Sunday, June 1, 2014

സ്കൂള്‍ പിരീഡുകള്‍ എട്ടാക്കി; ഉച്ചഭക്ഷണസമയം കുറയ്ക്കില്ല

സ്കൂള്‍ ടൈംടേബിള്‍ പരിഷ്കരിച്ചുകൊണ്ടുള്ള എസ്സിഇആര്‍ടി ശുപാര്‍ശ ഭേദഗതികളോടെ പൊതുവിദ്യാഭ്യാസവകുപ്പ് അംഗീകരിച്ചു. ക്ലാസ് പിരീഡുകള്‍ ഏഴില്‍നിന്ന് എട്ടായി ഉയരും. നിലവിലുള്ള ഓരോ പിരീഡില്‍നിന്ന് അഞ്ചു മിനിറ്റുവീതം എടുത്ത് അധിക പിരീഡിന് സമയം കണ്ടെത്തുക. എന്നാല്‍, ഉച്ചഭക്ഷണസമയം കുറയ്ക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. ഉച്ചഭക്ഷണസമയം 12.40 മുതല്‍ 1.40 വരെയായിരിക്കും. ഉച്ചഭക്ഷസമയം 35 മിനിറ്റായി ചുരുക്കണമെന്നായിരുന്നു എസ്ഇആര്‍ടി ശുപാര്‍ശ. വിദ്യാഭ്യാസവകുപ്പിന്റെ ക്യൂഐപി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

സ്കൂളുകള്‍ തിങ്കളാഴ്ച തുറക്കും. മൂന്നരലക്ഷത്തോളം പുതിയ വിദ്യാര്‍ഥികള്‍ എത്തുമെന്നാണ് പ്രതീക്ഷ. സ്കൂള്‍ പ്രവേശനോത്സവത്തിന്റെ ഒരുക്കവും യോഗത്തില്‍ അവലോകനംചെയ്തു. എന്നാല്‍, തസ്തികനിര്‍ണയം പൂര്‍ത്തിയായപ്പോള്‍ പുറത്തായ 12,000 അധ്യാപകരെ സംരക്ഷിക്കുന്ന കാര്യത്തിലും ഇവര്‍ക്ക് ശമ്പളം അനുവദിക്കുന്നതിലും തീരുമാനമായില്ല. നാല്‍പ്പതുമുതല്‍ 45 മിനിറ്റുവരെയുണ്ടായിരുന്ന പിരീഡുകളുടെ ദൈര്‍ഘ്യം 35 മുതല്‍ 40 മിനിറ്റായി ചുരുങ്ങും. രാവിലെ പത്തിന്് ക്ലാസ് ആരംഭിക്കുന്ന സ്കൂളുകളില്‍ 10.40 വരെയായിരിക്കും ആദ്യ പിരീഡ്. രണ്ടാം പിരീഡ് 10.40 മുതല്‍ 11.20 വരെ. ഇതിനുശേഷം 10 മിനിറ്റ് ഇടവേള. 11.30 മുതല്‍ 12.05 വരെയും 12.05 മുതല്‍ 12.40 വരെയുമുള്ള പിരീഡുകള്‍ക്കുശേഷം 1.40 വരെ ഉച്ചഭക്ഷണസമയം. ഉച്ചയ്ക്കുശേഷമുള്ള പിരീഡുകളുടെ ദൈര്‍ഘ്യം: 1.40-2.15, 2.15-2.50, 2.50-2.55 (ഇടവേള), 2.55-3.30, 3.30-4.00 എന്നിങ്ങനെയായിരിക്കും. ദൈര്‍ഘ്യം കുറഞ്ഞ പിരീഡുകളില്‍ ഒരേവിഷയം ആവര്‍ത്തിച്ച് വരുന്നത് ഒഴിവാക്കണം.

സര്‍ഗവേളയുടെ ചുമതല അതത് അധ്യാപകര്‍ക്ക് നല്‍കണം. കലാകായിക പ്രവൃത്തിപരിചയമേഖലകളില്‍ കുട്ടികള്‍ക്ക് പഠനാവസരം ലഭിക്കത്തക്കവിധം അധ്യാപകരെ വിന്യസിക്കണമെന്നും തീരുമാനമുണ്ട്. പൊതുവദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ക്ലസ്റ്റര്‍ യോഗങ്ങള്‍, അധ്യാപക പരിശീലനത്തില്‍ പങ്കെടുക്കാത്തവര്‍ക്കുള്ള പരിശീലന തീയതികള്‍ എന്നിവയും തീരുമാനിച്ചിട്ടുണ്ട്. യോഗത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഗോപാലകൃഷ്ണ ഭട്ട്, എഡിപിഐ ആര്‍ രാജന്‍, കെ എന്‍ സുകുമാരന്‍ (കെഎസ്ടിഎ), കെ സലാഹുദ്ദീന്‍ (ജിഎസ്ടിയു) തുടങ്ങി അധ്യാപക സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

deshabhimani

No comments:

Post a Comment