Saturday, July 30, 2016

ബാങ്കിങ് പണിമുടക്ക് ഒരു മുന്നറിയിപ്പ്

ബാങ്കിങ് സേവനം സാധാരണക്കാര്‍ക്ക് അപ്രാപ്യമാക്കുന്ന തലതിരിഞ്ഞ പരിഷ്കരണനടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന ദേശീയ പണിമുടക്ക് മോഡി സര്‍ക്കാരിന്റെ കോര്‍പറേറ്റ് അനൂകൂലനയങ്ങള്‍ക്കെതിരായ ശക്തമായ മുന്നറിയിപ്പായി. രാജ്യത്തെമ്പാടുമുള്ള പത്തുലക്ഷത്തോളം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും പങ്കെടുത്ത പണിമുടക്കില്‍ ധനമേഖല പൂര്‍ണമായും സ്തംഭിച്ചു. നാല്‍പ്പത് പൊതു– സ്വകാര്യ വാണിജ്യ ബാങ്കുകളിലെ ഒമ്പത് യൂണിയനുകളുടെ പൊതുവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തില്‍ നടന്ന പണിമുടക്കില്‍ പ്രകടമായ ഐക്യം ജനപക്ഷ പോരാട്ടങ്ങളുടെ വിജയത്തിലേക്കുള്ള ദിശാസൂചകമായി. ത്രിദിന പണിമുടക്കില്‍നിന്ന് താല്‍ക്കാലികമായി പിന്മാറിയ ഗ്രാമീണ ബാങ്ക് ജീവനക്കാരും ദേശീയ പണിമുടക്കില്‍ പങ്കാളികളായി. ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണനീക്കം അവസാനിപ്പിക്കുക, വന്‍കിട കോര്‍പറേറ്റുകളുടെ കിട്ടാക്കടം പിരിച്ചെടുക്കുക, അനുബന്ധ ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പണിമുടക്ക്.

ഇന്റര്‍നെറ്റ്, എടിഎം വഴി പ്രഥമിക വ്യക്തിഗത ഇടപാടുകള്‍ക്ക് സൌകര്യം ലഭിച്ചെങ്കിലും ബാങ്ക് സ്തംഭനം രാജ്യത്തെ സാമ്പത്തികമേഖലയ്ക്ക് ഏല്‍പ്പിച്ച ആഘാതം ചെറുതല്ല. സഹസ്രകോടികളുടെ നഷ്ടമാണ് വാണിജ്യമേഖലയില്‍ സംഭവിച്ചതെന്ന് ഈ രംഗത്തുള്ള സംഘടനകള്‍ കണക്കുകൂട്ടുന്നു. അടിസ്ഥാന നയസമീപനങ്ങളില്‍നിന്ന് വ്യതിചലിച്ച് സ്വകാര്യ കുത്തകകളുടെ സേവകരായി മാറുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനെതിരായ ചെറുത്തുനില്‍പ്പ് ഉയരുമ്പോള്‍മാത്രമാണ് ഇവര്‍ നഷ്ടക്കണക്കുമായി രംഗപ്രവേശം ചെയ്യുന്നത്്. സ്വകാര്യവല്‍ക്കരണത്തിലൂടെ സേവനതുറകളിലും ജനങ്ങളുടെ ജീവിതത്തിലും സംഭവിക്കുന്ന നഷ്ടങ്ങള്‍ക്ക് ഇവരുടെ കണക്കുപുസ്തകത്തില്‍ ഇടമില്ല. ദീര്‍ഘകാലമായി തുടരുന്ന ജനവിരുദ്ധവും തൊഴിലാളിവിരുദ്ധവുമായ നയങ്ങളിലൂടെ ബാങ്കിങ് രംഗത്ത് പണിമുടക്ക്് അനിവാര്യമാക്കിയ ഭരണാധികാരികളാണ് ഈ നഷ്ടത്തിന് ഉത്തരവാദികള്‍.

മഹത്തായ പാരമ്പര്യമുള്ളതാണ് ഇന്ത്യയുടെ ബാങ്കിങ് മേഖല.  ബാങ്കുകളുടെ ദേശസാല്‍ക്കരണം ഭരണഘടനയിലെ സോഷ്യലിസ്റ്റ് കാഴ്ചപ്പാടിന് അടിവരയിടുന്ന സുപ്രധാന ചുവടുവയ്പായിരുന്നു. 1969ല്‍ 14 ബാങ്കും 1980ല്‍ ആറ് ബാങ്കും ദേശസാല്‍ക്കരിച്ച് ധനമാനേജുമെന്റിന്റെ നിയന്ത്രണം പൊതുമേഖലയിലാക്കി. ഭരണവര്‍ഗ താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനിടയിലും ബാങ്ക് ദേശസാല്‍ക്കരണത്തിനായി കടുത്ത എതിര്‍പ്പുകള്‍ നേരിട്ടും നിലയുറപ്പിച്ച അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ നിശ്ചയദാര്‍ഢ്യം ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു. 1975ല്‍ രൂപംകൊണ്ട പ്രാദേശിക ഗ്രാമീണ ബാങ്കുകളും തദ്ദേശീയ വായ്പ– സമ്പാദ്യരംഗത്തെ പ്രധാന കണ്ണികളായി വളര്‍ന്നു. സമ്പദ്വ്യവസ്ഥയ്ക്ക് പൊതുവില്‍ നല്‍കിയ പിന്‍ബലത്തിലുപരി ഗ്രാമീണര്‍ക്കും കര്‍ഷകര്‍ക്കും വായ്പാസൌകര്യം എത്തിക്കാനായി എന്നതായിരുന്നു ബാങ്ക് ദേശസാല്‍ക്കരണത്തിന്റെ ജനകീയമുഖം.

തൊണ്ണൂറുകളിലെ ആഗോളവല്‍ക്കരണ–ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളുടെ ചുവടുപിടിച്ചാണ് പൊതുമേഖലാ ബാങ്കുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കം ആരംഭിച്ചത്. പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കലായിരുന്നു ആദ്യ നടപടി. ഇതിനിടയില്‍ സാമ്രാജ്യത്വലോകത്ത് പൊട്ടിപ്പുറപ്പെട്ട സാമ്പത്തികക്കുഴപ്പത്തില്‍ ഭീമന്‍ബാങ്കുകള്‍ പലതും കുമിളകള്‍പോലെ പൊട്ടിത്തകര്‍ന്നു. തകര്‍ന്ന ബാങ്കുകളെ കരകയറ്റാന്‍ മുതലാളിത്തരാജ്യങ്ങളിലെ സര്‍ക്കാരുകള്‍തന്നെ കോടിക്കണക്കിന് ഡോളറിന്റെ പാക്കേജുകള്‍ പ്രഖ്യാപിച്ചു. ഖജനാവിലെ പണം വന്‍തോതില്‍ ബാങ്കുകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ പമ്പ് ചെയ്തെങ്കിലും പല ബാങ്കുകളെയും നിലനിര്‍ത്താനായില്ല. ഈ ആഗോള പ്രതിസന്ധിക്കുമുന്നില്‍ പിടിച്ചുനിന്നത് ഇന്ത്യയിലെ ബാങ്കുകള്‍ മാത്രമാണ്. ലോകസാമ്പത്തികക്കുഴപ്പത്തിന്റെ അലകള്‍ ഇന്ത്യയിലേക്ക് വീശിയടിക്കുന്നതിന് തടയിടാനും ഇതുവഴി സാധിച്ചു. ബാങ്കിങ് ദേശസാല്‍ക്കരത്തിന്റെ മേന്മ ഇന്ത്യന്‍ജനത ഏറ്റവും കൂടുതല്‍ അനുഭവിച്ച സന്ദര്‍ഭമായിരുന്നു അത്. ഈ ചരിത്രപാഠങ്ങളെല്ലാം വിസ്മരിച്ചാണ് മുന്‍ യുപിഎ സര്‍ക്കാരിന്റെ ബാങ്കിങ് സ്വകാര്യവല്‍ക്കരണനടപടികള്‍ മോഡി ശക്തമായി മുന്നോട്ടുകൊണ്ടു പോകുന്നത്.

ബാങ്കിങ് – ഇന്‍ഷുറന്‍സ് മേഖലകളില്‍ വിദേശമൂലധനത്തിന് പരവതാനി വിരിക്കുകയും ഇന്ത്യന്‍ കുത്തകകള്‍ക്ക് ധനമേഖലയില്‍ പിടിമുറുക്കാന്‍ അവസരം ഒരുക്കുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമാണ് അസോസിയറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള നീക്കവും. ലയിച്ച് വലിയ ബാങ്കുകളായാല്‍ അന്താരാഷ്ട്ര ബാങ്കുകളുമായി മത്സരിക്കാമെന്ന വാദം, വിദേശ ബാങ്കുകള്‍ക്ക് നിയന്ത്രണരഹിതമായി വാതില്‍ തുറന്നുകൊടുക്കാനുള്ള മുന്‍കൂര്‍ ജാമ്യം മാത്രം.  സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉള്‍പ്പടെയുള്ള അഞ്ച് അസോസിയറ്റ് ബാങ്കുകളെ ഇല്ലാതാക്കാനുള്ള തീരുമാനം കടുത്ത എതിര്‍പ്പുകളെ അവഗണിച്ചു മുന്നോട്ടുകൊണ്ടുപോകുകയാണ്. അതത് സംസ്ഥാനങ്ങളിലെ സമ്പാദ്യ –നിക്ഷേപ– വായ്പാക്രമങ്ങള്‍ രൂപപ്പെടുത്തുന്നതിലും വികസിപ്പിക്കുന്നതിലും സുപ്രധാന പങ്കുവഹിച്ച അസോസിയറ്റ് ബാങ്കുകള്‍ ഇല്ലാതാകുന്നതോടെ ബാങ്കിങ് രംഗത്തെ കുത്തകവല്‍ക്കരണം രൂക്ഷമാകും. എസ്ബിടി ഇല്ലാതായാല്‍ കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന സങ്കല്‍പ്പംതന്നെയാണ് നഷ്ടമാകുന്നത്. നമ്മുടെ ഗ്രാമീണ സമ്പാദ്യം ഊറ്റിയെടുത്ത് മെട്രോപൊളിറ്റന്‍ നഗരങ്ങളിലേക്കും അന്താരാഷ്ട്ര ധനമൂലധന മാര്‍ക്കറ്റിലേക്കും ഒഴുക്കുകയെന്നതാകും ഇതിന്റെ ഫലം. ഈ നീക്കത്തിനെതിരെ രാജ്യത്താകമാനം ഉയരുന്ന പ്രതിരോധം കണ്ടില്ലെന്നുനടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ബാങ്ക് ലയനത്തിനെതിരെ ജീവനക്കാര്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്കൊപ്പം പൊതുസമൂഹവും കൈകോര്‍ക്കുന്നുണ്ട്. എസ്ബിടി ലയനത്തിനെതിരെ കേരള നിയമസഭ പ്രമേയം അംഗീകരിച്ചത് ഈ പശ്ചാത്തലത്തിലാണ്.

സമ്പന്നവര്‍ഗതാല്‍പ്പര്യങ്ങള്‍ക്ക് അനുകൂലമായ ഭരണനടപടികള്‍ക്കെതിരെ ഇന്ത്യന്‍ തൊഴിലാളിവര്‍ഗം നടത്തുന്ന പോരാട്ടങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുകയാണ്. ഉദാരവല്‍ക്കരണം ശക്തിപ്പെട്ടശേഷം നടന്ന ദേശീയ പണിമുടക്കുകളില്‍ ഓരോന്നിലും അണിനിരക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. സെപ്തംബര്‍ രണ്ടിന് പ്രഖ്യാപിച്ച പൊതുപണിമുടക്കിനുള്ള തയ്യാറെടുപ്പുകള്‍ രാജ്യത്തെമ്പാടും നടക്കുന്നു. കൂടുതല്‍ കരുത്താര്‍ന്ന ഐക്യനിര തൊഴിലാളി–കര്‍ഷക–സേവന മേഖലകളില്‍ രൂപപ്പെടുന്നതിന്റെ വ്യക്തമായ സൂചനയാണ് ദേശീയ ബാങ്ക് പണിമുടക്കിന്റെ വന്‍വിജയത്തില്‍ ദൃശ്യമാകുന്നത്. സുപ്രധാനമായ ഈ പണിമുടക്കില്‍ പങ്കെടുത്ത മുഴുവന്‍ ബാങ്ക് ജീവനക്കാരെയും ഞങ്ങള്‍ അഭിവാദ്യംചെയ്യുന്നു

Deshabhimani Editorial, Saturday Jul 30, 2016

Read more: http://www.deshabhimani.com/editorial/news-editorial-30-07-2016/578681

No comments:

Post a Comment