Friday, April 17, 2015

മറക്കില്ല ചോരയില്‍ മുങ്ങിയ മാര്‍ച്ച് 18

ഹിമാചലില്‍ വിദ്യാര്‍ഥിസമരത്തിന് നേതൃത്വം നല്‍കുന്ന വിക്രംസിങ്, ഫാല്‍മ ചൗഹാന്‍ എന്നിവര്‍ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി ശിവദാസനൊപ്പം

സമര്‍ മുഖര്‍ജി നഗര്‍ > ഹിമാചല്‍പ്രദേശിലെ പുരോഗമന വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ ദീര്‍ഘനാളത്തെ പോരാട്ടചരിത്രത്തില്‍ ഏറ്റവും രക്തപങ്കിലമായ ദിനം- മാര്‍ച്ച് 18. വീരഭദ്രസിങ് നയിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പിന്തിരിപ്പന്‍ വിദ്യാഭ്യാസനയങ്ങള്‍ക്കെതിരെ വിദ്യാര്‍ഥികളാകെ തെരുവിലിറങ്ങിയ ദിവസം. തൂവെള്ളക്കൊടി കൈയിലേന്തി വിപ്ലവമുദ്രാവാക്യങ്ങളുയര്‍ത്തി ഷിംലയിലെ നിയമസഭാമന്ദിരത്തിലേക്ക് മാര്‍ച്ച് ചെയ്ത നൂറുകണക്കിന് വിദ്യാര്‍ഥികള്‍ അധികാരകേന്ദ്രങ്ങളെ വിറകൊള്ളിച്ചു.

വിദ്യാര്‍ഥിമുന്നേറ്റത്തില്‍ അസ്വസ്ഥനായ വീരഭദ്രസിങ് ഏതുവിധേനയും സമരത്തെ അടിച്ചമര്‍ത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കി. മുമ്പെങ്ങുമില്ലാത്തവിധം ക്രൂരമായ വിദ്യാര്‍ഥിവേട്ടയ്ക്ക് ഷിംല നഗരം വേദിയായി. പൊലീസ് മര്‍ദനത്തിന്റെ അടയാളമുദ്രകള്‍ ശരീരത്തില്‍ ഏറ്റുവാങ്ങിയ വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ അടുത്തദിവസം ദേശീയ മാധ്യമങ്ങളില്‍പ്പോലും നിറഞ്ഞു. മനുഷ്യാവകാശ കമീഷന്‍ വിശദീകരണം തേടി.

ഉജ്വലമായ വിദ്യാര്‍ഥിപ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയവര്‍ കഴിഞ്ഞ ഒരുമാസമായി ഇരുമ്പഴിക്കുള്ളിലാണ്. പൊലീസിന്റെ ക്രൂരമര്‍ദനത്തിന് ഇരയായ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി ശിവദാസന്‍ സിപിഐ എം പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധിയായി സമര്‍ മുഖര്‍ജി നഗറിലുണ്ട്. വിദ്യാര്‍ഥിസമരത്തിന് എല്ലാ സഹായവും ഒരുക്കിയ എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് ഫാല്‍മ ചൗഹാനും വിദ്യാര്‍ഥിനേതാവ് വിക്രംസിങ്ങും ശിവദാസനൊപ്പം സമരാനുഭവങ്ങള്‍ പങ്കുവച്ചു. മാര്‍ച്ച് 18ലെ വിദ്യാര്‍ഥിമുന്നേറ്റത്തെ അടിച്ചമര്‍ത്താന്‍ പൊലീസ് സ്വീകരിച്ച മനുഷ്യത്വരഹിതമായ മര്‍ദനമുറകള്‍ വിശദീകരിക്കുമ്പോള്‍ ഫാല്‍മയ്ക്ക് പലപ്പോഴും വാക്കുകള്‍ മുറിഞ്ഞു.

വിദ്യാര്‍ഥികള്‍ മുഖ്യമായും മൂന്ന് ആവശ്യങ്ങളാണ് മുന്നോട്ടുവച്ചിരുന്നത്. ഒന്ന്, ഉന്നതവിദ്യാഭ്യാസരംഗത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന റൂസ സംവിധാനം പിന്‍വലിക്കുക. രണ്ട്, അന്യായമായ ഫീസ് വര്‍ധന അവസാനിപ്പിക്കുക. മൂന്ന്, കലാലയങ്ങളിലെ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കുക. റൂസ നടപ്പായതിലൂടെ നിലവില്‍വന്ന പ്രധാന പരിഷ്കാരം സെമസ്റ്റര്‍ സമ്പ്രദായമാണ്.

എന്നാല്‍, ഒരു ഗൃഹപാഠവുമില്ലാതെ സെമസ്റ്റര്‍ സംവിധാനം നടപ്പാക്കുകവഴി ഉന്നതവിദ്യാഭ്യാസമാകെ അലങ്കോലപ്പെട്ടു. ആവശ്യത്തിന് അധ്യാപകരില്ലാത്തതിനാല്‍ സെമസ്റ്ററുകള്‍ പലപ്പോഴും നീണ്ടു. കൃത്യസമയത്ത് പരീക്ഷ നടക്കില്ല. പരീക്ഷകള്‍ നടന്നാല്‍തന്നെ ഫലം വരുന്നത് മാസങ്ങള്‍ക്കുശേഷം. മൂന്നുവര്‍ഷംകൊണ്ട് തീരേണ്ട ബിരുദകോഴ്സുകള്‍ അഞ്ചുവര്‍ഷംവരെ നീണ്ടു. യുജിസിവഴി എത്തിയിരുന്ന കേന്ദ്രഫണ്ടുകള്‍ റൂസയിലേക്ക് മാറിയതോടെ ഉന്നതരുടെ പോക്കറ്റുകളിലേക്ക് പോയിത്തുടങ്ങി.

ഒരുവര്‍ഷംമുമ്പ് അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ എല്ലാതരത്തിലുള്ള ഫീസുകളും പലമടങ്ങ് വര്‍ധിപ്പിച്ചു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് വിലക്കി. തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി എസ്എഫ്ഐ ജയിക്കുന്നതാണ് കോണ്‍ഗ്രസിന് പ്രകോപനമായത്. എന്‍എസ്യുവും എബിവിപിയും സഖ്യത്തില്‍ മത്സരിച്ചിട്ടും വിദ്യാര്‍ഥികള്‍ വിശ്വാസമര്‍പ്പിച്ചത് എസ്എഫ്ഐയില്‍.

നിയമസഭാമാര്‍ച്ചില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ എത്തിയിരുന്നു. മാര്‍ച്ച് ഉദ്ഘാടനംചെയ്തത് ശിവദാസന്‍. ഒരു പ്രകോപനവുമില്ലാതെ പൊലീസ് ലാത്തി വീശി. കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ചുടുകട്ടകള്‍കൊണ്ട് എറിഞ്ഞുവീഴ്ത്തിയ ശേഷമായിരുന്നു മര്‍ദനം. സിപിഐ എം ഓഫീസില്‍ അതിക്രമിച്ചുകയറിയാണ് ശിവദാസന്‍ അടക്കമുള്ളവരെ പൊലീസ് അറസ്റ്റുചെയ്തതും ലോക്കപ്പിലടച്ച് ക്രൂരമായി മര്‍ദിച്ചതും. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് പുനിത് ഝണ്ഡ, സെക്രട്ടറി സുരേഷ് സര്‍വാള്‍ എന്നിവരടക്കം ആറുപേര്‍ ഇപ്പോഴും ജാമ്യം കിട്ടാതെ ജയിലിലാണ്- ഫാല്‍മ പറഞ്ഞു.

ഹിമാചലിലെ വിദ്യാര്‍ഥിപ്രവര്‍ത്തകരുടെ നിശ്ചയദാര്‍ഢ്യത്തെക്കുറിച്ചാണ് ശിവദാസന് പറയാനുണ്ടായിരുന്നത്. 30 വര്‍ഷംവരെ അകത്തുകിടക്കാന്‍ വഴിയൊരുക്കുംവിധം വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുമെന്ന പൊലീസിന്റെ ഭീഷണിക്കുമുന്നില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പതറിയില്ല. രക്തം തരും ജീവന്‍ തരും ഇല്ലാ ഞങ്ങള്‍ പിന്നോട്ട് എന്ന ആവേശകരമായ മുദ്രാവാക്യങ്ങള്‍ക്കുമുന്നില്‍ പൊലീസ് പത്തിതാഴ്ത്തിയെന്ന് ശിവദാസന്‍ പറഞ്ഞു. സമരം അവസാനിച്ചിട്ടില്ല. ഇപ്പോള്‍ പരീക്ഷക്കാലമാണ്. അതിനുശേഷം കൂടുതല്‍ ഊര്‍ജിതമായി പ്രക്ഷോഭങ്ങള്‍ തുടരും- ഫാല്‍മ വ്യക്തമാക്കി.

എം പ്രശാന്ത്

No comments:

Post a Comment