Thursday, February 2, 2017

ഇതാ, പെണ്‍പോരാട്ടത്തിന്റെ ചരിത്രഗാഥകള്‍

കൊച്ചി > സമരങ്ങളുടെ തീച്ചൂടുള്ള പെണ്‍കഥകളുണ്ട് ചരിത്രവഴികളില്‍. അപമാനപ്പെടുത്തലില്‍ തകര്‍ന്നുപോകാതെ പ്രതിഷേധത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടിയവരുടെ വിജയകഥ. മാന്യമായി വസ്ത്രംധരിക്കാന്‍, പെണ്ണുടലിന് കരം ചോദിച്ചവരെ ധിക്കരിക്കാന്‍, പഠിക്കാന്‍, പണിയെടുക്കാന്‍, വെള്ളംകുടിക്കാന്‍വരെ സമരങ്ങള്‍ നയിച്ച പെണ്ണുങ്ങളുടെ മണ്ണ്. ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനനഗരിയിലെ ചരിത്രപ്രദര്‍ശനത്തിലേക്ക് വരിക. പെണ്‍പോരാട്ടങ്ങളുടെ പഴയ ഗാഥകളില്‍നിന്ന് പുതുസമരങ്ങള്‍ക്ക് ഊര്‍ജം നിറയ്ക്കാം.

പത്തൊമ്പതാം നൂറ്റാണ്ടില്‍ കേരളത്തെ അടക്കിവാണ ജാതി-ജന്മിത്വ വാഴ്ചയുടെ, അവയ്ക്കെതിരെ നടന്ന ശക്തമായ പ്രതിഷേധങ്ങളുടെ ഓര്‍മപ്പെടുത്തലുണ്ട് ചരിത്രപ്രദര്‍ശനത്തില്‍. ദിവസങ്ങളോ മാസങ്ങളോ അല്ല, 30 വര്‍ഷം നീണ്ട പോരാട്ടചരിത്രമുണ്ട് മാറുമറയ്ക്കല്‍ സമരത്തിന്. 1829ല്‍ അയ്യാ വൈകുണ്ഠം നേതൃത്വംനല്‍കിയ സമരം വിജയംകണ്ടത് 1859ല്‍. വിളംബരത്തില്‍ തുല്യംചാര്‍ത്തിയ മാര്‍ത്താണ്ഡവര്‍മ ക്രിസ്ത്യാനികളെയോ മുക്കുവത്തികളെയോപോലെ മേല്‍വസ്ത്രം ധരിക്കാന്‍ അവര്‍ണ സ്ത്രീകള്‍ക്ക് അവകാശം നല്‍കിയപ്പോള്‍ അതൊരിക്കലും ഉയര്‍ന്ന ജാതിക്കാരുടേതുപോലെയാകരുതെന്നു പറയാനും മറന്നില്ല. പൌരാവകാശ പോരാട്ടത്തിന്റെ ആദ്യ വിജയമായിരുന്നു അതെന്ന് പ്രദര്‍ശനം അടിവരയിടുന്നു.

അവര്‍ണസ്ത്രീകള്‍ നല്‍കേണ്ട മുലക്കരത്തില്‍ പ്രതിഷേധിച്ച് ഉദ്യോഗസ്ഥന് മുലയറുത്തുകൊടുത്ത ചേര്‍ത്തലയിലെ ഈഴവ യുവതി നങ്ങേലിയുടെ കഥയുണ്ട് ഈ ചരിത്രച്ചുവരില്‍. പന്തളം ചന്തയില്‍ മൂക്കുത്തി ധരിച്ചെത്തിയ ഈഴവയുവതിയുടെ മൂക്കറുത്ത ജന്മികള്‍ക്കെതിരെ മൂക്കുത്തി ധരിച്ച സ്ത്രീകളെ ചന്തയില്‍ കൊണ്ടുവന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരെയും ഇവിടെ കാണാം. കണങ്കാല്‍വരെ നീളുന്ന അച്ചിപ്പുടവ ധരിച്ച കായംകുളത്തെ ഈഴവ യുവതിയുടെ പുടവ പരസ്യമായി ഊരിയെറിഞ്ഞപ്പോള്‍ കേരളം ആദ്യ സ്ത്രീജാഥ കണ്ടു.
രേഖപ്പെടുത്തിയതും അല്ലാത്തതുമായ പ്രതിഷേധങ്ങളുടെയും പ്രതികരണങ്ങളുടെയും ആകെത്തുകയാണ് ഇന്നത്തെ കേരളമെന്ന് പ്രദര്‍ശനം വ്യക്തമാക്കുന്നു.

 http://www.deshabhimani.com/special/dyfi/621094

No comments:

Post a Comment