Thursday, May 22, 2014

ആനന്ദിബെന്‍ പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രി

അഹമ്മദാബാദ്: ഗുജറാത്തിലെ പുതിയ മുഖ്യമന്ത്രിയായി ആനന്ദിബെന്‍ പട്ടേലിനെ തെരഞ്ഞെടുത്തു. അഹമ്മദാബാദില്‍ നടന്ന ബിജെപി എംഎല്‍എമാരുടെ യോഗം ആനന്ദിബെന്‍ പട്ടേലിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു.

നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതോടെയാണ് ആനന്ദിബെന്നിനെ തെരഞ്ഞെടുത്തത്. മോഡി മന്ത്രിസഭയില്‍ റവന്യൂ, നഗരവികസന വകുപ്പ് മന്ത്രിയായിരുന്ന ആനന്ദിബെന്‍ കേശുഭായ് പട്ടേല്‍ മന്ത്രിസഭയിലും അംഗമായിരുന്നു. മോഡി തന്നെയാണ് തന്റെ വിശ്വസ്ത അനുയായിയായ ആനന്ദി ബെന്‍ പട്ടേലിന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിര്‍ദേശിച്ചത്.

നേരത്തെ ഗുജറാത്ത് നിയമസഭ പ്രത്യേക യോഗം ചേര്‍ന്ന് മോഡിക്ക് യാത്രയയപ്പ് നല്‍കി. വൈകിട്ട് മൂന്നരയോടെ മോഡി ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കി. അധ്യാപികയായിരുന്ന ആനന്ദി ബെന്‍ പട്ടേല്‍ ഗുജറാത്തില്‍ മുഖ്യമന്ത്രിപദം അലങ്കരിക്കുന്ന ആദ്യ വനിതയാണ്.

ഒഡീഷയില്‍ നവീന്‍ പട്നായിക് സര്‍ക്കാര്‍ അധികാരമേറ്റു

ഭുവനേശ്വര്‍: ഒഡീഷയില്‍ നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദള്‍(ബിജെഡി) സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടര്‍ച്ചയായ നാലാം തവണയാണ് നവീന്‍ പട്നായിക് സര്‍ക്കാര്‍ ഒഡീഷയില്‍ അധികാരത്തില്‍ വരുന്നത്.

രാജ്ഭവനില്‍ രാവിലെ പത്തിന് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എസ് സി ജാമീര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. 21 മന്ത്രിമാരാണ് ഇത്തവണ സര്‍ക്കാരിലുള്ളത്. ഒഡീഷയിലെ 147 നിയമസഭാ സീറ്റുകളില്‍ 117 സീറ്റുകള്‍ നേടിയാണ് ബിജെഡി അധികാരം നിലനിര്‍ത്തിയത്.

സര്‍ക്കാര്‍ ഉണ്ടാക്കില്ലെന്ന് കെജ്രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇനി സര്‍ക്കാര്‍ രൂപീകരിയ്ക്കാനില്ലെന്ന് എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പിനെ നേരിടാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എംഎല്‍എമാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ വീണ്ടും സര്‍ക്കാരുണ്ടാക്കാന്‍ എഎപി ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍പിന്നീട് ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. അതിനിടെ എഎപിയെ പിന്തുണയ്ക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുകയും ചെയ്തു. മന്ത്രിസഭ രാജിവെച്ചത് തെറ്റായിരുന്നുവെന്ന് കെജ്രിവാള്‍ പറഞ്ഞു. അതിന് ജനങ്ങളോട് മാപ്പ് പറയുന്നു. നിയമസഭാതെരഞ്ഞെടുപ്പില്‍ അധികാരം ലഭിച്ച എഎപി 49 ദിവസത്തിനുശേഷം രാജിവെക്കുകയായിരുന്നു.

No comments:

Post a Comment