Tuesday, July 12, 2016

വിലക്കയറ്റത്തിന്റെ ഉത്തരവാദി

അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കുമെന്നതായിരുന്നു മോഡിസര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന്. എന്നാല്‍, കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ രാജ്യത്ത് അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. വിലവര്‍ധന എല്ലാ മുന്‍കാല റെക്കോഡും തകര്‍ത്തു. വന്‍കിട വ്യാപാരികള്‍ക്കും സ്വതന്ത്രവിപണിക്കും അനുകൂലമായ കേന്ദ്രനയങ്ങളാണ് ഇതിന് കാരണം.

യുപിഎ സര്‍ക്കാരിനെപ്പോലെതന്നെ മോഡിസര്‍ക്കാരും വില നിശ്ചയിക്കുന്നതിന് 'കമ്പോളശക്തി'കള്‍ക്ക് പരിപൂര്‍ണ സ്വാതന്ത്യ്രം നല്‍കിയതാണ് ഈ സാഹചര്യമൊരുക്കിയത്. തെറ്റായ കയറ്റുമതി– ഇറക്കുമതി നയങ്ങളും പെട്രോളിയം നയങ്ങളും അവധിവ്യാപാരത്തിലെ അനാസ്ഥയും പൊതുവിതരണസമ്പ്രദായങ്ങളെ ദുര്‍ബലപ്പെടുത്തുന്നതും വിലക്കയറ്റത്തിന് അനുകൂലസാഹചര്യം ഒരുക്കുകയാണ്.

പരിപ്പ്, ഉഴുന്ന് എന്നിവയടക്കം പയര്‍വര്‍ഗങ്ങളുടെ വില, മോഡി അധികാരത്തില്‍ ഏറുന്നതിനുമുമ്പ് ഉള്ളതിനേക്കാള്‍ ഏകദേശം 140 ശതമാനമാണ് വര്‍ധിച്ചത്. പച്ചക്കറികളുടെ വിലയും കഴിഞ്ഞ മൂന്നുമാസത്തിനിടയില്‍ 120 ശതമാനത്തിലേറെ വര്‍ധിച്ചു. ഉരുളക്കിഴങ്ങിന്റെ വില ഇരട്ടിയായി. 2014 ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഉള്ളിവില കുതിച്ചുയര്‍ന്നു. കിലോഗ്രാമിന് 100 രൂപയില്‍ അധികമായി.

—അരിയുടെയും ഗോതമ്പിന്റെയും പഞ്ചസാരയുടെയും വില വന്‍തോതില്‍ വര്‍ധിച്ചു. ഒരുകിലോഗ്രാം പഞ്ചസാരയ്ക്ക് ഇതിനകം 50 രൂപയിലധികമായി. വിലവര്‍ധനയുടെ അനന്തരഫലമായി നിരവധി അവശ്യ ഭക്ഷ്യസാധനങ്ങളുടെ ഉപഭോഗം രാജ്യത്ത് കുറഞ്ഞു. പയര്‍വര്‍ഗങ്ങളുടെ പ്രതിശീര്‍ഷ ഉപഭോഗം തുടര്‍ച്ചയായി കുറഞ്ഞു. 1951ല്‍ പ്രതിശീര്‍ഷ ഉപഭോഗം 61 ഗ്രാമായിരുന്നത് 2013ല്‍ ഏകദേശം 42 ഗ്രാമായി കുറഞ്ഞു. ഇപ്പോള്‍ അതിലും കുറഞ്ഞു. ജനങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന അത്യാവശ്യ പോഷകാഹാരം തട്ടിപ്പറിക്കുകയാണ്. ഇന്ത്യ കടുത്ത പോഷകദാരിദ്യ്രം അനുഭവിക്കുന്ന ഏറ്റവും അധികം ജനങ്ങളുള്ള രാജ്യമായി തുടരവെയാണിത്. 20 കോടിയിലേറെ ആളുകള്‍ നിത്യവും പട്ടിണിയിലാണ്. പോഷകാഹാരക്കുറവുമൂലം ഇന്ത്യയില്‍ പ്രതിദിനം 3000 കുട്ടികളാണ് രോഗം ബാധിച്ച് മരിക്കുന്നത്. 58 ശതമാനം കുട്ടികള്‍ വളര്‍ച്ച മുരടിച്ചവരാണ്. ഗ്രാമീണ ഇന്ത്യയിലെ 70 ശതമാനം സ്ത്രീകള്‍ വിളര്‍ച്ച ബാധിച്ചവരാണ്.

ബിപിഎല്‍ കുടുംബങ്ങളുടെ വരുമാനത്തിന്റെ 70 ശതമാനവും എപിഎല്‍ കുടുംബങ്ങളുടെ വരുമാനത്തിന്റെ 50 ശതമാനവുമാണ് ഭക്ഷണാവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്നത്. അതുകൊണ്ട് ഭക്ഷ്യസാധനങ്ങളുടെ വിലയിലുണ്ടാകുന്ന ഏറ്റവും ചെറിയ വര്‍ധനപോലും രാജ്യത്ത് പട്ടിണി വര്‍ധിപ്പിക്കുന്നു. ഇത് മഹാഭൂരിപക്ഷം പേരുടെയും ആരോഗ്യത്തിലും ജീവിത ഗുണനിലവാരത്തിലും വിനാശകരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്.

കുത്തകപ്രീണനം

സര്‍ക്കാരിന്റെ തെറ്റായ കയറ്റുമതി– ഇറക്കുമതി നയങ്ങളാണ് രാജ്യത്ത് അവശ്യവസ്തുക്കളുടെ വില മിസൈല്‍ വേഗത്തിലാക്കുന്നത്. വന്‍കിട വ്യാപാരികളെ കൊള്ളലാഭമടിക്കാന്‍ അനുവദിക്കുന്നതിന് മോഡിസര്‍ക്കാര്‍ ബോധപൂര്‍വം ഇറക്കുമതിയില്‍ കാലതാമസം വരുത്തുന്നതാണ് ഈ അവസ്ഥയ്ക്ക് പ്രധാന കാരണം. വരള്‍ച്ചമൂലം 2014–15ല്‍ പയര്‍വര്‍ഗങ്ങളുടെ ഉല്‍പ്പാദനം ഇടിഞ്ഞപ്പോള്‍ത്തന്നെ സര്‍ക്കാര്‍ പയര്‍വര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്ത് ആവശ്യത്തിന് സംഭരിക്കണമായിരുന്നു. എന്നാല്‍, ഒന്നും ചെയ്തില്ല. ഇത് വിലവര്‍ധനയ്ക്ക് കാരണമായി. പിന്നീട് നാമമാത്രമായി അവ ഇറക്കുമതിചെയ്തു. ഈ സമയത്ത് അന്താരാഷ്ട്രവിപണിയില്‍ വില കുതിച്ചുയരുകയും ലഭ്യത ഗണ്യമായി കുറയുകയും ചെയ്തു. കര്‍ഷകര്‍ക്ക് ഒരുകിലോ പരിപ്പിന് 40 രൂപയോളംമാത്രം ലഭിച്ചപ്പോള്‍ 2015 സെപ്തംബര്‍, നവംബര്‍ മാസങ്ങളില്‍ ഒരുകിലോ പരിപ്പിന് ഉപഭോക്താവ് 200 രൂപ കൊടുക്കേണ്ടിവന്നു. പൂഴ്ത്തിവയ്പുകാര്‍ എത്ര ഭീമമായ ലാഭമാണ് എടുത്തതെന്നതിന് ഒരു ഉദാഹരണമാണിത്.

കര്‍ഷകരെ സഹായിക്കാനെന്ന പേരില്‍ മോഡിസര്‍ക്കാര്‍ കാര്‍ഷികോല്‍പ്പാദന വിപണന സമിതിയെ ഒഴിവാക്കിയതും തിരിച്ചടിയായി. തുടക്കത്തില്‍ അവര്‍ സംഭരണമാനദണ്ഡങ്ങളില്‍ ഇളവുവരുത്തി. എന്നിട്ട് വില വര്‍ധിച്ചശേഷം അവര്‍ അവ കര്‍ക്കശമാക്കി. ഈ 'സ്വാതന്ത്യ്രങ്ങള്‍' എല്ലാംതന്നെ യഥാര്‍ഥത്തില്‍ വന്‍കിട വ്യാപാരികളെയും കൊള്ളലാഭമടിക്കുന്നവരെയും സഹായിക്കാനായിരുന്നു.

പെട്രോളിയം വിലനയത്തിന്റെ പ്രത്യാഘാതം

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനയവും അവശ്യസാധനങ്ങളുടെ വിലവര്‍ധനയ്ക്ക് ആക്കംകൂട്ടി. മോഡിസര്‍ക്കാരിന്റെ പെട്രോളിയം വിലനയം പ്രത്യക്ഷത്തില്‍തന്നെ വിലക്കയറ്റത്തിന് ഉത്തരവാദിയാണ്. രണ്ടുവര്‍ഷത്തിനിടയില്‍ ക്രൂഡോയിലിന്റെ അന്താരാഷ്ട്രവില 62 ശതമാനത്തിലധികം കുറഞ്ഞു. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ സ്വന്തം വരുമാനം വര്‍ധിപ്പിക്കുന്നതിനായി ഈ കാലഘട്ടത്തില്‍ അഞ്ചുതവണ എണ്ണയുടെ എക്സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചു. ക്രൂഡോയില്‍വില കുറഞ്ഞതുമൂലം  2.14 ലക്ഷം കോടി രൂപയോളം നേട്ടമുണ്ടാക്കാനായി. ഇത് ഉപയോക്താക്കള്‍ക്ക് ഗുണമാകേണ്ടതായിരുന്നു. എന്നാല്‍, സംഭവിച്ചത് മറിച്ചാണ്.

രണ്ടുവര്‍ഷത്തിനിടയില്‍ ഡീസല്‍വില 23 തവണയും പെട്രോള്‍വില 20 തവണയുമാണ് വര്‍ധിപ്പിച്ചത്. പെട്രോളിന്റെ യഥാര്‍ഥ ഉല്‍പ്പാദനച്ചെലവ് ഇപ്പോള്‍ ലിറ്ററിന് ഏകദേശം 26 രൂപയാണ്. എന്നാല്‍, രാജ്യത്ത് അത് വില്‍ക്കുന്നത് ലിറ്ററിന് 67 രൂപയ്ക്കുമുകളിലും. സര്‍ക്കാരിന്റെ ചുങ്കങ്ങളും നികുതികളുംമൂലമാണ് ഈ ഭീമമായ അന്തരമുണ്ടാകുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉയര്‍ന്ന വില എല്ലാ അവശ്യസാധനങ്ങളുടെയും വിലയില്‍ തുടര്‍പ്രത്യാഘാതമുണ്ടാക്കുന്നു. വരള്‍ച്ചമൂലം കടുത്ത ജലക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ഡീസല്‍ വിലവര്‍ധന കര്‍ഷകരെ ദുരിതത്തിലാക്കുന്നു.

അവശ്യ കാര്‍ഷികോല്‍പ്പന്നങ്ങളുടെ അവധിവ്യാപാരത്തില്‍ ചരക്കുകൈമാറ്റത്തിലെ ഊഹക്കച്ചവടവും വിലവര്‍ധനയൊരുക്കുന്നു. പല ഉല്‍പ്പാദകരാജ്യങ്ങളിലെയും പ്രതികൂല  കാലാവസ്ഥ സൂചിപ്പിക്കുന്നത് ആഗോളതലത്തില്‍ ഈ വര്‍ഷം വില വര്‍ധിക്കാനിടയുണ്ടെന്നാണ്. ഇത് വ്യാപാരത്തില്‍ ഊഹക്കച്ചവടക്കാരുടെ താല്‍പ്പര്യം വര്‍ധിക്കാനിടയാക്കും. ഇപ്പോള്‍ ഗോതമ്പ്, പഞ്ചസാര, പയര്‍വര്‍ഗങ്ങള്‍, ഉരുളക്കിഴങ്ങ് ഉള്‍പ്പെടെയുള്ള എല്ലാ അവശ്യ കാര്‍ഷികോല്‍പ്പന്നങ്ങളുടെ കാര്യത്തിലും അവധിവ്യാപാരം അനുവദിച്ചു. അവശ്യ കാര്‍ഷികോല്‍പ്പന്നങ്ങളുടെ അവധിവ്യാപാരം നിരോധിക്കണമെന്ന പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശ അവഗണിച്ചാണ് ഈ തീരുമാനം.

പൊതുവിതരണ സമ്പ്രദായം തകര്‍ത്തു

രാജ്യത്ത് നിലവിലുണ്ടായിരുന്ന പൊതുവിതരണ സംവിധാനങ്ങള്‍ തകര്‍ക്കാന്‍ മോഡിസര്‍ക്കാര്‍ നടത്തുന്ന ശ്രമം വിലക്കയറ്റത്തിനുള്ള പ്രധാന കാരണമാണ്. നിയന്ത്രിതവിലയ്ക്ക് സാധനങ്ങളുടെ വില്‍പ്പന ഉറപ്പാക്കാന്‍ പൊതുവിതരണ സംവിധാനത്തിലൂടെയുള്ള സര്‍ക്കാരിന്റെ ഇടപെടല്‍ അനുപേക്ഷണീയമാണ്. എന്നാല്‍, സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാനിയമം അട്ടിമറിക്കുന്നതിന് പണിപ്പെടുകയാണ്. നിയമമാകട്ടെ തീര്‍ത്തും അപര്യാപ്തവുമാണ്. എന്നാല്‍, ഗ്രാമീണ ജനസംഖ്യയില്‍ 75 ശതമാനംപേര്‍ക്കും അത് ആശ്വാസമാകുന്നു. ഗോതമ്പും അരിയും കിലോയ്ക്ക് യഥാക്രമം രണ്ടു രൂപ നിരക്കിലും മൂന്നു രൂപ നിരക്കിലും  നല്‍കാനുള്ള വ്യവസ്ഥ നിയമത്തിലുണ്ട്. അത് നടപ്പാക്കിയില്ല. കുറഞ്ഞ വിലയ്ക്ക് റേഷന്‍സാധനങ്ങള്‍ ലഭ്യമാക്കുകയെന്ന ആനുകൂല്യത്തില്‍നിന്ന് കോടിക്കണക്കിന് കുടുംബങ്ങളെ ഒഴിവാക്കി. ഓരോ വ്യക്തിക്കും അഞ്ചു കിലോഗ്രാമെന്ന തോത് നിശ്ചയിച്ചത് അസംഖ്യം ബിപിഎല്‍ കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ്. മുമ്പ് അംഗസംഖ്യ കുറഞ്ഞവ ഉള്‍പ്പെടെ എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും ചുരുങ്ങിയത് 35 കിലോഗ്രാം ഭക്ഷ്യധാന്യമെങ്കിലും ലഭിക്കുന്നതിന് അര്‍ഹതയുണ്ടായിരുന്നു. വ്യക്തി അധിഷ്ഠിതമായി ക്വോട്ട നിശ്ചയിക്കുന്നതിനര്‍ഥം ഏഴ് അംഗങ്ങളില്‍ കുറവുള്ള കുടുംബങ്ങളുടെ റേഷന്‍ ക്വോട്ട ഗണ്യമായി വെട്ടിക്കുറയ്ക്കുമെന്നാണ്.

—ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഭക്ഷ്യസാധനവില പ്രതിസന്ധി പരിഹരിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതിലും സര്‍ക്കാര്‍ പരാജയമാണ്. പച്ചക്കറികളുടെയും പയര്‍വര്‍ഗങ്ങളുടെയും എണ്ണക്കുരുക്കളും കരിമ്പുംപോലെയുള്ള മറ്റ് സാധനങ്ങളുടെയും ഉല്‍പ്പാദനം, പുതിയ വിത്തിനങ്ങള്‍, സാങ്കേതികവിദ്യ, ഉല്‍പ്പാദനോപാധികളും, വെള്ളം കുറഞ്ഞ ചെലവില്‍ ലഭ്യമാക്കല്‍ എന്നിവ വര്‍ധിപ്പിക്കണം. പൊതുവിതരണ സംവിധാനത്തിനായി ഇവ ലഭ്യമാക്കുന്നതിന് കര്‍ഷകര്‍ക്ക് താങ്ങുവില നല്‍കി സംഭരിക്കുന്നതിനുള്ള സംവിധാനം സ്ഥാപിക്കണം. എന്നാല്‍,മോഡിസര്‍ക്കാരിന് ഇത്തരത്തിലുള്ള കാഴ്ചപ്പാടൊന്നുമില്ല.

ഇതാ കേരളം മാതൃകയാകുന്നു

കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍മൂലം രാജ്യത്തുടനീളം അവശ്യസാധനങ്ങളുടെ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍, കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന ചെറുത്തുനില്‍പ്പ് മാതൃകാപരമാണ്. അധികാരത്തിലെത്തി ഒരുമാസത്തിനുള്ളിലാണ് സര്‍ക്കാരിന്റെ ഈ ശ്രമം. പൊതുവിതരണ സംവിധാനത്തെ ശക്തിപ്പെടുത്താനുള്ള അടിയന്തരനടപടികള്‍ക്കായി 150 കോടി രൂപ വകയിരുത്തി. വില കുതിച്ചുയര്‍ന്ന പരിപ്പ് കുറഞ്ഞ വിലയ്ക്ക് ഉപഭോക്താവിന് നല്‍കാന്‍ നടപടിയെടുത്തു. കേരളത്തില്‍ വില നിയന്ത്രിക്കുന്നതിന് പരമാവധി ഇടപെടല്‍ സര്‍ക്കാര്‍ ആരംഭിച്ചു. പുറത്ത് കിലോഗ്രാമിന് 181 രൂപ വിലയുള്ള ഉഴുന്ന് മാവേലി സ്റ്റോറുകളിലൂടെ 66.13 രൂപയ്ക്ക് ലഭ്യമാക്കി. എല്ലാ അവശ്യ ഭക്ഷ്യസാധനങ്ങളും കേരളത്തില്‍ മാവേലിസ്റ്റോറുകളില്‍ നിയന്ത്രിതവിലയ്ക്ക് ലഭ്യമാണ്. പ്രത്യേകം റമദാന്‍ ചന്തകളും നടത്തി. സര്‍ക്കാര്‍ ആശുപത്രികളിലെ ഔഷധദൌര്‍ലഭ്യം പരിഹരിക്കാന്‍ ആവശ്യമായ മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാന്‍ പ്രത്യേക ഫണ്ട് വകയിരുത്തി. അങ്ങനെ കേരളത്തിലെ എല്‍ഡിഎഫ് മാതൃക, വിലവര്‍ധനയില്‍നിന്ന് ജനങ്ങള്‍ക്ക് ആശ്വാസമേകുന്നതിനുള്ള ബദല്‍നയങ്ങള്‍ പ്രയോഗത്തില്‍ വരുത്താമെന്ന് തെളിയിച്ചിരിക്കുന്നു. ഇന്ത്യയിലുടനീളം നടപ്പാക്കേണ്ട ഒരു മാതൃകയാണിത്.

വിലക്കയറ്റം തടയാന്‍

പെട്രോളിനും ഡീസലിനും മേലുള്ള എക്സൈസ് ഡ്യൂട്ടി കുറയ്ക്കുകയും പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുകയും ചെയ്താല്‍ അവശ്യസാധനങ്ങളുടെയടക്കം വിലക്കയറ്റം തടയാന്‍ കഴിയും. അവശ്യസാധനങ്ങള്‍ പൊതുവിതരണ സംവിധാനത്തില്‍ നിയന്ത്രിതവിലയ്ക്ക് ലഭിക്കുമെന്ന് ഉറപ്പുവരുത്തുകയും വേണം. പൊതുവിതരണ സമ്പ്രദായം സാര്‍വത്രികമായി നടപ്പാക്കുകയും അര്‍ഹരായവരെന്ന നിലയില്‍ തയ്യാറാക്കിയ തെറ്റായ പട്ടിക തിരുത്തുകയും വേണം. ഓരോ കുടുംബത്തിനും കുറഞ്ഞത് 35 കിലോഗ്രാം ഭക്ഷ്യധാന്യം നല്‍കാന്‍ കഴിയണം.
ഐസിഡിഎസിലെ കുട്ടികള്‍ക്കുള്ള ഭക്ഷണപരിപാടിക്കും പോഷകാഹാരത്തിനുമുള്ള ഫണ്ട് വര്‍ധിപ്പിക്കണം. ഔഷധവില നിയന്ത്രിക്കുകയും സര്‍ക്കാര്‍ ആശുപത്രികളിലൂടെയും ഫാര്‍മസികളിലൂടെയും കുറഞ്ഞ വിലയ്ക്ക് മരുന്നുകളുടെ വിതരണം ഉറപ്പുവരുത്തുകയും വേണം. അവശ്യ കാര്‍ഷികോല്‍പ്പന്നങ്ങളിലെ അവധിവ്യാപാരം നിരോധിക്കുകയും ചെയ്താല്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സാധിക്കും.

ചിറകൊടിഞ്ഞ സ്വപ്നങ്ങള്‍

വിലക്കയറ്റത്തിനൊപ്പം രാജ്യത്ത് തൊഴിലില്ലായ്മയും വര്‍ധിക്കുകയാണ്. കേന്ദ്രത്തില്‍ തുടര്‍ച്ചയായി വന്ന സര്‍ക്കാരുകള്‍ നടപ്പാക്കിയ തൊഴില്‍രഹിതവും തൊഴില്‍ ഇല്ലാതാക്കുന്നതുമായ നയങ്ങളുടെ ഫലമായി ഇപ്പോള്‍ രാജ്യത്ത് 20 കോടിയിലേറെ തൊഴില്‍രഹിതരോ മതിയായ തൊഴില്‍ ലഭ്യമല്ലാത്തവരോ ഉണ്ട്. 50 കോടിവരുന്ന തൊഴില്‍ശക്തിയിലേക്ക് ഇന്ത്യ പ്രതിവര്‍ഷം 1.3 കോടി ആളുകളെ കൂട്ടിച്ചേര്‍ത്തുകൊണ്ടിരിക്കുകയാണ്. ഈ പുതിയ തൊഴിലന്വേഷകരില്‍ യുവാക്കളും അഭ്യസ്തവിദ്യരും വര്‍ധിക്കുകയാണ്. തന്റെ സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍  പ്രതിവര്‍ഷം രണ്ടുകോടി തൊഴിലവസരം ഉണ്ടാക്കുമെന്നും തൊഴില്‍രഹിതര്‍ക്ക് 'നല്ല കാലം' വരുമെന്നുമായിരുന്നു മോഡിയുടെ പ്രധാന വാഗ്ദാനം. എന്നാല്‍, അത് പൊള്ളയായിരുന്നുവെന്ന് വ്യക്തമാകുന്നു.

ശൂന്യതയില്‍നിന്ന് തൊഴില്‍ സൃഷ്ടിക്കാനാകില്ലെന്ന വസ്തുതയാണ് മുന്നിലുള്ളത്. വ്യാവസായികോല്‍പ്പാദനവും നിര്‍മാണപ്രവര്‍ത്തനങ്ങളും വര്‍ധിപ്പിച്ചാല്‍മാത്രമേ തൊഴിലവസരം വര്‍ധിക്കൂ. അതിന് സര്‍ക്കാര്‍ വിവിധ മേഖലകളില്‍ നിക്ഷേപം നടത്തണം. എന്നാല്‍, അതിനെക്കുറിച്ചൊന്നും സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല.

നിയമനനിരോധം തുടര്‍ന്നുകൊണ്ടിരിക്കുന്നു. തൊഴില്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുപകരം തസ്തികകള്‍ ഇല്ലാതാക്കുന്നു. ഇപ്പോള്‍ 7,47,171 തസ്തിക ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകൃത തസ്തികകളുടെ 18 ശതമാനംവരും. മോഡി, ഭരണമേറ്റെടുത്തപ്പോള്‍ ഇന്ത്യന്‍ റെയില്‍വേയില്‍ 2,25,863 ഒഴിവുണ്ടായിരുന്നു. എന്നാല്‍, ആ സ്ഥിതിയില്‍ ഇപ്പോഴും ഒരു മാറ്റവുമില്ല. പട്ടികജാതി/വര്‍ഗ നിയമനകാര്യത്തിലുള്ള കുടിശ്ശിക ഉയര്‍ന്ന തോതില്‍തന്നെ തുടരുകയാണ്. സ്വകാര്യമേഖലയിലേക്ക് സംവരണം വ്യാപിപ്പിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

തൊഴിലവസരസൃഷ്ടിയുടെ പേരില്‍ ഇന്ത്യനും വിദേശിയുമായ കോര്‍പറേറ്റുകള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപിക്കുന്നതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഇളവ് നല്‍കുന്നു. ബാങ്ക് വായ്പ കുംഭകോണം ഇതിനൊരു ഉദാഹരണമാണ്. 2015 സെപ്തംബറില്‍ ബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 3.4 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം (പ്രത്യുല്‍പ്പാദനപരമല്ലാത്ത ആസ്തി) ഉണ്ടെന്നാണ്. ഇതില്‍ ഭൂരിഭാഗവും വിവിധ സ്വകാര്യകമ്പനികള്‍ക്ക് വ്യവസായ പ്ളാന്റുകളോ പശ്ചാത്തലസൌകര്യം ഒരുക്കുന്നതിനോ നല്‍കിയതാണ്. എന്നാല്‍, തൊഴിലവസരങ്ങള്‍ കൂടിയില്ല. പൊതുജനത്തിന് അവകാശപ്പെട്ട ഈ വന്‍തുക ആവിയായി പോയി.

2015 ഫെബ്രുവരിക്കും 2016 ഫെബ്രുവരിക്കും ഇടയില്‍ വ്യാവസായികോല്‍പ്പാദന സൂചികയില്‍ വെറും രണ്ട് ശതമാനത്തിന്റെ  വര്‍ധനയാണുണ്ടായത്. 2014 ഫെബ്രുവരി– 2015 ഫെബ്രുവരി വര്‍ഷത്തെ വളര്‍ച്ച 4.8 ശതമാനമായിരുന്നു. നിര്‍മാണമേഖല 0.7 ശതമാനം മാത്രമാണ് വളര്‍ന്നത്. മുന്‍വര്‍ഷം ഈ മേഖലയിലെ വളര്‍ച്ച 5.1 ശതമാനമായിരുന്നു.

രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോല്‍പ്പാദനം (ജിഡിപി) സംബന്ധിച്ച് പുതുതായി ഉണ്ടാക്കിയ കണക്കുപ്രകാരം– സ്ഥിതിവിവരക്കണക്കുകള്‍ക്കുവേണ്ടി സമയം പാഴാക്കുകയാണ് ഇക്കാര്യത്തില്‍ ഉണ്ടായതെന്ന പേരില്‍ നിരവധി വിമര്‍ശം ഉയര്‍ന്നു. ജിഡിപിയില്‍, നിക്ഷേപത്തില്‍, കയറ്റുമതിയില്‍, ഇറക്കുമതിയിലൊക്കെ സര്‍ക്കാരിന്റെ ചെലവഴിക്കലില്‍ കുറവുണ്ടായി. അതിനര്‍ഥം ജനങ്ങള്‍ക്ക് വാങ്ങല്‍ക്കഴിവും ആശ്വാസവും നല്‍കുന്ന ഗവണ്‍മെന്റ് ചെലവഴിക്കല്‍ കുറഞ്ഞുവെന്നും ചെറുകിടനിക്ഷേപവും ആഗോള വ്യവഹാരവും കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്നുമാണ്.
2016 മാര്‍ച്ചുവരെയുള്ള കണക്കുപ്രകാരം ക്രൂഡോയില്‍, പ്രകൃതിവാതകം, ഉരുക്ക് എന്നിവയുടെ  ഉല്‍പ്പാദനം കുറഞ്ഞു. ഉല്‍പ്പാദനം കുറഞ്ഞാല്‍ അല്ലെങ്കില്‍ അല്‍പ്പമാത്രമായി വളര്‍ന്നാല്‍ തൊഴിലവസരം വര്‍ധിക്കില്ല. കൂടുതല്‍പേര്‍ക്ക് തൊഴില്‍ കിട്ടുകയില്ല. വാസ്തവത്തില്‍ 2015ന്റെ അവസാന മൂന്നുമാസങ്ങളില്‍ തൊഴില്‍രംഗത്ത് നിഷേധവളര്‍ച്ചയാണുണ്ടായത്.

ലേബര്‍ ബ്യൂറോ നടത്തിയ സര്‍വേ വ്യക്തമാക്കുന്നത് തൊഴിലധിഷ്ഠിതങ്ങളായ നിരവധി വ്യവസായങ്ങളിലെ സ്ഥിതിയും ദയനീയമാണെന്നാണ്. എല്ലാ മൂന്നുമാസത്തിലൊരിക്കലും അവര്‍ എട്ട് വ്യവസായങ്ങളില്‍ എത്ര ജോലി വര്‍ധിച്ചു, കുറഞ്ഞു എന്നതുസംബന്ധിച്ച് സര്‍വേ നടത്തുന്നുണ്ട്. തുണിനിര്‍മാണം, തുകല്‍വ്യവസായം, ലോഹങ്ങള്‍, ഓട്ടോമൊബൈല്‍സ്, ജെംസ് ആന്‍ഡ് ജ്വല്ലറി, ട്രാന്‍സ്പോര്‍ട്ട്, ഐടിഇഎസ്/ബിപിഒ, കൈത്തറി/യന്ത്രത്തറി എന്നിവയാണ് ഈ എട്ട് വ്യവസായങ്ങള്‍. മോഡി അധികാരത്തില്‍ വന്ന 2014 മുതല്‍ 2015 ഒക്ടോബര്‍വരെയുള്ള 15 മാസക്കാലയളവിലുള്ള റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ 4.3 ലക്ഷം തൊഴിലുകള്‍മാത്രമാണ് പുതിയതായി കൂട്ടിച്ചേര്‍ത്തിട്ടുള്ളത്. 2009നുശേഷമുള്ള ഏറ്റവും താഴ്ന്നനിരക്കാണിത്. കൂടുതല്‍ തൊഴിലും പുത്തന്‍ ഐടി മേഖലയില്‍നിന്നും ബിപിഒ മേഖലയില്‍നിന്നുമാണ്. കൈത്തറി/ യന്ത്രത്തറി, ട്രാന്‍സ്പോര്‍ട്ട്, ജെംസ് ആന്‍ഡ് ജ്വല്ലറി, തുകല്‍ വ്യവസായങ്ങളില്‍ തൊഴില്‍ കുറഞ്ഞു.

ഇന്ത്യയിലെ മൂന്നില്‍രണ്ടു ഭാഗം ജനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കാര്‍ഷികമേഖലയിലെ വളര്‍ച്ച 1.1 ശതമാനം മാത്രമാണ്. കാര്‍ഷികരംഗത്തെ പ്രതിസന്ധിയും വരള്‍ച്ചയുംമൂലം ഗ്രാമീണരംഗത്തെ അസ്വാസ്ഥ്യം കൂടുതല്‍ വര്‍ധിച്ചു. ആശ്വാസമായ മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതിക്ക് ഗ്രാമീണ സമ്പന്ന ലോബിയുടെ സമ്മര്‍ദത്തിന് വഴങ്ങി മോഡിസര്‍ക്കാര്‍ ആവശ്യമായ ഫണ്ട് അനുവദിക്കുന്നുമില്ല. 100 ദിവസം തൊഴില്‍ ഉറപ്പുനല്‍കുന്ന പദ്ധതിയില്‍ ശരാശരി 48 തൊഴില്‍ദിനംമാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. 1.2 കോടി അപേക്ഷകര്‍ക്ക് (ഏതാണ്ട് 14 ശതമാനം) ഒരുവിധത്തിലുമുള്ള തൊഴിലുകളും നല്‍കിയിട്ടില്ല. ഗുജറാത്താണ് ഇക്കാര്യത്തില്‍ ഏറ്റവും മോശപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനം. ത്രിപുരയിലെ ഇടതുമുന്നണി സര്‍ക്കാര്‍ നല്ല പ്രകടനം കാഴ്ചവയ്ക്കുന്നു. ശരാശരി 95 ദിവസത്തെ തൊഴില്‍ അവിടെ 2015ലും 2016ലും നല്‍കി. ഈ ത്രിപുര മാതൃകയാണ് തൊഴിലുറപ്പുകാര്യത്തില്‍ ഇന്ത്യയിലാകെ നടപ്പാക്കേണ്ടത്.

സ്വകാര്യമേഖലാ നിക്ഷേപങ്ങളെ ആശ്രയിക്കുന്നതിനുപകരം കേന്ദ്രസര്‍ക്കാര്‍തന്നെ അതിന്റെ ചെലവുകള്‍ വര്‍ധിപ്പിച്ച് തൊഴിലവസര നിര്‍മിതിക്കായി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. എന്നാല്‍,മോഡിസര്‍ക്കാര്‍ അത് ചെയ്യുന്നില്ല. നിയമനനിരോധം അവസാനിപ്പിക്കുകയും എല്ലാ ഒഴിവുള്ള തസ്തികകളിലും നിയമനം നടത്തുകയും വേണം. പട്ടികജാതി/വര്‍ഗ നിയമന കുടിശ്ശിക നികത്തുകയും സ്വകാര്യമേഖലയില്‍ അവര്‍ക്ക് സംവരണം ഉറപ്പാക്കുകയും വേണം. ഗ്രാമീണ തൊഴിലുറപ്പുപദ്ധതിപോലെ നഗരങ്ങള്‍ക്കും ബാധകമായ തൊഴിലുറപ്പുപദ്ധതി കൊണ്ടുവരണം. നിയമം നടപ്പാക്കുന്നതിന് കഴിയുന്നവിധം തൊഴിലുറപ്പുപദ്ധതിക്ക് പണം നീക്കിവയ്ക്കണമെന്നുമാണ് ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍.

No comments:

Post a Comment