം ഓഫീസും എ കെ ജി സ്മാരക ക്ലബ്ബും ആര്‍എസ്എസുകാര്‍ തകര്‍ത്തിരുന്നു. ഇതിന് പിന്നാലെ പത്തായക്കുന്നില്‍ നിരന്തരം ബോംബ്സ്ഫോടനം നടത്തി ഭീകരത സൃഷ്ടിച്ചു. ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ബ്രണ്ണന്‍കോളേജില്‍ അതിക്രമിച്ചുകയറി വിദ്യാര്‍ഥികളെയടക്കം ആക്രമിച്ചു. അക്രമപരമ്പരയില്‍ ഒടുവിലത്തേതാണ് പാനൂര്‍ വിളക്കോട്ടൂരിലേത്. പരിക്കേറ്റ വര്‍ഗീസിനെ സിപിഐ എം ജില്ലസെക്രട്ടറി പി ജയരാജന്‍ സന്ദര്‍ശിച്ചു.

മോഡിയിസത്തിന്റെ പരീക്ഷണശാലയാക്കുന്നു: പി ജയരാജന്‍

തലശേരി: പാനൂരിനെ മോഡിയിസത്തിന്റെ പരീക്ഷണശാലയാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് സിപിഐ എം ജില്ലസെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം പൊയിലൂര്‍, ചെറുവാഞ്ചേരി മേഖലകളില്‍ നിരന്തരമായ അക്രമമാണ്. സ്വന്തം വീടുകളില്‍ താമസിക്കാന്‍ പോലും ന്യൂനപക്ഷവിഭാഗങ്ങളെ അനുവദിക്കുന്നില്ല. പൊലീസാകട്ടെ അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുന്നു. അക്രമത്തില്‍ പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിളക്കോട്ടൂരിലെ വര്‍ഗീസിനെ സന്ദര്‍ശിച്ച ശേഷംമാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസ്-ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മുമായി സഹകരിക്കാന്‍ വരുന്നവരെ ലക്ഷ്യമിട്ടുള്ള അക്രമമാണിത്. ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ചെറുവാഞ്ചേരിയില്‍ സിപിഐ എം ഓഫീസും എ കെ ജി സ്മാരകവും തകര്‍ത്തിരുന്നു. പൊയിലൂര്‍ മേഖലയില്‍ മുസ്ലിംസമുദായം താമസിക്കുന്ന വീടുകള്‍ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന സ്ഥിതിയുണ്ടായി. അവരോട് പാകിസ്ഥാനിലേക്ക് പോകാനാണ് കല്‍പന. ബിജെപി അധികാരത്തില്‍ വന്നതോടെയാണിതെല്ലാം ആരംഭിച്ചത്. താമസസ്ഥലത്തുനിന്ന് ന്യൂനപക്ഷ ജനവിഭാഗങ്ങളെ അടിച്ചോടിക്കുകയാണ്. എന്നിട്ടും പൊലീസ് അനങ്ങുന്നില്ല. വീടുകള്‍ ഉപേക്ഷിച്ചവര്‍ എസ്പിക്കും കലക്ടര്‍ക്കും നിവേദനം നല്‍കിയിരുന്നു. ഒന്നും അറിഞ്ഞിട്ടില്ലെന്നാണ് എസ്പി പറയുന്നത്. അക്രമത്തിന് ഇരയാവുന്നവര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ പൊലീസ് തയ്യാറാകണം. അക്രമത്തിനെതിരെ ജനങ്ങളെ അണിനിരത്തുന്നതിന്റെ ഭാഗമായി 31ന് പാനൂരില്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ സത്യഗ്രഹം നടത്തും. അക്രമികളെ ഒറ്റപ്പെടുത്തണമെന്നും പി ജയരാജന്‍ അഭ്യര്‍ഥിച്ചു.

deshabhimani

No comments:

Post a Comment