Sunday, June 1, 2014

ഏകീകൃത സിവില്‍കോഡില്‍ ചര്‍ച്ച വേണമെന്ന് കേന്ദ്രമന്ത്രി

രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച വേണമെന്ന് കേന്ദ്ര കൃഷിമന്ത്രിയും ബിജെപി നേതാവുമായ രാധാ മോഹന്‍സിങ്. ജമ്മു-കശ്മീരിന് പ്രത്യേക പദവിനല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കുന്ന കാര്യം ഭരണഘടനയുടെ ഭാഗമായി തുടരുന്ന കാര്യം പുനഃപരിശോധിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്രസിങ് പ്രഖ്യാപിച്ചിരുന്നു. മുസ്ലിങ്ങള്‍ ഇപ്പോള്‍ ന്യൂനപക്ഷമല്ലെന്നും പാഴ്സികളാണ് ന്യൂനപക്ഷങ്ങളുടെ പരിഗണന അര്‍ഹിക്കുന്നതെന്നും ന്യൂനപക്ഷമന്ത്രി നജ്മ ഹെപ്ത്തുള്ളയും അഭിപ്രായപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായാണ് ആര്‍എസ്എസ് പ്രചാരകനായ കേന്ദ്ര കൃഷിമന്ത്രിയുടെ വിവാദപ്രസ്താവന.

തീവ്രഹിന്ദുത്വ അജന്‍ഡയില്‍ അയോധ്യയിലെ രാമക്ഷേത്രനിര്‍മാണത്തിനു പുറമെയുള്ള രണ്ട് വിഷയങ്ങളാണ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കലും 370-ാം വകുപ്പ് റദ്ദാക്കലും. ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ കുഴപ്പമൊന്നുമില്ലെന്നാണ് കൃഷിമന്ത്രി പറഞ്ഞത്. അനുകൂലവും പ്രതികൂലവുമായി ഉയരുന്ന വാദങ്ങള്‍ കേള്‍ക്കുന്നതില്‍ ലജ്ജിക്കേണ്ടതില്ല- മന്ത്രി പറഞ്ഞു. ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്ന് ലോക്സഭാതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്രമോഡി പ്രഖ്യാപിച്ചിരുന്നു. രാമക്ഷേത്രം, ഏകീകൃത സിവില്‍കോഡ്, 370-ാം വകുപ്പിന്റെ റദ്ദാക്കല്‍ എന്നിവയില്‍ വിട്ടുവീഴ്ചയില്ലെന്നും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പാക്കണമെന്നത് സംഘപരിവാര്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യമാണ്. മുസ്ലിം, ക്രൈസ്തവ, സിഖ് വിഭാഗങ്ങള്‍ക്ക് നിലവിലുള്ള നിയമങ്ങള്‍ ഹിന്ദുതാല്‍പ്പര്യങ്ങള്‍ക്ക് എതിരാണെന്ന് ആര്‍എസ്എസ് പ്രചരിപ്പിക്കുന്നു. പാര്‍ലമെന്റില്‍ മതിയായ ഭൂരിപക്ഷം ലഭിച്ചാല്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്നതാണ് ബിജെപിയുടെ പ്രഖ്യാപിതനയം. മൃദുവായ സ്വരത്തിലാണ് വിവാദവിഷയങ്ങള്‍ ഇപ്പോള്‍ അവതരിപ്പിക്കുന്നതെങ്കിലും ഇതിനു പിന്നിലുള്ള ഉദ്ദേശ്യം വ്യക്തമാണ്. ശക്തമായ വര്‍ഗീയപ്രചാരണം അഴിച്ചുവിട്ടാണ് ബിജെപി ഉത്തര്‍പ്രദേശിലും ബിഹാറിലും നേട്ടമുണ്ടാക്കിയത്. മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ്, ഡല്‍ഹി, ജമ്മു-കശ്മീര്‍ സംസ്ഥാനങ്ങളില്‍ ഇക്കൊല്ലവും ബിഹാറില്‍ അടുത്തവര്‍ഷവും നിയമസഭാതെരഞ്ഞെടുപ്പ് നടക്കും. ലോക്സഭാതെരഞ്ഞെടുപ്പില്‍ വിജയിച്ച തന്ത്രം നിയമസഭാതെരഞ്ഞെടുപ്പുകളിലും പരീക്ഷിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

deshabhimani

2 comments: